ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ടീം വിട്ട ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജോസ് ബട്‌ലറിനു പകരം രാജസ്ഥാന്‍ റോയല്‍സിനു പുതിയ ഓപ്പണറെ നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് യശസ്വി ജയ്‌സ്വാളിന്റെ ഓപ്പണിങ് പങ്കാളിയായി ആരാണ് റോയല്‍സിനു ബെസ്‌റ്റെന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഇതിനുള്ള കാരണം മുന്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം കൂടിയായ റായുഡു വിശദീകരിക്കുകയും ചെയ്തു.
നായകന്‍ സഞ്ജു സാംസണ്‍ തന്നെ റോയല്‍സിനു വേണ്ടി ഇനിയുള്ള മല്‍സരങ്ങളില്‍ ഓപ്പണറായി കളിക്കണമെന്നാണ് റായുഡു അഭിപ്രായപ്പെട്ടിരുക്കുന്നത്. നിലവില്‍ അദ്ദേഹം മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. റോയല്‍സിനായി സഞ്ജു ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളതും ഈ പൊസിഷനില്‍ തന്നെയാണ്. തന്റെ ഫേവറിറ്റ് പൊസിഷന്‍ വിട്ട് സഞ്ജു ഓപ്പണിങിലേക്കു വരുമോയെന്നാണ് അറിയാനുള്ളത്.

സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറായി ഇറക്കണം. കാരണം അദ്ദേഹം ബാറ്റിങില്‍ ഇപ്പോള്‍ ഗംഭീര ഫോമിലാണ്. ഓപ്പണറായി സഞ്ജു ഇറങ്ങുകയാണെങ്കില്‍ റോയല്‍സിന്റെ ഇന്നിങ്‌സിനെ നിയന്ത്രിക്കാന്‍ സാധിക്കും. 20 ഓവറുകള്‍ വരെ ക്രീസില്‍ തുടരാന്‍ സാധിക്കുന്നയാള്‍ കൂടിയാണ് അദ്ദേഹം. പ്ലേഓഫിലേക്കു പോകവെ അതു റോയല്‍സിനെ വളരെ മികച്ച ഒരു അവസ്ഥയിലേക്കു എത്തിക്കുകയും ചെയ്യുമെന്നും റായുഡു വ്യക്തമാക്കി.
കാര്യങ്ങള്‍ വളരെ സിംപിളായി തന്നെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് ശ്രദ്ധിക്കണം. ചില സമയങ്ങളില്‍ ടൂര്‍ണമെന്റിന്റെ അവസാന ഘട്ടങ്ങളില്‍ പലപ്പോഴും അമിതമായി ചിന്തിക്കുകയും അനാവശ്യ മാറ്റങ്ങള്‍ വരുത്തുകയുമെല്ലാം ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുള്ളതാണ്. റോയല്‍സ് കാര്യങ്ങള്‍ വളരെ സിംപിളായി തന്നെ നിലനിര്‍ത്തണം. ഈ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ കളിച്ചുപോരുന്ന അതേ രീതി തന്നെ അവര്‍ പിന്തുടരുകയും വേണം. സ്വയം പിന്തുണയ്‌ക്കേണ്ടതും ആവശ്യമാണ്.
ഒരു യുവനിരയാണ് റോയല്‍സിന്റേത്. ഈ ഐപിഎല്ലില്‍ ഒരുപാട് യുവതാരങ്ങള്‍ അവര്‍ക്കു വേണ്ടി മികച്ച പ്രകടനങ്ങളുമായി മുന്നോട്ടു വരികയും ചെയ്തിട്ടുണ്ട്. വളരെ മികച്ച ടീം തന്നെയാണ് റോയല്‍സിന്റേത്. മുന്നോട്ടു പോയ ശേഷം ഐപിഎല്‍ കിരീടം നേടാനുള്ള ശേഷി ഈ ടീമിനുണ്ട്. അതു സംഭവിക്കുകയാണെങ്കില്‍ മഹത്തായ കാര്യം തന്നെയായിരിക്കും. റോയല്‍സിനു ആ ലക്ഷ്യത്തിലേക്കു എത്താന്‍ സാധിക്കട്ടെയെന്നു താന്‍ പ്രതീക്ഷിക്കുന്നതായും റായുഡു കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബട്‌ലര്‍ക്കു പകരം ഇംഗ്ലണ്ടിന്റെ തന്നെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ ടോം കോഹ്ലര്‍ കാഡ്‌മോര്‍ ഓപ്പണിങിലേക്കു വന്നേക്കുമെന്നു സൂചനകളുണ്ട്. നെറ്റ്‌സില്‍ താരം വമ്പന്‍ ഷോട്ടുകള്‍ പായിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം റോയല്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഐപിഎല്ലില്‍ കാഡ്‌മോറിന്റെ അരങ്ങേറ്റ സീസണ്‍ കൂടിയാണിത്.
ഐപിഎല്ലില്‍ ഇതാദ്യമാണെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ടി20 ഫ്രാഞ്ചൈസി ലീഗുകളില്‍ കളിച്ചിട്ടുള്ള താരമാണ് 29 കാരനായ ബാറ്റര്‍. 187 ഇന്നിങ്‌സുകളില്‍ കാഡ്‌മോര്‍ ഇതിനകം കളിച്ചു കഴിഞ്ഞിട്ടുണ്ട്. അഗ്രസീവ് ഇന്നിങ്‌സുകളുടെ തോഴനായ അദ്ദേഹം ഇവയില്‍ നിന്നും 140നടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ 4734 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു. ഒരു സെഞ്ച്വറിയും 34 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
ലീഗ് ഘട്ടത്തില്‍ രണ്ടു മല്‍സരങ്ങളാണ് ഇനി റോയല്‍സിനു ശേഷിക്കുന്നത്. കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിജയം കൊയ്തതോടെ റോയല്‍സ് പ്ലേഓഫിലേക്കു ഔദ്യോഗികമായി യോഗ്യത നേടുകയും ചെയ്തിരുന്നു.