ജയ്പൂര്‍: ഐപിഎല്ലിന്റെ 17ാം സീസണിലെ ആദ്യ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ മികച്ച തുടക്കമാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനു ലഭിച്ചിരിക്കുന്നത്. ഹോംഗ്രൗണ്ടില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത റോയല്‍സ് 13 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ രണ്ടു വിക്കറ്റിനു 119 റണ്‍സെന്ന ശക്തമായ നിലയിലാണ്. ഫിഫ്റ്റിയോടെ നായകന്‍ സഞ്ജുവും റിയാന്‍ പരാഗുമാണ് ക്രീസിലുള്ളത്. സഞ്ജു 54 റണ്‍സ് നേടിയപ്പോള്‍ പരാഗ് 31 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്.
സഞ്ജു- പരാഗ് ജോടി ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുമായാണ് ടീമിനെ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നത്. 51 ബോളില്‍ 75 റണ്‍സ് ഈ ജോടി ടീം സ്‌കോറിലേക്കു ചേര്‍ത്തുകഴിഞ്ഞു. ഈ ജോടിയെ തുടക്കത്തില്‍ പിരിക്കാന്‍ ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഒരു തന്ത്രം പയറ്റി നോക്കിയെങ്കിലും അതു ദയനീയമായി പാളുകയായിരുന്നു.

അഞ്ചോവര്‍ കഴിയുമ്പോള്‍ റോയല്‍സ് രണ്ടു വിക്കറ്റിനു 49 റണ്‍സെടുത്തിരുന്നു. പേസര്‍ മൊഹ്‌സിന്‍ ഖാനെറിഞ്ഞ തൊട്ടുമുമ്പത്തെ ഓവറില്‍ രണ്ടു സിക്‌സറും ഒരു ഫോറുമടക്കം 17 റണ്‍സാണ് റോയല്‍സ് അടിച്ചെടുത്തത്. അവസാന ബോളില്‍ യശസ്വി ജയ്‌സ്വാള്‍ പുറത്താവുകയും ചെയ്തിരുന്നു. തുടര്‍ന്നു പരാഗ് ക്രീസിലെത്തുകയും ചെയ്തു.
പേസര്‍മാരെ നേരിടുന്നതില്‍ സഞ്ജുവിനും പരാഗിനുമുള്ള മിടുക്ക് രാഹുലിനു അറിയാം. അതുകൊണ്ടു തന്നെ രണ്ടു എന്‍ഡുകളിലും സ്പിന്നര്‍മാരെ കൊണ്ടുവന്ന് ഇരുവരെയും സമ്മര്‍ദ്ദത്തിലാക്കി അതുവഴി വിക്കറ്റ് നേടാനായിരുന്നു രാഹുലിന്റെ നീക്കം. സ്പിന്നര്‍മാര്‍ക്കെതിരേ നേരത്തേ ഐപിഎല്ലില്‍ പലപ്പോഴും സഞ്ജു വിക്കറ്റ് നഷ്ടപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ക്രുനാല്‍ പാണ്ഡ്യയെയും സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ രവി ബിഷ്‌നോയിയെയും രാഹുല്‍ നിയോഗിച്ചു.
ഇതോടെ റോയല്‍സിന്റെ സ്‌കോറിങിനു വേഗത കുറഞ്ഞെങ്കിലും രാഹുലിന്റെ പ്ലാന്‍ പൊളിക്കാന്‍ റോയല്‍സ് മറുതന്ത്രം കൊണ്ടുവന്നു. ഈ ഗ്രൗണ്ടിലെ ബൗണ്ടറികള്‍ വളരെ വലുതാണ്. അതുകൊണ്ടു തന്നെ ഈ ആനുകൂല്യം നന്നായി മുതലാക്കുകയെന്നതായിരുന്നു സഞ്ജുവും പരാഗും പരീക്ഷിച്ച പ്ലാന്‍. സ്പിന്നര്‍മാര്‍ക്കെതിരേ യാതൊരു ധൃതിയും രണ്ടു പേരും കാണിച്ചില്ല. ഫോറുകളും സിക്‌സറുകളും വന്നില്ലെങ്കിലും സിംഗിളുകളെടുത്ത് പരമാവധി സ്‌ട്രൈക്ക് റൊട്ടേറ്റ് ഇരുവരും കളിച്ചു.
ആറു മുതല്‍ എട്ടു വരെയുള്ള ഓവറുകളില്‍ ഒരു ഫോറോ, സിക്‌സറോ പോലും കണ്ടില്ല. പക്ഷെ ബൗണ്ടറിയുടെ വലിപ്പം മുതലാക്കി സഞ്ജുവു പരാഗും പരമാവധി സിംഗിളുകള്‍ നേടി സ്‌കോര്‍ മുന്നോട്ടുകൊണ്ടുപോയി. 18 ബോളുകളില്‍ 14 സിംഗിളുകളാണ് ഇരുവരും ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്.

ഇതോടെ സ്പിന്‍ കെണിയൊരുക്കി ബ്രേക്ക്ത്രൂ നേടാനുള്ള രാഹുലിന്റെ നീക്കം പൊളിയുകയും ചെയ്തു. തന്റെ തന്ത്രം ഫ്‌ളോപ്പായെന്നു ബോധ്യമായതോടെ ഒമ്പതാം ഓവറില്‍ സ്പിന്നര്‍മാരെ പിന്‍വലിച്ച് അദ്ദേഹം പേസര്‍ യഷ് ടാക്കൂറിനെ കൊണ്ടുവന്നു. ഇതോടെ സഞ്ജുവും പരാഗും വീണ്ടും ഗിയര്‍ മാറ്റി.
അതു വരെ സ്പിന്നര്‍മാരെ ശ്രദ്ധയോടെ നേരിട്ട് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിച്ച ഇരുവരും 21 റണ്‍സാണ് ഈ ഓവറില്‍ അടിച്ചെടുത്തത്. മൂന്നു സിക്‌സറുകളുള്‍പ്പെടെയാണിത്. രണ്ടാമത്തെ ബോളില്‍ പരാഗിന്റെ വകയായിരുന്നു ആദ്യത്തേത്. ഓഫ്സ്റ്റംപിന് പുറത്തേക്കു പോയ ബോള്‍ അദ്ദേഹം മിഡ് ഓണിനു മുകളിലൂടെയാണ് പുള്‍ ഷോട്ടിലൂടെ സിക്‌റിലേക്കു പറത്തിയത്.
ഓവറിലെ അവസാന രണ്ടു ബോളും സിക്‌സറിലെത്തിച്ച് സഞ്ജുവും ആഘോഷത്തില്‍ പങ്കാളിയായി. ഷോര്‍ട്ട് ബോളായിരുന്നു നാലാമതായി യഷ് പരീക്ഷിച്ചത്. ഡീപ്പ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെ സഞ്ജു അതു സിക്‌സറിലേക്കു പായിച്ചു. അവസാനത്തെ ബോള്‍ മിഡ് വിക്കറ്റിനു മുകളിലൂടെയും കിടിലനൊരു പുള്‍ ഷോട്ടിലൂടെ അദ്ദേഹം സിക്‌സറിലെത്തിക്കുകയായിരുന്നു.