ഐപിഎല്ലിന്റെ 17ാം സീസണിനു ഇനി ആഴ്ചകള്‍ മാത്രം. ഈ മാസം 22നു ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂര്‍ണമെന്‍റിനു തുടക്കമാവുക. യുവ ക്രിക്കറ്റര്‍മാരെ കളിക്കാരെന്ന നിലയില്‍ മാത്രമല്ല, ക്യാപ്റ്റന്‍മാരെന്ന നിലയിലും വാര്‍ത്തെടുക്കുന്നതില്‍ വലിയ പങ്കാണ് ഐപിഎല്‍ വഹിച്ചിട്ടുള്ളത്.
വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരെല്ലാം വളരെ ചെറുപ്പത്തില്‍ തന്നെ നായകസ്ഥാനത്തേക്കു വരികയും പിന്നീട് ഈ റോളില്‍ ഉയര്‍ന്നുവന്ന് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയിലേക്കു വരെ വന്നിട്ടുള്ളവരുമാണ്. ഭാവിയില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരാനിടയുള്ള ചില യുവതാരങ്ങളെ നമുക്കു കാണാന്‍ സാധിക്കും. ഭാവി ക്യാപ്റ്റന്‍മാരാവാന്‍ സാധ്യതയുള്ള ഇന്ത്യന്‍ യുവതാരങ്ങള്‍ ആരൊക്കെയാണന്നു പരിശോധിക്കാം.

മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പറും ഓപ്പണറുമായ ഇഷാന്‍ കിഷനാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ക്യാപ്റ്റന്‍സിയെന്നത് അദ്ദേഹത്തിനു പുതിയ കാര്യമല്ല. കാരണം നേരത്തേ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചിട്ടുള്ളയാളാണ് ഇഷാന്‍. അന്നു ടീമിന്റെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തായിരുന്നു. ഭാവിയില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ഇഷാന്‍ വരാനുള്ള സാധ്യത തള്ളാന്‍ സാധിക്കില്ല.
നിലവില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ പുതിയ ക്യാപ്റ്റന്‍. പക്ഷെ പരിക്കുകള്‍ നിരന്തരം വേട്ടയാടുന്ന കരിയറാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ടു തന്നെ ദീര്‍ഘകാലം ഹാര്‍ദിക്കിനെ ക്യാപ്റ്റന്റെ റോളില്‍ കാണാനിടയില്ല. അദ്ദേഹത്തെ നായകസ്ഥാനത്തു നിന്നും നീക്കിയാല്‍ പകരം ഇഷാനായിരിക്കും അടുത്ത ക്യാപ്റ്റനായി നറുക്കുവീണേക്കുക.
മുംബൈ ഇന്ത്യന്‍സിന്റെ തന്നെ യുവതാരം തിലക് വര്‍മയാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. ഐപിഎല്ലില്‍ മുംബൈയുടെ കണ്ടെത്തലുകളിലൊരാളാണ് ഇടംകൈയന്‍ താരമായ തിലക്. ഹൈദരാബാദില്‍ നിന്നുള്ള അദ്ദേഹത്തെ 2022ലെ ലേലത്തിലാണ് മുംബൈ സ്വന്തമാക്കിയത്. കന്നി സീസണില്‍ തന്നെ ടീമിന്റെ സെന്‍സേഷനായി അദ്ദേഹം മാറുകയും ചെയ്തു. മധ്യനിരയില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയ തിലക് മുംബൈയുടെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളാണ്.
ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള തിലക് ആഭ്യന്തര ക്രിക്കറ്റില്‍ ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റനും കൂടിയാണ്. മുംബൈയ്ക്കു വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങള്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനായി അരങ്ങേറാന്‍ അദ്ദേഹത്തിനു അവസരമൊരുക്കുകയും ചെയ്തിരുന്നു
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഫിനിഷറുടെ റോളില്‍ മിന്നിക്കുന്ന റിങ്കു സിങാണ് ഭാവി ക്യാപ്റ്റനാവാന്‍ സാധ്യതയുള്ള മൂന്നാത്തെ താരം. കെകെആറിനു വേണ്ടി നടത്തിയ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹത്തെ ആരാധകര്‍ക്കു പ്രിയങ്കരനാക്കി മാറ്റിക്കഴിഞ്ഞു.
ഏതു പ്രതിസന്ധി ഘട്ടത്തിലും ക്രീസിലെത്തിയ ശേഷം വളരെ കൂളായി ടീമിനെ ജയിപ്പിക്കാനുള്ള മിടുക്കാണ് റിങ്കുവിനെ സ്‌പെഷ്യലാക്കുന്നത്. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയോടാണ് റിങ്കുവിനെ പലരും ഇപ്പോള്‍ താരതമ്യം ചെയ്യുന്നത്. ഭാവിയില്‍ കെകെആറിന്റെയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും ഫ്രാഞ്ചൈസിയുടെയോ ക്യാപ്റ്റനായി അദ്ദേഹത്തെ കാണാന്‍ സാധിച്ചേക്കും.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ് ഭാവിയില്‍ ഐപിഎല്‍ നായകസ്ഥാനത്തേക്കു വരാനിടയുള്ള നാലാമത്തെയാള്‍. സിഎസ്‌കെ ടീമിലെ നിര്‍ണായക താരമായി അദ്ദേഹം മാറിക്കഴിഞ്ഞു. എംഎസ് ധോണിക്കു ശേഷം ഫ്രാഞ്ചൈസിയുടെ അടുത്ത ക്യാപ്റ്റനെന്നും റുതുരാജിനെ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്ര ടീമിന്റെ ക്യാപ്റ്റനായ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.

ഐപിഎല്ലിലെ സ്ഥിരതയാര്‍ന്ന പ്രകടനം ഇന്ത്യന്‍ ടീമിലേക്കും റുതുരാജിനു വഴി തുറന്നിരുന്നു. ടി20, ഏകദിനം എന്നിവയില്‍ 26 കാരനായ അദ്ദേഹം കളിച്ചും കഴിഞ്ഞു. മാത്രമല്ല കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍മണിഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നയിച്ചതും റുതുരാജായിരുന്നു.
രാജസ്ഥാന്‍ റോയല്‍സിന്റെ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് ഭാവി ക്യാപ്റ്റനായി വരാനിടയുള്ള അഞ്ചാമത്തെ താരം. ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ടോപ്‌സ്‌കോററായതോടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഐപിഎല്ലില്‍ റോയല്‍സ് ടീമിലേക്കു ജയ്‌സ്വാളിനെ എത്തിക്കുന്നതും ഇതു തന്നെയാണ്.
കഴിഞ്ഞ സീസണില്‍ ടീമിനായി റണ്‍വേട്ട നടത്താന്‍ 22 കാരന് സാധിച്ചിരുന്നു. ഇതോടെ ഇന്ത്യന്‍ ടീമിലുമെത്തിയ ജയ്‌സ്വാള്‍ അവിടെയും റണ്‍വേട്ട തുടരുകയാണ്. ഭാവിയില്‍ മലയാളി താരം സഞ്ജു സാസണിനെ നായകസ്ഥാനത്തു നിന്നും റോയല്‍സ് നീക്കിയാല്‍ ഈ റോളിലേക്കു വരാന്‍ സാധിക്കുന്നയാളാണ് ജയ്‌സ്വാള്‍.