ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് വിജയക്കുതിപ്പ് തുടരുകയാണ്. 8 മത്സരത്തില്‍ 7ലും ജയിച്ച് രാജസ്ഥാന്‍ ആദ്യം പ്ലേ ഓഫില്‍ സീറ്റുറപ്പിക്കുന്ന ടീമാകാനായുള്ള ശ്രമത്തിലാണ്. മുംബൈ ഇന്ത്യന്‍സിനെതിരേ സീസണില്‍ രണ്ടാം ജയം നേടിയെടുക്കാന്‍ രാജസ്ഥാനായി. സ്വന്തം തട്ടകത്തില്‍ 9 വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. മുംബൈയെ 8 പന്ത് ബാക്കി നിര്‍ത്തിയാണ് രാജസ്ഥാന്‍ നാണംകെടുത്തിയത്.
രാജസ്ഥാന്റെ വിജയത്തില്‍ യശ്വസി ജയ്‌സ്വാളിന്റെ (104*) സെഞ്ച്വറിയെക്കാളും നിര്‍ണ്ണായകമായത് സന്ദീപ് ശര്‍മയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ്. പരിക്കേറ്റ് പുറത്തായിരുന്ന സന്ദീപ് തിരിച്ചുവരവില്‍ അഞ്ച് വിക്കറ്റ് പ്രകടനത്തോടെയാണ് കസറിയത്. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ടിം ഡേവിഡ്, ജെറാള്‍ഡ് കോയിറ്റ്‌സെ എന്നിവരുടെ വിക്കറ്റുകളാണ് സന്ദീപ് നേടിയത്. 4 ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സന്ദീപിന്റെ അഞ്ച് വിക്കറ്റ് പ്രകടനം.
ഡെത്തോവറില്‍ സഞ്ജുവിന്റെ വജ്രായുധമായി സന്ദീപ് മാറിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ വിജയ മന്ത്രം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സന്ദീപ് ശര്‍മ. 'ഇത്തവണത്തെ ഐപിഎല്ലില്‍ ബാറ്റ്‌സ്മാന്‍മാര്‍ കസറുകയാണ്. ഇംപാക്ട് പ്ലയര്‍ നിയമത്തിലൂടെ അധിക ബാറ്റ്‌സ്മാന്‍ എത്തുന്നതോടെ പലപ്പോഴും ടീമുകള്‍ വലിയ സ്‌കോര്‍ നേടുന്നു. ഡെത്തോവറില്‍ പന്തെറിയാനും തന്ത്രം ഫലവത്താക്കാനും വിശാലമായ ഹൃദയം ആവശ്യമാണ്.
എപ്പോള്‍ എന്നോട് ചോദിച്ചാലും പന്തെറിയാന്‍ ഇഷ്ടം ന്യൂബോളിലാണെന്നാണ് ഞാന്‍ പറയുക. ഓള്‍ഡ് ബോളില്‍ സാഹചര്യം കൃത്യമായി മനസിലാക്കുകയും ബൗളറെന്ന നിലയില്‍ പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യണം. ഫിറ്റ്‌നസിലേക്ക് തിരിച്ചെത്താന്‍ കഠിനമായ ശ്രമങ്ങളാണ് കഴിഞ്ഞ മത്സരങ്ങളില്‍ നടത്തിയത്. പരിശീലനത്തില്‍ വിവിധ ലൈനിലും ലെങ്തിലുമാണ് പന്തെറിയാന്‍ ശ്രമിച്ചത്. മുംബൈക്കെതിരേ ഡെത്തോവറില്‍ ശ്രമിച്ചതും ഇതേ തന്ത്രമാണ്.

ഡെത്തോവറില്‍ എന്തും സംഭവിക്കാം. ചിലപ്പോള്‍ നന്നായി റണ്‍സ് വഴങ്ങേണ്ടി വരും. ഞാന്‍ കട്ടറുകളെറിയാനാണ് ഡെത്തോവറില്‍ ശ്രമിച്ചത്. സഞ്ജു എന്നെ വിശ്വസിക്കുന്നു' സന്ദീപ് ശര്‍മ പറഞ്ഞു. സഞ്ജു സാംസണ്‍ സന്ദീപിനെ നന്നായി ഉപയോഗിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ആദ്യ മത്സരങ്ങളില്‍ 14 ഓവറിന് ശേഷം സന്ദീപിനെ ഉപയോഗിച്ച് കളി പിടിക്കുന്നതായിരുന്നു സഞ്ജുവിന്റെ തന്ത്രം. എന്നാല്‍ മുംബൈക്കെതിരേ പിച്ചില്‍ നല്ല സ്വിങ്ങുണ്ടായിരുന്നു.
ഇത് മുതലാക്കാന്‍ സഞ്ജു സന്ദീപിനെ ഉപയോഗിച്ചത് നിര്‍ണ്ണായകമായി. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നീ രണ്ട് വമ്പന്മാരെ പുറത്താക്കാന്‍ സന്ദീപിന് സാധിച്ചു. ഇതാണ് പവര്‍പ്ലേയില്‍ മുംബൈയുടെ റണ്ണൊഴുക്ക് തടുത്തത്. ഡെത്തോവറില്‍ സന്ദീപിനേയും ആവേശിനേയും ബോള്‍ട്ടിനേയും കൃത്യമായി സഞ്ജു ഉപയോഗിച്ചു. നിഹാല്‍ വദേര, തിലക് വര്‍മ കൂട്ടുകെട്ട് പൊളിക്കാന്‍ ബോള്‍ട്ടിനെയാണ് സഞ്ജു പന്തേല്‍പ്പിച്ചത്. ഈ തന്ത്രം ഫലം കാണുകയും ചെയ്തു.
സന്ദീപ് നേരത്തെ മുതല്‍ ഐപിഎല്ലില്‍ കൈയടി നേടുന്ന ബൗളറാണ്. എന്നാല്‍ സന്ദീപിനെ ഏറ്റവും നന്നായി ഉപയോഗിക്കുന്നത് രാജസ്ഥാനാണ്. സഞ്ജുവിന് കീഴില്‍ കളിക്കുമ്പോള്‍ സന്ദീപ് കൂടുതല്‍ മികച്ച പ്രകടനം നടത്തുന്നു. ബൗളര്‍മാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന ബൗളറാണ് സഞ്ജു. അവരുടെ പദ്ധതികളെ സഞ്ജു വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ ആത്മവിശ്വാസത്തോടെ പന്തെറിയാന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുന്നു.
ഇന്ത്യ ഇതുവരെ തിരിഞ്ഞുനോക്കാത്ത ബൗളറാണ് സന്ദീപ്. വിരാട് കോലിയെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍മാരിലൊരാളാണ് സന്ദീപ്. വലിയ സാങ്കേതിക മികവുള്ള ബാറ്റ്‌സ്മാന്‍മാരെപ്പോലും വിറപ്പിക്കുന്ന ബൗളിങ് കരുത്ത് സന്ദീപിനുണ്ട്. എന്നാല്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഇതുവരെ സന്ദീപിനെ തിരിഞ്ഞുനോക്കിയിട്ടില്ല. അവസരം നല്‍കി പിന്തുണച്ചാല്‍ ടി20യില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ പ്രാപ്തിയുള്ള ബൗളറാണ് സന്ദീപെന്ന് പറയാം.