ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള 'മോഡല്‍ പരീക്ഷ'യായിട്ടാണ് ഈ സീസണിലെ ഐപിഎല്ലിനെ ഇന്ത്യ കണക്കാക്കുന്നത്. ഈ ടൂര്‍ണമെന്റിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുക്കുകയെന്നു ഉറപ്പായിക്കഴിഞ്ഞു. അതുകൊണ്ടു താരങ്ങളും വലിയ പ്രാധാന്യത്തോടെയൊണ് ഇത്തവണത്തെ ഐപിഎല്ലിനെ കാണുന്നത്.
ടി20 ലോകകപ്പില്‍ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ അനിശ്ചിതത്വം വിക്കറ്റ് കീപ്പറുടെ കാര്യത്തിലാണ്. ആരൊക്കെയാവും ടൂര്‍ണമെന്റിലെ രണ്ടു വിക്കറ്റ് കീപ്പര്‍മാരെന്നു ഇന്ത്യ ഇപ്പോഴും ഉറപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഈ ചോദ്യത്തിനുള്ള ഉത്തരം ഐപിഎല്ലിലൂടെ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും.

വിക്കറ്റ് കീപ്പര്‍ റോളിലേക്കു നിലവില്‍ മല്‍സരരംഗത്തുള്ളത് കെഎല്‍ രാഹുല്‍, ജിതേഷ് ശര്‍മ, മലയാളി താരം സഞ്ജു സാംസണ്‍, പരിക്കു ഭേദമായി മടങ്ങിയെത്തിയ റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, യുവതാരം ധ്രുവ് ജുറേല്‍ എന്നിവരാണ്. ഐപിഎല്ലിന്റെ ആദ്യറൗണ്ടിനു ശേഷം ഇവരുടെയെല്ലാം പ്രകടനം വിലയിരുത്തുമ്പോള്‍ ഏറ്റവു മുന്നിലെത്തിയത് സഞ്ജുവാണെന്നു ഉറപ്പിച്ചു പറയാം.
ലോകകപ്പില്‍ ടീം ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവാന്‍ തനിക്കാവുമെന്നാണ് ആദ്യ മല്‍സരത്തിനു ശേഷം അദ്ദേഹം തെളിയിച്ചിരിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മല്‍സരത്തില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സുമായി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സഞ്ജു സ്വന്തമാക്കിയിരുന്നു. മൂന്നാം നമ്പറില്‍ ഇറങ്ങി 82 റണ്‍സോടെയാണ് അദ്ദേഹം മിന്നിച്ചത്. 52 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ആറു സിക്‌സറും മൂന്നു ഫോറുമുള്‍പ്പെട്ടിരുന്നു.
അഗ്രസീവ് ബാറ്റിങ് മാത്രമല്ല, ആവശ്യമെങ്കില്‍ ക്ഷമയോടെ സിംഗിളുകളെടുത്ത് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോവാന്‍ തനിക്കു സാധിക്കുമെന്നും അദ്ദേഹം കാണിച്ചുതന്നിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരേ പലപ്പോഴും വളരെ ശ്രദ്ധയോടെ ബാറ്റ് വീശിയ സഞ്ജു പേസര്‍മാരെ കടന്നാക്രമിക്കുകയും ചെയ്തു. ബാറ്റിങിനൊപ്പം വിക്കറ്റ് കീപ്പിങിലും പഴുതടച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. ഈ കളിയിലെ പ്രകടനം പരിഗണിക്കുമ്പോള്‍ ലോകകപ്പില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ആദ്യം വേണ്ടത് സഞ്ജു തന്നെയാണ്.
സഞ്ജു കഴിഞ്ഞാല്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ കൂടുതല്‍ റണ്ണെടുത്തിരിക്കുന്നത് ലഖ്‌നൗ നായകന്‍ രാഹുലാണ്. റോയല്‍സുമായുള്ള മല്‍സരത്തില്‍ 58 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്ത്. 44 ബോളുകള്‍ നേരിട്ട രാഹുല്‍ നാലു ഫോറും മൂന്നു സിക്‌സറുമടിക്കുകയും ചെയ്തു.
