IPL 2024: രാജസ്ഥാന്‍ ആ പിഴവ് നികത്തണം, അല്ലെങ്കില്‍ കപ്പടിക്കില്ല! ഉപദേശിച്ച് മഞ്ജരേക്കര്‍
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള താരലേലം 19ന് നടക്കാന്‍ പോവുകയാണ്. ഇതിനോടകം നിലനിര്‍ത്തിയ താരങ്ങളുടേയും ഒഴിവാക്കിയ താരങ്ങളുടേയും പട്ടിക ടീമുകളെല്ലാം പുറത്തുവിട്ടിട്ടുണ്ട്. ഇനി ദൗര്‍ബല്യങ്ങള്‍ മനസിലാക്കി വിടവുകള്‍ നികത്തി അനുയോജ്യരായ താരങ്ങളെ ടീമിലെത്തിക്കാന്‍ തന്ത്രം മെനയുകയാണ് ടീമുകള്‍. അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് കപ്പടിച്ചത്. ഇത്തവണ പോരാട്ടം കൂടുതല്‍ കടുക്കും.
ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്കെത്തിയതോടെ ടീം ശക്തിപ്പെട്ടിട്ടുണ്ട്. ഹാര്‍ദിക് കൂടുമാറിയത് ഗുജറാത്തിനെ എങ്ങനെ ബാധിക്കുമെന്നതും കണ്ടറിയണം. ഇപ്പോഴിതാ മിനി താരലേലം നടക്കാനിരിക്കെ രാജസ്ഥാന്‍ റോയല്‍സിന് നിര്‍ണ്ണായക ഉപദേശം നല്‍കി രംഗത്തെത്തിയിരിക്കുകയാണ് സഞ്ജയ് മഞ്ജരേക്കര്‍. റിയാന്‍ പരാഗിനെ രാജസ്ഥാന്‍ വിശ്വസിച്ച് പിന്തുണക്കുന്നതുപോലെ ടീമിലെ മറ്റ് ചില താരങ്ങളെക്കൂടി വിശ്വസിക്കണമെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്.
'രാജസ്ഥാന്‍ റിയാന്‍ പരാഗിനെ ഇനിയും പിന്തുണക്കണം. എന്നാല്‍ രാജസ്ഥാന് ബാറ്റിങ്ങില്‍ അല്‍പ്പം കൂടി കരുത്ത് വേണ്ടതായുണ്ട്. ദ്രുവ് ജുറേലിന്റെ അവസാന സീസണിലെ പ്രകടനം വിലയിരുത്തി അവനെ ടീം പിന്തുണക്കുമെന്നാണ് കരുതുന്നത്. ആവേശ് ഖാനെപ്പോലൊരു താരത്തിനായി രാജസ്ഥാന്‍ നീക്കം നടത്തിയത് മികച്ചതാണ്. കാരണം ആവേശുള്ളപ്പോള്‍ പ്രസിദ്ധ് കൃഷ്ണക്ക് അല്‍പ്പം സമ്മര്‍ദ്ദം കുറക്കാനാവും. എല്ലാ ടീമും കരുതലോടെ കാണുന്ന നിരയാണ് രാജസ്ഥാന്‍'- മഞ്ജരേക്കര്‍ പറഞ്ഞു.
സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന് അവസാന സീസണില്‍ പ്ലേ ഓഫിലേക്കെത്താനായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. വലിയ പൊളിച്ചെഴുത്തുതന്നെ രാജസ്ഥാന്‍ ഇത്തവണ പദ്ധതിയിടുന്നുണ്ട്. അവസാന സീസണില്‍ രാജസ്ഥാന്റെ തുടക്കം മികച്ചതായിരുന്നെങ്കിലും പിന്നീടങ്ങോട്ട് ടീം കളിമറന്നു. നായകന്‍ സഞ്ജു സാംസണിനെപ്പോലെ സ്ഥിരതയില്ലാത്തതാണ് രാജസ്ഥാനെ പിന്നോട്ടടിക്കുന്നത്.

