ചെന്നൈ: രാജസ്ഥാന്‍ റോയല്‍സിനു ബാറ്റിങില്‍ തന്റെ സേവനം ഏറ്റവുമധികം ആവശ്യമായിരുന്നപ്പോള്‍ ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ ഫ്‌ളോപ്പായിരിക്കുകയാണ് നായകന്‍ സഞ്ജു സാംസണ്‍. ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ വെറും 10 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്. 11 ബോള്‍ നേരിട്ട സഞ്ജു നേടിയത് ഒരേയൊരു ഫോര്‍ മാത്രം.
പ്ലേഓഫില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് അദ്ദേഹം ബാറ്റിങില്‍ ദുരന്തമായത്. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള എലിമിനേറ്ററിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. 13 ബോളില്‍ ഒരു സിക്‌സറടക്കം 17 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. ഹൈരാബാദിനെതിരേ 176 റണ്‍സ് ചേസ് ചെയ്യവെ തീര്‍ത്തും നിരുത്തരവാദപരമായ ഷോട്ട് കളിച്ചാണ് സഞ്ജു വിക്കറ്റ് വലിച്ചെറിഞ്ഞത്.

എട്ടാം ഓവറില്‍ യശസ്വി ജയ്‌സ്വാളിനെ റോയല്‍സിനു നഷ്ടമായിരുന്നു. ഷഹബാസ് അഹമ്മദെറിഞ്ഞ ഓവറിലെ അഞ്ചാമത്തെ ബോളിലാണ് താരം വീണത്. വലിയൊരു ഷോട്ടിനു തുനിഞ്ഞ ജയ്‌സ്വാളിനെ ലോങ്ഓഫില്‍ അബ്ദുള്‍ സമദ് അനായാസം പിടികൂടുകയായിരുന്നു. റോയല്‍സ് അപ്പോള്‍ രണ്ടിനു 66 റണ്‍സെന്ന നിലയിലായിരുന്നു. 10 റണ്‍സെടുത്ത സഞ്ജുവിനു കൂട്ടായെത്തിയത് റിയാന്‍ പരാഗ്. പിച്ച് സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നതായി മനസ്സിലാക്കിയതോടെ എസ്ആര്‍എച്ച് നായകന്‍ പാര്‍ട്ട്‌ടൈം ബൗളറായ അഭിഷേക് ശര്‍മയെ കൊണ്ടുവരികയായിരുന്നു.
സഞ്ജുവും പരാഗും ചേര്‍ന്ന് മികച്ചൊരു കൂട്ടുകെട്ടുമായി റോയല്‍സിനെ വിജയത്തിലേക്കു നയിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷെ അഭിഷേക് എറിഞ്ഞ ഓവറിലെ മൂന്നാമത്തെ ബോളില്‍ ഒരു അനാവശ്യ ഷോട്ട് കളിച്ച് സഞ്ജു പുറത്തായി. ബാക്ക്ഫൂട്ടില്‍ ഒരു പുള്‍ ഷോട്ടാണ് കളിച്ചത്. പക്ഷെ അദ്ദേഹം പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ടായില്ല. പക്ഷെ ലോങ്ഓണില്‍ എയ്ഡന്‍ മാര്‍ക്രം മികച്ചൊരു സ്ലൈഡിങ് ക്യാച്ചിലൂടെ സഞ്ജുവിനെ കുരുക്കി. സ്തബ്ധനായ റോയല്‍സ് നായകന്‍ നിരാശനായി ക്രീസ് വിടുകയും ചെയ്തു.

ഈ സീസണിന്റെ ആദ്യപകുതിയില്‍ ഉജ്ജ്വലമായി ബാറ്റ് വീശിയ സഞ്ജു രണ്ടാം പകുതിയില്‍ കളി കാര്യമായപ്പോള്‍ അമ്പെ പാളിയിരിക്കുകയാണ്. അവസാനമായി കളിച്ച നാലു ഇന്നിങ്‌സുകളിലും 20 റണ്‍സ് പോലും അദ്ദേഹത്തിനു തികയ്ക്കാനായിട്ടില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 15 റണ്‍സ്, പഞ്ചാബ് കിങ്‌സിനെതിരേ 18 റണ്‍സ്, ആര്‍സിബിക്കെതിരേ 17 റണ്‍സ്, ഇപ്പോള്‍ എസ്ആര്‍എച്ചിനെതിരേ 10 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്‌കോറുകള്‍. സോഷ്യല്‍ മീഡയിയില്‍ വലിയ വിമര്‍ശനങ്ങളാണ് ആരാധകരില്‍ നിന്നും അദ്ദേഹം നേരിടുന്നത്.
സഞ്ജു സാംസണ്‍ ഒരിക്കലും ടീമിനു നിര്‍ണായക ഘട്ടത്തില്‍ വിശ്വസിക്കാവുന്ന താരമല്ല. ഒരിക്കല്‍ക്കൂടി അദ്ദേഹം ഇതു തെളിയിച്ചിരിക്കുകയാണ്. ടീമിനു തന്റെ സേവനം ഏറ്റവുമധികം ആവശ്യമായ ഘട്ടത്തില്‍ തീര്‍ത്തും നിരുത്തരവാദപരമായ ഷോട്ടാണ് സഞ്ജു കളിച്ചതെന്നും ആരാധകര്‍ തുറന്നടിക്കുന്നു.
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സഞ്ജു സാംസണിനു ഇടം ലഭിക്കില്ല. നിര്‍ണായക മല്‍സരങ്ങളില്‍ ഈ രീതിയില്‍ ബാറ്റ് ചെയ്യുന്ന അദ്ദേഹത്തെ എങ്ങനെ വിശ്വസിക്കാന്‍ സാധിക്കും? ലോകകപ്പ് ടീമില്‍ സഞ്ജു സ്ഥാനം അര്‍ഹിച്ചിരുന്നോയെന്ന കാര്യം പോലും സംശയമാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.