ലഖ്‌നൗ: ക്യാപ്റ്റന്‍മാര്‍ കസറിയ പോരാട്ടത്തില്‍ കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്തെറിഞ്ഞ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. എവേ മല്‍സരത്തില്‍ എല്‍എസ്ജിയെ ഒരോവര്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റിനാണ് റോയല്‍സ് കെട്ടുകെട്ടിച്ചത്. ഇതോടെ 16 പോയിന്റുമായി പ്ലേഓഫ് ബെര്‍ത്തും ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് സഞ്ജുവിന്റെ പിങ്ക് ആര്‍മി.
197 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ റോയല്‍സ് മൂന്നിനു 78 റണ്‍സെന്ന നിലയില്‍ ഒരു ഘട്ടത്തില്‍ പതറിയെങ്കിലും ക്യാപ്റ്റന്റെ ഇന്നിങ്‌സ് കെട്ടഴിച്ച സഞ്ജുവും (71*) ധ്രുവ് ജുറേലും (52*) ചേര്‍ന്ന് 19 ഓവറില്‍ റോയ്ല്‍സിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 33 ബോളില്‍ ഏഴു ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. ജുറേല്‍ 34 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമടിച്ചു. ജോസ് ബട്‌ലര്‍ (34), യശസ്വി ജയ്‌സ്വാള്‍ (24), റിയാന്‍ പരാഗ് (14) എന്നിവരെയാണ് റോയല്‍സിനു നഷ്ടമായത്.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനു അയക്കപ്പെട്ട ലഖ്‌നൗ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിയത്. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച കെഎല്‍ രാഹുല്‍ (76), ദീപക് ഹൂഡ (50) എന്നിവരുടെ ഇന്നിങ്‌സുകളാണ് എല്‍എസ്ജിയുടെ ഇന്നിങ്‌സിനു അടിത്തറയിട്ടത്. 48 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് രാഹുലിന്റെ ഇന്നിങ്‌സ്. 31 ബോളുകള്‍ നേരിട്ട ഹൂഡയുടെ ഇന്നിങ്‌സില്‍ ഏഴു ഫോറുകളുണ്ടായിരുന്നു. ലഖ്‌നൗ ബാറ്റിങ് ലൈനപ്പില്‍ മറ്റാരും 20 റണ്‍സ് പോലുമെത്തിയില്ല.
ക്വിന്‍റണ്‍ ഡികോക്ക് (8), മാര്‍ക്കസ് സ്റ്റോയ്നിസ് (0), നിക്കോളാസ് പൂരന്‍ (11), ആയുഷ് ബദോനി (18*), ക്രുനാല്‍ പാണ്ഡ്യ (15*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഒരു ഘട്ടത്തില്‍ 200ന് മുകളില്‍ ടോട്ടല്‍ ലഖ്‌നൗ പടുത്തുയര്‍ത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഡെത്ത് ഓവറിലെ ഉജ്ജ്വല ബൗളിങിലൂടെ 200ല്‍ താഴെ സ്‌കോറില്‍ റോയല്‍സ് പിടിച്ചുകെട്ടുകയായിരുന്നു. അവസാനത്തെ അഞ്ചോവറുകളില്‍ വെറും 46 റണ്‍സ് മാത്രമേ റോയല്‍സ് വിട്ടുകൊടുത്തുള്ളൂ. രണ്ടു വിക്കറ്റുകള്‍ ഇതിനിടെ വീഴ്ത്തുകയും ചെയ്തു.

ലഖ്‌നൗവിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യത്തെ രണ്ടു ബോളിലും ഫോറടിച്ചു കൊണ്ട് തുടങ്ങിയ ഡികോക്കിനെ മൂന്നാമത്തെ ബോളില്‍ ട്രെന്റ് ബോള്‍ട്ട് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. അടുത്ത ഓവറിലെ അവസാന ബോളില്‍ സ്‌റ്റോയ്‌നിസിനെ സന്ദീപ് ശര്‍മ ബൗള്‍ഡാക്കിയതോടെ എല്‍എസ്ജി രണ്ടു 11 റണ്‍സെന്ന നിലയില്‍ വിറച്ചു. തുടര്‍ന്നായിരുന്നു കളിയിലെ ടേണിങ് പോയിന്റായി മാറിയ കൂട്ടുകെട്ട്. മൂന്നാം വിക്കറ്റില്‍ രാഹുല്‍ - ഹൂഡ ജോടി 115 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ടുമായി ലഖ്‌നൗവിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.
ഈ ജോടി കൂറ്റന്‍ ടോട്ടലിലേക്കു ടീമിനെ നയിക്കവെ ഹൂഡയെ പുറത്താക്കി അശ്വിന്‍ റോയല്‍സിനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കി. പൂരന്‍, രാഹുല്‍ എന്നിവരെ വൈകാതെ റോയല്‍സ് മടക്കിയതോടെ എല്‍എസ്ജിയുടെ സ്‌കോറിങ് വേഗത കുറയുകയും ചെടയ്തു. റോയല്‍സിനായി സന്ദീപ് 31 റണ്‍സിനു രണ്ടു വിക്കറ്റുകള്‍ പിഴുതു. ബോള്‍ട്ട്, ആവേശ് ഖാന്‍, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടുകയും ചെയ്തു.
പ്ലെയിങ് ഇലവന്‍
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- ക്വിന്റണ്‍ ഡികോക്ക്, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയ്നിസ്, നിക്കോളാസ് പൂരന്‍, ദീപക് ഹൂഡ, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, രവി ബിഷ്‌നോയ്, മാറ്റ് ഹെന്‍ട്രി, യഷ് ടാക്കൂര്‍, മൊഹ്‌സിന്‍ ഖാന്‍.
രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റോവ്‌മെന്‍ പവെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യുസ്വേന്ദ്ര ചഹല്‍.