രാജസ്ഥാന്റെ ബൗളിങ് നിര മോശമില്ല. ആര്‍ അശ്വിന്‍, ആദം സാംബ, യുസ് വേന്ദ്ര ചഹാല്‍ എന്നീ മികച്ച സ്പിന്നര്‍മാര്‍ രാജസ്ഥാനൊപ്പമുണ്ട്. എന്നാല്‍ ട്രന്റ് ബോള്‍ട്ടിനൊപ്പം മികച്ചൊരു പേസറെ രാജസ്ഥാന്‍ അത്യാവശ്യമാണ്. ന്യൂബോളില്‍ ബോള്‍ട്ട് ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. എന്നാല്‍ ഡെത്തോവറില്‍ ഇതേ മികവ് ബോള്‍ട്ടിനില്ല. പ്രസിദ്ധ് കൃഷ്ണ മികച്ച ബൗളറാണെങ്കിലും റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നില്ല.
രാജസ്ഥാന്‍ റോയല്‍സ് അടുത്ത സീസണില്‍ നിര്‍ബന്ധമായും കളിപ്പിക്കേണ്ട താരമാരാണെന്ന് ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടി. 'ഡൊവനോന്‍ ഫെരൈറയെ രാജസ്ഥാന്‍ കളിപ്പിക്കണം. കൃത്യമായ ബാറ്റിങ് പൊസിഷനില്‍ കളിപ്പിച്ചാല്‍ അവനെപ്പോലെ പ്രഹരശേഷിയുള്ള മറ്റൊരു ബാറ്റ്‌സ്മാന്‍ കാണില്ല. എന്നാല്‍ അവന്‍ സ്പിന്നിനെതിരേ അല്‍പ്പം പതറും. എന്നാല്‍ മൂന്നാം നമ്പറില്‍ കളിപ്പിച്ചാല്‍ മികവ് കാട്ടാനായേക്കും. ദ്രുവ് ജുറേലിനെ ഇംപാക്ട് പ്ലയറായി കളിപ്പിക്കാം.
രാജസ്ഥാന് വലിയ ബാറ്റിങ് ലൈനപ്പ് അത്യാവശ്യമാണ്. ഇപ്പോള്‍ത്തന്നെ മികച്ചൊരു നിര രാജസ്ഥാനുണ്ട്. നാളെ കളിക്കാനാണെങ്കിലും രാജസ്ഥാന്‍ തയ്യാറാണ്'- ഇര്‍ഫാന്‍ പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സ് ജേസന്‍ ഹോള്‍ഡറെ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മികച്ചൊരു പേസ് ഓള്‍റൗണ്ടറെ രാജസ്ഥാന് അത്യാവശ്യമാണ്. ഇന്ത്യന്‍ താരങ്ങളിലെ അനുഭവസമ്പന്നരായ ഓള്‍റൗണ്ടര്‍മാരെല്ലാം ഓരോ ടീമിനൊപ്പമാണ്. ശാര്‍ദ്ദുല്‍ ടാക്കൂറില്‍ രാജസ്ഥാന് താല്‍പര്യം ഉണ്ടാവില്ല.
രാജസ്ഥാന്‍ ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ എന്നിവരെ അമിതമായി ആശ്രയിക്കുന്നുണ്ട്. ബാറ്റിങ്ങില്‍ കൂടുതല്‍ കരുത്തുറ്റ താരങ്ങളെ രാജസ്ഥാന് അത്യാവശ്യമാണ്. ലേലത്തിലെ ടീമിന്റെ പദ്ധതി എന്തായിരിക്കുമെന്നത് കാത്തിരുന്ന് കണ്ടറിയാം. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ് സഞ്ജു സാംസണുള്ളത്. ദേശീയ ടീമിലേക്ക് തിരിച്ചെത്താന്‍ സഞ്ജുവിന് വരുന്ന സീസണില്‍ മികവ് കാട്ടേണ്ടതായുണ്ട്. ഫ്‌ളോപ്പായാല്‍ ടി20 ലോകകപ്പ് സീറ്റ് മറക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications