രാജസ്ഥാന്‍ റോയല്‍സിനൊപ്പം വീണ്ടുമൊരു ഐപിഎല്‍ ഫൈനല്‍ സ്വപ്‌നം കാണുന്ന നായകന്‍ സഞ്ജു സാസണ്‍ തന്റെ ക്യാപ്റ്റന്‍സി വിജയത്തിനു പിന്നിലെ രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ്. നിലവില്‍ റോയല്‍സ് ക്യാപ്റ്റന്‍മാരില്‍ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം നില്‍ക്കുകയാണ് അദ്ദേഹം. 60 മല്‍സരങ്ങളില്‍ 31 വിജയങ്ങളാണ് റോയല്‍സിനു സഞ്ജു സമ്മാനിച്ചത്.
55 മല്‍സരങ്ങളില്‍ നിന്നും ഇത്ര തന്നെ ജയമുള്ള മുന്‍ ഇതിഹാസ നായകന്‍ ഷെയ്ന്‍ വോണിനോടൊപ്പമാണ് അദ്ദേഹം. രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിക്കാനായാല്‍ വോണിന്റെ റെക്കോര്‍ഡ് തകര്‍ത്ത് റോയല്‍സ് നായകരിലെ കിങായി സഞ്ജു മാറും. തന്റെ ക്യാപ്റ്റന്‍സിക്കു പിന്നിലെ രഹസ്യത്തെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുകയാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു മലയാളികളുടെ പ്രിയതാരം.

സ്വയം മാറിക്കൊണ്ടിരിക്കുന്ന ക്യാപ്റ്റനെന്നാണ് ഞാന്‍ എന്നെക്കുറിച്ച് പറയുക. ഞാന്‍ എല്ലായ്‌പ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ കാര്യങ്ങളിലേക്കു ഞാന്‍ എല്ലായ്‌പ്പോഴും മാറാന്‍ ശ്രമിക്കുന്നു. എന്റെ ടീമിനു എന്താണോ ആവശ്യം അതു മനസ്സിലാക്കി ഞാന്‍ മാറിക്കൊണ്ടേയിരിക്കുന്നു. രാജസ്ഥാന്‍ റോയല്‍സിനെ 50ന് മുകളില്‍ മല്‍സരങ്ങളില്‍ ഞാന്‍ ഇതിനകം നയിച്ചുകഴിഞ്ഞു. ഇതു ക്യാപ്റ്റനെന്ന നിലയില്‍ എനിക്കു വലിയ അനുഭവസമ്പത്തും നല്‍കുന്നു.
ആളുകളുടെ സ്വഭാവത്തെക്കുറിച്ചു നന്നായി മനസ്സിലാക്കാനും എനിക്കു സാധിക്കുന്നു. ക്രിക്കറ്റിങ് സ്വഭാവത്തെക്കുറിച്ചും മനസ്സിലാക്കാന്‍ എനിക്കു കഴിയുന്നു. കളിക്കാരുടെ ഫോം, വ്യത്യസ്ത തരത്തിലുള്ള വ്യക്തികളെ കൈകാര്യം ചെയ്യല്‍, കളിയിലെ വ്യത്യസ്ത സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കല്‍ എന്നിവയെല്ലാം ഇതില്‍പ്പെടുമെന്നും സഞ്ജു വ്യക്തമാക്കി.
ഒരു മല്‍സരം വിജയിക്കുന്നത് അവസാനത്തെ ബോളിലല്ല, കളിയുടെ വ്യത്യസ്ത ഘട്ടങ്ങളിലാണ് അതു സംഭവിക്കുന്നത്. ഇപ്പോള്‍ ഞാനൊരു യഥാര്‍ഥ, തീര്‍ത്തും ഫ്രീയായിട്ടുള്ള ഒരു ക്യാപ്റ്റനാവാന്‍ ആഗ്രഹിക്കുന്നു. പുറത്തുള്ള ക്യാമറകളൊന്നും എന്നെ അസ്വസ്ഥമാക്കാറില്ല.
ഞാന്‍ സ്വയം ഞാനായി തന്നെയിരിക്കാനാണ് ആഗ്രഹിക്കുന്നത്. ടീമംഗങ്ങളെക്കുറിച്ച് ഞാന്‍ എല്ലായ്‌പ്പോഴും ചിന്തിക്കുന്നു. ടീമിനു വേണ്ടി തങ്ങളുടെ ശരീരവും മറ്റുള്ള എല്ലാം സമര്‍പ്പിക്കുകയും ചെയ്യുന്നവരാണ് അവര്‍. അതുകൊണ്ടു തന്നെ ഞാനും പിറകിലേക്കു പോവാതിരിക്കാന്‍ പാടില്ലെന്നും ടീമിനു വേണ്ടി എല്ലാം നല്‍കേണ്ടതുണ്ടെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
റോയല്‍സ് ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജുവിന്റെ നാലാമത്തെ സീസണ്‍ ആണിത്. 2021ലെ സീസണിനു മുമ്പാണ് സ്റ്റീവന്‍ സ്മിത്തിന്റെ പകരക്കാരനായി തങ്ങള്‍ക്കു ഏറ്റവും വിശ്വസ്തനായ സഞ്ജുവിനെ ക്യാപ്റ്റനായി റോയല്‍സ് നിയമിച്ചത്. ക്യാപ്റ്റനായുള്ള കന്നി സീസണ്‍ പക്ഷെ അത്ര മികച്ചതായിരുന്നില്ല. പ്ലേഓഫ് കാണാതെ ടീം പുറത്താവുകയായിരുന്നു. എന്നാല്‍ 2022ല്‍ ഗംഭീര തിരിച്ചുവരവാണ് റോയല്‍സ് നടത്തിയത്.

സഞ്ജുവിനു കീഴില്‍ വിജയക്കുതിപ്പ് നടത്തിയ അവര്‍ ഫൈനല്‍ വരെയെത്തി. പക്ഷെ കലാശക്കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ സീസണ്‍ റോയല്‍സിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. നേരിയ വ്യത്യാസത്തില്‍ അവര്‍ക്കു പ്ലേഓഫ് നഷ്ടമായി. ഒരു ജയം മാത്രമകലെയായിരുന്നു ഇത്. പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് റോയല്‍സ് ഫിനിഷ് ചെയ്തത്.
ഈ സീസണില്‍ തുടക്കം മുതല്‍ ഇതിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രകടനമാണ് സഞ്ജുവും സംഘവും പുറത്തെടുത്തത്. 14 മല്‍സരങ്ങളില്‍ നിന്നും 17 പോയിന്റുമായി മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് അവര്‍ പ്ലേഓഫിലേക്കു ടിക്കറ്റ് വാങ്ങി. എലിമിനേറ്ററില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നാലു വിക്കറ്റിനും തകര്‍ത്തുവിടാന്‍ റോയല്‍സിനായിരുന്നു.