ഐപിഎല്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോല്‍ ക്രിക്കറ്റ് പ്രേമികളുടെ ചര്‍ച്ചകളില്‍ ട്വന്റി-20 ലോകകപ്പും സജീവമായി മാറുകയാണ്. ഐപിഎല്ലിന് പിന്നാലെ തന്നെ ലോകകപ്പ് ആരംഭിക്കാനിരിക്കെ ആരൊക്കെയാകും ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. മെയ് ഒന്നിനാണ് സെലക്ടര്‍മാര്‍ ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കുക. ഐപിഎല്ലില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ച് സെലക്ടര്‍മാരുടെ ശ്രദ്ധ നേടാനുള്ള ശ്രമത്തിലാണ് താരങ്ങള്‍.
ഇപ്പോഴിതാ തന്റെ മനസിലുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇതിഹാസ താരം സഹീര്‍ ഖാന്‍. ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് സഹീര്‍ ഖാന്‍. നിലവിലെ ഇന്ത്യന്‍ ആരാധകരും സെലക്ടര്‍മാരുമെല്ലാം തല പുകഞ്ഞ് ആലോചിക്കുന്ന ഇന്ത്യന്‍ ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍ ആരായിരിക്കണം, ബാക്കപ്പ് ആരായിരിക്കണം എന്നതിലൊക്കെ തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് സഹീര്‍.

ഇന്ത്യ ലോകകപ്പിലേക്ക് പോകുന്നത് ഒരു വിക്കറ്റ് കീപ്പറേയും കൊണ്ടാകണമെന്നും അതേസമയം അധികം വരുന്ന സ്ലോട്ടിലേക്ക് ഒരു പേസറെ ഉള്‍പ്പെടുത്തണം എന്നാണ് സഹീര്‍ പറയുന്നത്. പരുക്കില്‍ നിന്നും തിരികെ വന്ന ഋഷഭ് പന്തായിരിക്കണമോ ഇന്ത്യയുടെ മുഖ്യ വിക്കറ്റ് കീപ്പര്‍? കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ദിനേശ് കാര്‍ത്തിക് എന്നിവര്‍ ആരായിരിക്കണം ബാക്കപ്പ്? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി തന്നിരിക്കുകയാണ് സഹീര്‍ ഖാന്‍.
''ഋഷഭ് പന്താണ് എന്റെ ഏക വിക്കറ്റ് കീപ്പര്‍. ഞാന്‍ നാല് പേസര്‍മാരെ കൊണ്ടുവരുന്നതിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഒരു വിക്കറ്റ് കീപ്പറിന് വേണ്ടി ഒരു പേസറെ ത്യജിക്കേണ്ടതില്ല. കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, തുടങ്ങിയ ഓപ്ഷനുകളുണ്ട് നിങ്ങള്‍ക്ക്. ചിലര്‍ക്ക് ദിനേശ് കാര്‍ത്തിക് വരണമെന്നാണ്. ഈ ഘട്ടത്തില്‍ എംഎസ് ധോണിയെ വരെ പരിഗണിക്കാം. എനിക്ക് തോന്നുന്നത് അവര്‍ ഇപ്പോഴത്തെ താരങ്ങളായ സഞ്ജു സാംസണേയും കെഎല്‍ രാഹുലിനേയുമാകും പരിഗണിക്കുക. ചിലപ്പോള്‍ ജിതേഷ് ശര്‍മയേയും'' എന്നാണ് സഹീര്‍ ഖാന്‍ പറഞ്ഞത്.
അതേസമയം ഒരു വിക്കറ്റ് കീപ്പറെ ഒഴുവാക്കിയ സഹീര്‍ ആ സ്ലോട്ട് അനുവദിച്ചിരിക്കുന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പേസര്‍ യഷ് ദയാലിനാണ്. ഇതുവരേയും ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ലാത്ത താരമാണ് ദയാല്‍. അഞ്ച് കോടിയ്ക്കാണ് ദയാലിനെ ബാംഗ്ലൂര്‍ തങ്ങളുടെ ടീമിലെത്തിച്ചത്. ഓപ്പണറായി യശസ്വി ജെയ്‌സ്വാള്‍ വേണോ ശുബ്മന്‍ ഗില്‍ വേണോ എന്നതിലാണ് താന്‍ ഏറ്റവും കൂടുതല്‍ ആശങ്ക നേരിട്ടതെന്നും സഹീര്‍ ഖാന്‍ പറയുന്നു. രണ്ടില്‍ ഒരാള്‍ മാത്രമേ ടീമില്‍ ഇടം നേടുകയുള്ളൂവെന്നും സഹീര്‍ പറയുന്നുണ്ട്.
സഹീര്‍ ഖാന്റെ ലോകകപ്പ് സ്‌ക്വാഡ്: രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, ശുബ്മന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ശിവം ദൂബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, യഷ് ദയാല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍.