മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കാര്യങ്ങള്‍ പ്രയാസമാവുകയാണ്. പ്രതീക്ഷിച്ചതുപോലെ തന്നെ ഹാര്‍ദിക്കിനെതിരേ മുംബൈ ടീമിനുള്ളില്‍ത്തന്നെ പടയൊരുക്കം നടക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ മുംബൈ ആറ് റണ്‍സിന് തോറ്റതോടെ വലിയ വിമര്‍ശനം ഹാര്‍ദിക് പാണ്ഡ്യക്കെതിരേ ഉയരുകയാണ്. സീനിയര്‍ താരങ്ങളെ ഹാര്‍ദിക് ബഹുമാനിക്കുന്നില്ലെന്ന ആക്ഷേപമാണ് ശക്തമാവുന്നത്.
മുന്‍ നായകന്‍ രോഹിത് ശര്‍മയോട് ബഹുമാനം കാട്ടാത്ത ഹാര്‍ദിക്കിനെതിരേ വലിയ ആരാധക രോഷമാണുള്ളത്. ടീം രണ്ട് തട്ടിലാണെന്നാണ് വിവരം. ഇപ്പോഴിതാ സച്ചിന്‍ ടെണ്ടുല്‍ക്കറും ഹാര്‍ദിക്കിനെതിരേ തിരിഞ്ഞിരിക്കുകയാണെന്നാണ് വിവരം. സച്ചിന്റെ മകനും പേസ് ഓള്‍റൗണ്ടറുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറും മുംബൈ ടീമിന്റെ ഭാഗമാണ്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ അര്‍ജുനെ കാര്യമായി പരിഗണിക്കുന്നില്ല. ഇതില്‍ സച്ചിന് അതൃപ്തിയുണ്ടെന്നാണ് മുംബൈ ക്യാംപില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഹാര്‍ദിക് വ്യത്യസ്തമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. മുംബൈയില്‍ ഇതുവരെ നടന്നുപോന്ന കാര്യങ്ങളുമായി വളരെ വ്യത്യാസമുള്ള തീരുമാനങ്ങളാണ് ഹാര്‍ദിക്കെടുക്കുന്നത്. വേണ്ടത്ര കൂടിയാലോചനകള്‍ ഹാര്‍ദിക് നടത്തുന്നില്ല. അര്‍ജുനടക്കം പലരും ഈ സീസണിലുടെനീളം ബെഞ്ചിലിരിക്കാനാണ് സാധ്യത. അവസാന സീസണില്‍ രോഹിത് അര്‍ജുനെ പരിഗണിക്കുകയും കളിക്കാന്‍ അവസരം നല്‍കുകയും ചെയ്തിരുന്നു. അര്‍ജുന്‍ ആഭ്യന്തര ക്രിക്കറ്റില്‍ മോശമല്ലാത്ത പ്രകടനം നടത്തി.
ആദ്യ മത്സരങ്ങളില്‍ അര്‍ജുന് അവസരം ലഭിക്കാത്ത പക്ഷം സീസണിലുടെനീളം ബെഞ്ചിലിരിക്കാനാണ് സാധ്യത. അതുകൊണ്ടുതന്നെ ആദ്യ മത്സരങ്ങളില്‍ അര്‍ജുനെ പരിഗണിക്കാത്തതില്‍ ഹാര്‍ദിക്കിനോട് സച്ചിന് അതൃപ്തിയുണ്ടാകും. ഗുജറാത്തിനെതിരായ മത്സരശേഷം രോഹിത് ശര്‍മയോടൊപ്പമാണ് സച്ചിനെ കാണപ്പെട്ടത്. ഏറെ നേരം രോഹിത്തിനോടും ജസ്പ്രീത് ബുംറയോടും സച്ചിന്‍ സംസാരിച്ചു. ഇവരോടൊപ്പം അര്‍ജുനും തിലക് വര്‍മയുമുണ്ടായിരുന്നു.