പക്ഷെ സഞ്ജുവിനെപ്പോലെ ഒരു ക്ലാസ് ഇന്നിങ്‌സായിരുന്നില്ല ഇത്. തുടക്കത്തില്‍ ടെസ്റ്റ് ശൈലിയില്‍ വളരെ സ്ലോ ബാറ്റിങാണ് രാഹുല്‍ കാഴ്ചവച്ചത്. പ്രത്യേകിച്ചും പവര്‍പ്ലേയില്‍ അദ്ദേഹത്തിന്റെ പ്രകടനം പരിതാപകരമായിരുന്നു. ലഖ്‌നൗ ഇന്നിങ്‌സിന്റെ അവസാന ഘട്ടത്തില്‍ മാത്രമാണ് രാഹുല്‍ കുറേക്കൂടി അഗ്രസീവായി വലിയ ഷോട്ടുകള്‍ കളിക്കാന്‍ ആരംഭിച്ചത്.
ടി20യില്‍ ഒരു ഓപ്പണിങ് ബാറ്ററില്‍ നിന്നും ടീം ആഗ്രഹിക്കുന്നതു പോലെയൊരു ഇന്നിങ്‌സല്ല ഇത്. ഈ കാരണത്താല്‍ തന്നെ ഫിഫ്റ്റി നേടിയെങ്കിലും ലോകകപ്പ് ടീമിലേക്കു അദ്ദേഹത്തെ പരിഗണിക്കണമോയെന്നതാണ് സംശയം. ഇനിയുള്ള മല്‍സരങ്ങളില്‍ കൂടുതല്‍ അഗ്രസീവായ ബാറ്റിങ് കാഴ്ചവച്ചാല്‍ മാത്രമേ രാഹുല്‍ ലോകകപ്പ് സ്‌ക്വാഡിലെത്തുകയുള്ളൂ.
ജുറേലിന്റെ കാര്യമെടുത്താല്‍ റോയല്‍സിനു വേണ്ടി ആദ്യ കളിയില്‍ പുറത്താവാതെ 20 റണ്‍സാണ് നേടിയത്. 12 ബോളുകള്‍ നേരിട്ട അദ്ദേഹം ഓരോ ഫോറും സിക്‌സറുമടിച്ചു. ഒരു ശരാശരി പ്രകടനം എന്നു മാത്രമേ ജുറേലിന്റെ ഈ ഇന്നിങ്സിനെക്കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂ. സഞ്ജു കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം ജുറേലിനെന്നു പറയാന്‍ ഈ പ്രകടനം കൊണ്ട് കഴിയില്ല.

ജിതേഷും ആദ്യ കളിയില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമല്ല കാഴ്ചവച്ചത്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരത്തില്‍ ഒമ്പതു ബോളില്‍ ഒരു ഫോറുള്‍പ്പെടെ ഒമ്പതു റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു ശ്രമിച്ച ജിതേഷിനെ റിഷഭ് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
റിഷഭും ഈ കളിയില്‍ ബാറ്റിങില്‍ തിളങ്ങിയില്ല. 13 ബോളില്‍ രണ്ടു ഫോറടക്കം 18 റണ്‍സെടുത്ത് അദ്ദേഹം മടങ്ങുകയായിരുന്നു. ഇഷാനാണ് വിക്കറ്റ് കീപ്പര്‍മാരുടെ കൂട്ടത്തില്‍ ഏറ്റവും വലിയ ദുരന്തമായി മാറിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അക്കൗണ്ട് തുറക്കാന്‍ പോലും അദ്ദേഹത്തിനായില്ല.
നാലു ബോളുകള്‍ നേരിട്ട ഇഷാനെ അസ്മത്തുള്ള ഒമര്‍സായ് മടക്കുകയായിരുന്നു. ആദ്യ റൗണ്ടിനു ശേഷമുള്ള പ്രകടനങ്ങള്‍ പരിഗണിക്കുമ്പോള്‍ സഞ്ജുവിനു മാത്രമാണ് ലോകകപ്പ് ടീമിലേക്കു ടിക്കറ്റിനു അര്‍ഹതയുള്ളത്. മറ്റാരും തന്നെ ഈ റോളിലേക്കു അവകാശവാദമുന്നയിച്ചിട്ടില്ലെന്നു കാണാം.