ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനെ വലിയ പ്രതീക്ഷയോടെയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കാത്തിരിക്കുന്നത്. കാരണം ടി20 ഫോര്‍മാറ്റില്‍ ദേശീയ ടീമിലേക്കുള്ള തന്റെ വഴി പൂര്‍ണമായി അടഞ്ഞിട്ടില്ലെന്നു അഫ്ഗാനിസ്താനുമായുള്ള കഴിഞ്ഞ പരമ്പരയിലേക്കുള്ള അപ്രതീക്ഷിത കോള്‍ അദ്ദേഹത്തിനു ഉറപ്പ് നല്‍കിയിരിക്കുകയാണ്. അവസാന മല്‍സരത്തില്‍ സഞ്ജുവിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുകയും ചെയ്തു.
വരാനിരിക്കുന്ന ടി20 ലോകകപ്പിലും അദ്ദേഹത്തിനു ടീമില്‍ ഇടം ലഭിക്കാനുള്ള സാധ്യതകളും ഇതു വര്‍ധിപ്പിച്ചിരിക്കുകയാണ്. പക്ഷെ ഇതിനായി വരാനിരിക്കുന്ന ഐപിഎല്ലിന്റെ 17ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഏറ്റവും മികച്ച പ്രകടനം തന്നെ സഞ്ജു പുറത്തെടുത്തേ തീരൂ. കാരണം ഐപിഎല്ലിലെ പ്രകടനം പരിഗണിച്ചാവും ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിനെ തിരഞ്ഞെടുക്കുകയെന്നു സെലക്ടര്‍മാര്‍ സൂചന നല്‍കിക്കഴിഞ്ഞു.

നിലവില്‍ വിക്കറ്റ് കീപ്പറുടെ റോളിലേക്കു ആരും തന്നെ ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമുറപ്പിച്ചിട്ടില്ല. സഞ്ജുവിനെക്കൂടാതെ ജിതേഷ് ശര്‍മ, ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് (ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രം) എന്നിവരും ലോകകപ്പ് ടീമിലെ സ്ഥാനത്തിനു വേണ്ടി പോരടിക്കുകയാണ്.
ഇവരില്‍ ജിതേഷാണ് നിലവിലെ സാഹചര്യത്തില്‍ നേരിയ ഫേവറിറ്റെന്നു കാണാം. അവസാനത്തെ പരമ്പരകളിലെല്ലാം വിക്കറ്റ് കീപ്പറുടെ റോളിലേക്കു പ്രഥമ പരിഗണന ലഭിച്ചതും അദ്ദേഹത്തിനായിരുന്നു. എന്നാല്‍ സഞ്ജുവിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ ഇപ്പോഴും സജീവം തന്നെയാണ്. ഇതു ഒന്നുകൂടി അരക്കിട്ടുറപ്പിക്കണമെങ്കില്‍ വരാനിരിക്കുന്ന ഐപിഎല്ലില്‍ വലിയൊരു മാറ്റത്തിനു അദ്ദേഹം ശ്രമിക്കണം. ഇതു എന്താണെന്നു നമുക്കു പരിശോധിക്കാം.
രാജസ്ഥാന്‍ റോയല്‍സില്‍ നിലവില്‍ ടോപ് ഓര്‍ഡറിലാണ് സഞ്ജു കളിച്ചുകൊണ്ടിരിക്കുന്നത്. മൂന്നാം നമ്പറാണ് അദ്ദേഹത്തിന്റെ ഫേവറിറ്റ് പൊസിഷനെന്നും കാണാം. പക്ഷെ ടി20 ലോകകപ്പ് ടീമില്‍ സ്ഥാനമാണ് സഞ്ജു ലക്ഷ്യമിടുന്നതെങ്കില്‍ റോയല്‍സില്‍ സഞ്ജു തന്റെ ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്തിയേ തീരൂ. ടോപ് ഓര്‍ഡറില്‍ നിന്നും മാറി അദ്ദേഹം ഫിനിഷറായി കളിക്കാന്‍ ശ്രമിക്കണം. ഫിനിഷറുടെ റോളില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാനായാല്‍ അതു സഞ്ജുവിന്റെ ലോകകപ്പ് സാധ്യതകളും വര്‍ധിപ്പിക്കും.
കാരണം ടി20 ലോകകപ്പില്‍ ടോപ് ഓര്‍ഡറില്‍ കളിക്കാന്‍ സാധിക്കുന്ന ഒരു വിക്കറ്റ് കീപ്പറെയല്ല, ലോവര്‍ ഓര്‍ഡറില്‍ മല്‍സരം ഫിനിഷ് ചെയ്യാന്‍ സാധിക്കുന്ന ഒരു താരത്തെയാണ് ടീം ഇന്ത്യക്കു ഇപ്പോൾ ആവശ്യം. വിരാട് കോലിയുടെ ടി20യിലേക്കുള്ള മടങ്ങിവരവോടെ മുന്‍നിരയില്‍ ഒരു വിക്കറ്റ് കീപ്പറെ കൂടി ഉള്‍പ്പെടുത്തുകയെന്നതു ഇന്ത്യയെ സംബന്ധിച്ച് അസാധ്യമായി മാറിയിരിക്കുകയാണ്.
മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് കളിക്കുക. 6-7 സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യാനും അതിവേഗം റണ്‍സ് അടിച്ചെടുക്കാനും സാധിക്കുന്ന വിക്കറ്റ് കീപ്പറെയാണ് ഇന്ത്യക്കു വേണ്ടത്.

നിലവില്‍ ഈ റോള്‍ ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കുന്ന ഏക താരം ജിതേഷാണ്. പഞ്ചാബ് കിങ്‌സിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം താരം ഈ റോളിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. സഞ്ജു, ഇഷാന്‍, രാഹുല്‍ ഇവരെല്ലാം ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരായാണ് കൂടുതലും ബാറ്റ് വീശിയത്.
അഞ്ചിലോ അതിനു താഴെയോ പൊസിഷനില്‍ ടി20യില്‍ 44 ഇന്നിങ്‌സുകളില്‍ ജിതേഷ് ബാറ്റ് ചെയ്തു കഴിഞ്ഞു. ഇവയില്‍ നിന്നും 170.6 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 1032 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. സഞ്ജു (25 ഇന്നിങ്‌സ്, 398 റണ്‍സ്), ഇഷാന്‍ (11 ഇന്നിങ്‌സ്, 121 റണ്‍സ്) രാഹുല്‍ (7 ഇന്നിങ്‌സ്, 86 റണ്‍സ്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ ലോവര്‍ ഓര്‍ഡറിലെ പ്രകടനം.
ഈ കാരണത്താല്‍ തന്നെ ഫിനിഷിങിലും തനിക്കു മികച്ച സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നു റോയല്‍സിനോടൊപ്പം സഞ്ജു അടുത്ത സീസണില്‍ തെളിയിച്ചേ തീരൂ. എങ്കില്‍ മാത്രമേ ഇഷാനെയും രാഹുലിനെയും കടത്തിവെട്ടി ജിതേഷിനോടൊപ്പം ലോകകപ്പ് സ്‌കാഡില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ സഞ്ജുവിനു കഴിയുകയുള്ളൂ.