രോഹിത് വളരെ ദേഷ്യത്തോടെ സംസാരിക്കുന്നതാണ് കണ്ടത്. രോഹിത്തിന്റെ അഭിപ്രായങ്ങള്‍ ഹാര്‍ദിക് മുഖവിലക്കെടുക്കുന്നില്ലെന്നാണ് വിവരം. രോഹിത്തിനെ ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യിച്ചത് സഹതാരങ്ങളുമായി അധികം സംസാരിക്കാതിരിക്കാനും ക്യാപ്റ്റന്‍സിയില്‍ ഇടപെടല്‍ നടത്താതിരിക്കാനുമാണ്. അതുകൊണ്ടുതന്നെ രോഹിത്തിനെ ഒതുക്കാനുള്ള ഹാര്‍ദിക്കിന്റെ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്. ഹാര്‍ദിക് പാണ്ഡ്യ അല്‍പ്പം കൂടി മാന്യത കാട്ടണമെന്നാണ് പൊതുവേയുള്ള ആരാധക അഭിപ്രായം.
മുംബൈ ടീമിനുള്ളിലെ മുതിര്‍ന്ന താരങ്ങള്‍ രോഹിത്തിന് എതിരായാല്‍ നായകനെന്ന നിലയില്‍ തുടരുക പ്രയാസമാണ്. നേരത്തെ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്ന വെല്ലുവിളികളാണിത്. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിന് മുന്നില്‍ സമയമുണ്ട്. മുംബൈ പൊതുവേ ആദ്യ മത്സരം തോറ്റ് തുടങ്ങുന്ന ടീമാണ്. വര്‍ഷങ്ങളായി ഈ രീതിയാണ് മുംബൈ തുടരുന്നത്. അതുകൊണ്ടുതന്നെ തിരിച്ചുവരവ് നടത്താനും ടീമിനെ മുന്നോട്ട് കൊണ്ടുപോകാനും ഹാര്‍ദിക്കിന് സാധിച്ചേക്കും.
എന്നാല്‍ ടീമിനുള്ളിലെ പിണക്കം തീര്‍ക്കുകയും സീനിയര്‍ താരങ്ങളെ ചേര്‍ത്ത് പിടിക്കുകയും ചെയ്യുകയെന്നതാണ് ഹാര്‍ദിക് ആദ്യം ചെയ്യേണ്ടത്. ആരാധകരെ ഒപ്പം നിര്‍ത്തുകയെന്നതാണ് രണ്ടാമത്തെ വെല്ലുവിളി. ഇതൊട്ടും എളുപ്പമാവില്ല. നിലവില്‍ ആരാധകര്‍ ഹാര്‍ദിക്കിനെതിരാണ്. ആദ്യ മത്സരത്തിലൂടെ ഹാര്‍ദിക്കിനെതിരായ പ്രതിഷേധവും വിമര്‍ശനവും കൂടുതല്‍ ശക്തമായിട്ടുണ്ട്. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തില്‍ വലിയ സമ്മര്‍ദ്ദം ഹാര്‍ദിക്കിനുണ്ടാവും.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രോഹിത്തിനൊപ്പം നില്‍ക്കുമ്പോള്‍ ഹാര്‍ദിക്കിന് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസമാവും. ടീമെന്ന നിലയില്‍ മുംബൈ സംതുലിതമാണ്. എന്നാല്‍ ഹാര്‍ദിക്കിന് കീഴില്‍ മുംബൈക്ക് ഒത്തിണക്കമില്ല. ഹാര്‍ദിക്കിന് നായകനെന്ന നിലയില്‍ സഹതാരങ്ങളേയും ആരാധകരേയും കൈയിലെടുക്കുകയെന്നതാണ് വലിയ വെല്ലുവിളി.
അതൊട്ടും എളുപ്പമുള്ള കാര്യമല്ല. യുവതാരങ്ങളെല്ലാം രോഹിത്തിനെത്തന്നെയാണ് നായകനെന്ന നിലയില്‍ അംഗീകരിക്കുന്നത്. ഇത് ഹാര്‍ദിക്കിന് കൂടുതല്‍ തലവേദനയാകുന്നു. എന്തായാലും മുംബൈ ടീമിനുള്ളിലെ അവസ്ഥ അത്ര ശുഭകരമല്ലെന്നുറപ്പാണ്.