കൊല്‍ക്കത്ത: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം അവസാനമോ, മേയ് ആദ്യവാരമോ പ്രഖ്യാപിക്കാനിരിക്കെ വീണ്ടുമൊരു സുവര്‍ണാവസരം കൂടി തുലച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. ബാറ്റിങില്‍ ഉജ്ജ്വലമായി സീസണ്‍ തുടങ്ങിയ ശേഷം ഇപ്പോള്‍ അദ്ദേഹത്തിനു തുടര്‍ച്ചയായി പിഴയ്ക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള സൂപ്പര്‍ പോരാട്ടത്തിലും ബാറ്റിങില്‍ കാര്യമായൊന്നും ചെയ്യാനാവാതെ സഞ്ജു പുറത്തായി.
12 റണ്‍സ് മാത്രമേ റോയല്‍സ് ക്യാപ്റ്റന് നേടാനായുള്ളൂ. എട്ടു ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ രണ്ടു ഫോറുകളുള്‍പ്പെട്ടിരുന്നു. ഓപ്പണിങ് ഒരിക്കല്‍ക്കൂടി പാളിയതിനെ തുടര്‍ന്നു രണ്ടാം ഓവറില്‍ തന്നെ സഞ്ജുവിനു ക്രീസിലെത്തേണ്ടതായി വന്നു. വൈഭവ് അറോറയെറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ യശസ്വി ജയ്‌സ്വാള്‍ (19) വീണു. ഇതോടെയാണ് സഞ്ജു പവര്‍പ്ലേയില്‍ ക്രീസിലെത്തിയത്.

224 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ ചേസ് ചെയ്യുന്നതിനാല്‍ തന്നെ സഞ്ജുവില്‍ നിന്നും വലിയൊരു ഇന്നിങ്‌സ് റോയല്‍സ് പ്രതീക്ഷിച്ചിരുന്നു. ആദ്യ ബോളില്‍ തന്നെ സിംഗിളെടുത്താണ് അദ്ദേഹം തുടങ്ങിയത്. മിച്ചെല്‍ സ്റ്റാര്‍ക്കെറിഞ്ഞ അടുത്ത ഓവറില്‍ സഞ്ജു പുറത്താവേണ്ടതായിരുന്നു. പക്ഷെ വരുണ്‍ ചക്രവര്‍ത്തി ക്യാച്ച് താഴെയിട്ടതോടെ സഞ്ജു രക്ഷപ്പെട്ടു. തേര്‍ഡ് മാനിലാണ് വരുണിന്റെ കൈകളില്‍ നിന്നും ബോള്‍ വഴുതിപ്പോയത്. അപ്പോള്‍ സഞ്ജു മൂന്നു റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ.
ആയുസ്സ് നീട്ടി കിട്ടിയതോടെ തുടര്‍ച്ചയായി രണ്ടു ഫോറുകളടിച്ചാണ് സഞ്ജു ഇതാഘോഷിച്ചത്. വൈഭവിനെതിരേ നാലാം ഓവറിലെ ആദ്യ ബോള്‍ മിഡ് ഓണിലൂടെയാണ് സഞ്ജു ബൗണ്ടറിയിലേക്കു പായിച്ചത്. അടുത്ത ബോളില്‍ വീണ്ടുമൊരു ബൗണ്ടറി. ഇത്തവണ ഓഫ്സ്റ്റംപിന് പുറത്തേക്കു വന്ന ഫുള്ളര്‍ ലെങ്ത്ത് ബോള്‍ മിഡ് വിക്കറ്റിനു മുകളിലൂടെ സഞ്ജു ഫോറിലെത്തിക്കുകയായിരുന്നു. പക്ഷെ അധികനേരം ക്രീസില്‍ തുടരാന്‍ അദ്ദേഹത്തെ കെകെആര്‍ അനുവദിച്ചില്ല.
