ചെന്നൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ തോറ്റ് ഫൈനല്‍ കാണാതെ പുറത്തായതിന്റെ നിരാശയിലാണ് രാജസ്ഥാന്‍ റോയല്‍സ് ടീം. ചെപ്പോക്കില്‍ നടന്ന പോരാട്ടത്തില്‍ ശക്തമായ ബാറ്റിങ് ലൈനപ്പുള്ള എസ്ആര്‍എച്ചിനെ 175 റണ്‍സിലൊതുക്കിയപ്പോള്‍ റോയല്‍സ് വിജയം മണത്തിരുന്നു. പക്ഷെ ഇതു ചേസ് ചെയ്യാന്‍ റോയല്‍സിനായില്ല. ഏഴു വിക്കറ്റിനു 139 റണ്‍സെടുത്ത് റോയല്‍സ് മല്‍സരം അടിയറവയ്ക്കുകയായിരുന്നു.
ഈ മല്‍സരത്തില്‍ റോയല്‍സ് ടീമിനു എവിടെയാണ് പിഴച്ചതെന്നും ഒരു കാര്യം ചെയ്തിരുന്നെങ്കില്‍ ഫലം മറ്റൊന്ന് ആവുമായിരുന്നെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു വലിയ മല്‍സരം തന്നെയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഞങ്ങള്‍ ബൗള്‍ ചെയ്ത രീതിയില്‍ എനിക്കു അതിയായ അഭിമാനമുണ്ട്. പക്ഷെ എസ്ആര്‍എച്ചിന്റെ സ്പിന്‍ ആക്രമണത്തിനെതിരേ ഞങ്ങളുടെ പക്കല്‍ ഓപ്ഷനുകള്‍ കുറവായിരുന്നു. ഇവിടെയാണ് മല്‍സരം തോറ്റതെന്നും സഞ്ജു വ്യക്തമാക്കി.

എപ്പോഴായിരുന്നു മല്‍സരത്തില്‍ ഞങ്ങള്‍ മഞ്ഞുവീഴ്ച പ്രതീക്ഷിച്ചതെന്നു ഊഹിച്ചെടുക്കുക കഠിനമാണ്. രണ്ടാമിന്നിങ്‌സില്‍ വിക്കറ്റ് വളരെ വ്യത്യസ്തമായാണ് പെരുമാറിയത്. ബോള്‍ അല്‍പ്പം ടേണ്‍ ചെയ്യുന്നുണ്ടായിരുന്നു, അവര്‍ ഈ ആനുകൂല്യം നന്നായി മുതലാക്കുകയും ചെയ്തു.
മധ്യ ഓവറുകളില്‍ ഞങ്ങളുടെ വലംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരേ അവരുടെ സ്പിന്നര്‍മാര്‍ നന്നായി പന്തെറിഞ്ഞു. അവിടെയാണ് അവര്‍ ഞങ്ങള്‍ക്കു മുകളില്‍ പോയത്. ബോള്‍ സ്റ്റോപ്പ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഇടംകൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരേ ഞങ്ങള്‍ക്കു റിവേഴ്‌സ് സ്വീപ്പ് കളിച്ചു നോക്കാമായിരുന്നു. അല്ലെങ്കില്‍ ക്രീസിനെ കുറേക്കൂടി ഉപയോഗിച്ച് ഷോട്ടുകള്‍ കളിക്കാമായിരുന്നു. പക്ഷെ അതിനു ഞങ്ങള്‍ക്കു സാധിച്ചില്ല. വളരെ മികച്ച ബൗളിങാണ് അവര്‍ കാഴ്ചവച്ചതെന്നും സഞ്ജു ചൂണ്ടിക്കാട്ടി.
ഈ സീസണില്‍ മാത്രമല്ല കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയും മികച്ച ചില മല്‍സരങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. ഞങ്ങളുടെ ഫ്രാഞ്ചൈസിയെ സംബന്ധിച്ച് മികച്ച പ്രൊജക്ട് തന്നെയാണിത്. രാജ്യത്തിനുവേണ്ടി പ്രതിഭാശാലികളായ ചില താരങ്ങളെ കണ്ടെത്താന്‍ ഞങ്ങള്‍ക്കു സാധിച്ചു. ധ്രുവ് ജുറേല്‍, റിയാന്‍ പരാഗ് എന്നിവര്‍ക്കൊപ്പം ഒരുപാട് പേര്‍ രാജസ്ഥാന്‍ റോയല്‍സിനു മാത്രമല്ല തീര്‍ച്ചയായും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും വലിയ പ്രതീക്ഷകള്‍ നല്‍കുന്നവരായാണ് കാണപ്പെടുന്നതെന്നും സഞ്ജു പറയുന്നു.

പകരക്കാരനായെത്തി റോയല്‍സ് ബൗളിങിലെ തുറുപ്പുചീട്ടായി മാറിയ ഫാസ്റ്റ് ബൗളര്‍ സന്ദീപ് ശര്‍മയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. സന്ദീപിന്റെ കാര്യത്തില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്. ലേലത്തില്‍ ആരും വാങ്ങാതിരിക്കുകയും പകരക്കാരനായെത്തുകയും ചെയ്ത് ഉജ്ജ്വലമായാണ് അദ്ദേഹം പെര്‍ഫോം ചെയ്തത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ സന്ദീപിന്റെ നമ്പറുകള്‍ നോക്കിയാല്‍ ജസ്പ്രീത് ബുംറയ്ക്കു ശേഷം അടുത്തയാള്‍ അദ്ദേഹമായിരിക്കും. വളരെ മികച്ച ബൗളിങണ് സന്ദീപ് കാഴ്ചവച്ചതെന്നും സഞ്ജു വിലയിരുത്തി.
ഞായറാഴ്ച ഇതേ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഹൈദരാബാദ്- കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഫൈനലിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സാഹചര്യങ്ങള്‍ രണ്ടു ടീമുകള്‍ക്കും അനുയോജ്യമാണ്. പവര്‍പ്ലേയില്‍ അവര്‍ വീണ്ടും എങ്ങനെയാണ് തിരിച്ചുവരാന്‍ പോവുന്നതെന്നു നോക്കാം.
എസ്ആര്‍എച്ച് ബാറ്റര്‍മാര്‍ വളരെയധികം രസിപ്പിക്കുന്നവരാണ്. മല്‍സരം തട്ടിയെടുക്കാന്‍ തീര്‍ച്ചയായും അവര്‍ക്കു സാധിക്കും. കെകെആറും നല്ല ആത്മവിശ്വാസത്തിലായിരിക്കും. മികച്ച ടീമായാണ് അവര്‍ കാണപ്പെടുന്നത്. വളരെ മികച്ചൊരു മല്‍സരം തന്നെയായിരിക്കും ഫൈനല്‍. കഴിഞ്ഞ 16 വര്‍ഷമായി ഐപിഎല്‍ നമുക്കു നല്‍കിക്കൊണ്ടിരിക്കുന്നതും ഇതു തന്നെയാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.