Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ബട്‌ലര്‍, ബോള്‍ട്ട്, അശ്വിന്‍; സീനിയേഴ്‌സിനെ എങ്ങനെ മെരുക്കുന്നു? തുറന്ന് പറഞ്ഞ് സഞ്ജു

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ തുടര്‍ച്ചയായി നാലാം സീസണില്‍ നയിക്കാനൊരുങ്ങുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. 2021ല്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിനു പകരം റോയല്‍സിന്റെ നായകസ്ഥാനത്തേക്കു വന്ന അദ്ദേഹം പിന്നീട് ക്യാപ്റ്റനെന്ന നിലയില്‍ ടീമിനെ മികച്ച രീതിയില്‍ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുകയാണ്. 2022ല്‍ റോയല്‍സിനെ ഫൈനല്‍ വരെയെത്തിക്കാനും സഞ്ജുവിനായിരുന്നു. 2008ലെ പ്രഥമ സീസണില്‍ ചാംപ്യന്‍മാരായതിനു ശേഷമുള്ള റോയല്‍സിന്റെ ആദ്യ ഫൈനലും കൂടിയായിരുന്നു ഇത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജുവിനേക്കാള്‍ അനുഭവസമ്പത്തുള്ള ചില സീനിയര്‍ കളിക്കാര്‍ റോയല്‍സിലുണ്ട്. ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലര്‍, ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്‍റ് ബോള്‍ട്ട്, ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ എന്നിവരാണ് റോയല്‍സിലെ സീനിയര്‍ കളിക്കാര്‍. ഇവരെയെല്ലാം ഒറ്റക്കെട്ടായി എങ്ങനെയാണ് മികച്ച രീതിയില്‍ മുന്നോട്ടു നയിക്കുന്നതെന്നു സഞ്ജു തുറന്നു പറഞ്ഞിരിക്കുകയാണ്.

SANJU- BUTTLER

റോയല്‍സ് ടീമിലെ വ്യത്യസ്ത കളിക്കാരുമായി വ്യത്യസ്ത തരത്തിലുള്ള ബന്ധമാണ് തനിക്കുള്ളതെന്നു സഞ്ജു വ്യക്തമാക്കി. ജോസ് (ജോസ് ബട്‌ലര്‍) എനിക്കൊരു മൂത്ത സഹോദരനെപ്പോലെയാണ്. ആഷ് ഭായിക്കൊപ്പവും (ആര്‍ അശ്വിന്‍) ഇതേ രീതിയിലുള്ള ബന്ധം തന്നെയാണുള്ളത്. പക്ഷെ ഹെറ്റിക്കൊപ്പം (ഷിംറോണ്‍ ഹെറ്റ്‌മെയര്‍) ഒരു സുഹൃത്തിനോടെന്ന പോലെയുള്ള അടുപ്പമാണുള്ളതെന്നും സഞ്ജു പറയുന്നു.

ഞങ്ങളുടെ ടീമില്‍ നല്ല ചില ബന്ധങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ എനിക്കു കഴിഞ്ഞത് ഭാഗ്യമായിട്ടാണ് കാണുന്നത്. കളിക്കാരുമായുള്ള നല്ല ബന്ധങ്ങള്‍ ക്യാപ്റ്റനെന്ന നിലയില്‍ എന്നെ ഒരുപാട് സഹായിക്കുകയും ചെയ്യാറുണ്ട്. അവരുമായുള്ള സൗഹൃദം ഞാന്‍ വളരെയധികം ആസ്വദിക്കുകയും ചെയ്യുന്നു. പക്ഷെ ഗ്രൗണ്ടിലിറങ്ങിയാല്‍ എല്ലാവരും ഒരുപോലെയാണെന്നാണ് ഞാന്‍ കരുതുന്നത്. അവിടെ വലുപ്പചെറുപ്പമില്ലെന്നും വിശ്വസിക്കുന്നു.

എങ്ങനെയാണോ അവരെ കൈകാര്യം ചെയ്യേണ്ടത് അതേ രീതിയില്‍ തന്നെ നമ്മള്‍ അതു ചെയ്യേണ്ടതുണ്ട്. അതിനു സാധിച്ചാല്‍ എല്ലാം വളരെ സാധാരണ നിലയിലാവുകയും ചെയ്യുന്നു. വ്യത്യസ്ത താരങ്ങളോട് വ്യത്യസ്ത രീതിയില്‍ സംസാരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.

SANJU- SANGAKKARA

ഞാന്‍ വിശ്വസിക്കുന്നത് ഇക്കാര്യത്തിലാണ്. ചില സമയങ്ങളില്‍ നിങ്ങള്‍ക്കു അല്‍പ്പം പരുക്കനാവേണ്ടതായി വരും. ഐപിഎല്‍ പോലെയൊരു ടൂര്‍ണമെന്‍റില്‍ ടീമിനെ നയിക്കുമ്പോള്‍ നിങ്ങള്‍ സ്വന്തം റോള്‍ ശരിയായി നിര്‍വഹിക്കേണ്ടതുണ്ട്. ചില തീരുമാനങ്ങള്‍ നിങ്ങള്‍ക്കു എടുക്കേണ്ടതായി വരുമ്പോള്‍ നിങ്ങള്‍ക്കു സ്വയം തന്നില്‍ത്തന്നെ ആത്മവിശ്വാസം ആവശ്യമാണ്.

നിങ്ങള്‍ക്കു അതുണ്ടെങ്കില്‍ എല്ലാം വളരെ സാധാരണ രീതിയിലാവുകയും ചെയ്യും. ഐപിഎല്ലില്‍ ഞാന്‍ ഇവിടെ ഒരുപാട് മല്‍സരങ്ങളില്‍ കളിക്കുകയും പെര്‍ഫോം ചെയ്യുകയും ചെയ്തിട്ടുള്ളയാളാണ്. അതുകൊണ്ടു തന്നെ എനിക്കു അതു സാധിക്കുമെന്ന ആത്മവിശ്വാസം സ്വയമുണ്ട്. ഇതു ക്യാപ്റ്റന്‍സിയില്‍ വളരെയധികം സഹായിക്കുകയും ചെയ്യുന്നു.

ഈ പറഞ്ഞ എല്ലാ കൂടി ഒരുമിച്ച് ചേര്‍ന്നതാണ് ക്യാപ്റ്റന്‍സിയെന്നത്. ആഷ് ഭായിയെ (അശ്വിന്‍) പോലെയൊരു ഇതിഹാസത്തോടു ഒരു കാര്യം ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ എന്താണ് ഞാന്‍ ഉദ്ദേശിക്കുന്നതെന്നു അദ്ദേഹത്തെ വിശ്വസിപ്പിക്കാന്‍ സാധിക്കേണ്ടതുണ്ട്. എന്നെപ്പോലെയൊരു യുവതാരത്തിനു ഇതുപോലെയൊരു ഐപിഎല്‍ ടീമിനെ നയിക്കണമെങ്കില്‍ ആശയവിനിമയവും സുതാര്യതയും വളരെ പ്രധാനമാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, March 5, 2024, 9:23 [IST]
Other articles published on Mar 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+