ഹര്‍ഷിത് റാണയെറിഞ്ഞ അടുത്ത ഓവറില്‍ സഞ്ജു പുറത്തായി. അഞ്ചാം ഓവറിലെ രണ്ടാമത്തെ ബോളിലാണ് അദ്ദേഹം മടങ്ങിയത്. ഒരു സോഫ്റ്റ് പുറത്താവലായിരുന്നു ഇത്. ഓഫ്സ്റ്റംപ് ലൈനില്‍ സ്‌കിഡ് ചെയ്ത ഒരു ഗുഡ് ലെങ്ത് ബോളാണ് റാണയെറിഞ്ഞത്. ക്രീസില്‍ നിരയുറപ്പിച്ച ശേഷം സഞ്ജു ആഞ്ഞടിക്കുകയായിരുന്നു. പക്ഷെ ടൈമിങ് പാടെ പാളി. മിഡ് ഓണിലേക്കുയര്‍ന്ന ബോള്‍ സുനില്‍ നരെയ്ന്‍ പിറകിലേക്കു ഓടി പിടികൂടുകയായിരുന്നു.

തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് 20 റണ്‍സ് പോലും തികയ്ക്കാനാവാതെ സഞ്ജു വിക്കറ്റ് കളഞ്ഞുകുളിച്ചത്. പഞ്ചാബ് കിങ്‌സുമായുള്ള തൊട്ടുമുമ്പത്തെ കളിയിലും അദ്ദേഹം നിരാശപ്പെടുത്തിയിരുന്നു. അന്നു 14 ബോളില്‍ ഓരോ ഫോറും സിക്‌സറുമടക്കം 18 റണ്‍സ് നേടാനേ സഞ്ജുവിനായുള്ളൂ. ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ഈ തരത്തില്‍ അവസരങ്ങള്‍ നഷ്ടമാക്കുന്നത് അദ്ദേഹത്തിനു കനത്ത തിരിച്ചടിയാവുമെന്നുറപ്പാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് സഞ്ജു നേരിടുന്നത്.
ലോകകപ്പ് ടീം പ്രഖ്യാപനം അടുത്തു കൊണ്ടിരിക്കെ സഞ്ജു സാംസണ്‍ എന്താണ് ഈ കാണിക്കുന്നത്? ദിനേശ് കാര്‍ത്തിക്കിനെപ്പോലെയുള്ള വെറ്ററന്‍മാര്‍ പോലും തകര്‍ത്തടിച്ച് റണ്‍സ് വാരിക്കൂട്ടവെയാണ് സഞ്ജു വിക്കറ്റ് അനായാസം കൈവിട്ടുകൊണ്ടിരിക്കുന്നത്. ഇങ്ങനെയാണ് മുന്നോട്ടു പോവുന്നതെങ്കില്‍ ലോകകപ്പ് ടീമില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടാലും അദ്ഭുതപ്പെടാനില്ലെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കി.
നിലവില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ കൂടുതല്‍ റണ്ണെടുത്തത് സഞ്ജു സാംസണ്‍ ആണെന്നതു ശരി തന്നെ. പക്ഷെ അദ്ദേഹത്തിന്റെ ഈ പൊസിഷന്‍ വൈകാതെ നഷ്ടമായേക്കും. ഏഴിന്നിങ്‌സുകളില്‍ നിന്നും 276 റണ്‍സാണ് സഞ്ജു സ്‌കോര്‍ ചെയ്തിട്ടുള്ളത്. ആര്‍ബിസിയുടെ ദിനേശ് കാര്‍ത്തിക് 226ഉം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കെഎല്‍ രാഹുല്‍ 204 റണ്‍സും നേടിയിട്ടുണ്ട്. വലിയൊരു ഇന്നിങ്‌സ് കളിച്ചാല്‍ ഇവര്‍ക്കു സഞ്ജുവിനെ ഓവര്‍ടേക്ക് ചെയ്യാം. അതുകൊണ്ടു തന്നെ ഇനിയുള്ള ഇന്നിങ്‌സുകള്‍ സഞ്ജുവിനു ഏറെ നിര്‍ണായകമാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.