ഈ സീസണില്‍ അപരാജിത കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന രണ്ടു ടീമുകളാണ് സഞ്ജു സംസണിന്റെ രാജസ്ഥാന്‍ റോയല്‍സും ശ്രേയസ് അയ്യരുടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും. അതുകൊണ്ടു തന്നെ ഈ ടീമുകള്‍ തമ്മിലുള്ള പോരാട്ടം വലിയ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. ഈ മാസം 17നു കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു ഈ മല്‍സസരം നടക്കാനിരുന്നത്. പക്ഷെ ഈ ദിവസം ഈ മല്‍സരം നടന്നേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.
രാമ നവമി ആഘോഷങ്ങളുടെ ഭാഗമായി 17നു നടക്കുന്ന മല്‍സരം പുനര്‍ ക്രമീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമ ബംഗാളില്‍ ഈ ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വര്‍ഷം തോറും രാമ നവമി ഇതേ സമയത്താണ് വിവിധ ഭാഗങ്ങളില്‍ ആഘോഷിക്കപ്പെടാറുള്ളത്. അതുകൊണ്ടു തന്നെ ഇതേ ദിവസം ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന കെകെആര്‍- റോയല്‍സ് മല്‍സരത്തിനു മതിയായ സുരക്ഷ നല്‍കാന്‍ കഴിയുമോയെന്ന ആശങ്ക അധികൃതര്‍ക്കുണ്ട്. ഈ കാരണത്താലാണ് മല്‍സരം മാറ്റി വയ്ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്.

ഈ മല്‍സരം പുനര്‍ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുടീമുകളെയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനെയും ബ്രോഡ്കാസ്റ്റര്‍മാരെയുമെല്ലാം ഇതിനകം അറിയിച്ചു കഴിഞ്ഞിട്ടുണ്ടെന്നാണ് ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. രാമ നവമി ആഘോഷം മാത്രമല്ല പൊതു തിരഞ്ഞെടുപ്പും മല്‍സരത്തിനു ഭീഷണിയായിട്ടുണ്ട്.
ഏപ്രില്‍ 19നാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. അതുകൊണ്ടു തന്നെ കൂച്ച്‌ബെഹര്‍, അലിപുര്‍ദ്വാര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ബംഗാള്‍ പോലീസിനു കൂടുതല്‍ സുരക്ഷയൊരുക്കേണ്ടതുണ്ട്. ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്ത് കൊല്‍ക്കത്തയും റോയല്‍സും തമ്മിലുള്ള മല്‍സരം നീട്ടി വയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് ബിസിസിഐ.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിസിസിഐയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും കളിയെക്കുറിച്ച് കൊല്‍ക്കത്ത പോലീസുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞെന്നാണ് സൂചനകള്‍. അന്തിമ തീരുമാനം ഇനിയും സ്വീകരിച്ചിട്ടില്ല. പക്ഷെ ഷെഡ്യൂളില്‍ മാറ്റം വരുത്തിയേക്കുമെന്ന് ഇരുടീമുകളെയും ബ്രോഡ്കാസ്റ്റര്‍മാരെയും ബിസിസിഐ അറിയിച്ചുകഴിഞ്ഞു.
രാജ്യത്തെ പൊതു തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിക്കുന്നതു വൈകിയതിനെ തുടര്‍ന്നു ഐപിഎല്ലിലെ ആദ്യത്തെ 21 മല്‍സരങ്ങളുടെ ഫിക്‌സ്ചറായിരുന്നു ബിസിസിഐ ആദ്യം പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിന്റെ തിയ്യതി പുറത്തുവിട്ടതിനു ശേഷമാണ് ഫൈനലുള്‍പ്പെടെ ശേഷിച്ച 53 മല്‍സരങ്ങളുടെയും ഫിക്‌സ്ചര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അതേസമയം, കഴിഞ്ഞ സീസണില്‍ നേരിയ വ്യത്യാസത്തില്‍ പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായ റോയല്‍സ് മികച്ച രീതിയിലാണ് ഇത്തവണ തുടങ്ങിയിരിക്കുന്നത്. ആദ്യ കളിയില്‍ കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 20 റണ്‍സിനു തകര്‍ത്താണ് റോയല്‍സ് അക്കൗണ്ട് തുറന്നത്. രണ്ടാമത്തെ കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 12 റണ്‍സിനും റോയല്‍സ് പരാജയപ്പെുത്തുകയായിരുന്നു.
മറുഭാഗത്ത് ശ്രേയസിനു കീഴില്‍ കെകെആറും മികച്ച പ്രകടനമാണ് സീസണില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പരിക്കില്‍ നിന്നും മുക്തനായി ശ്രേയസ് മങ്ങിയെത്തിയതും മുഖ്യ ഉപദേശകനായി ഗൗതം ഗംഭീര്‍ വന്നതും കെകെആറിനു ഏറെ ഗുണം ചെയ്തിട്ടുണ്ട്. ആദ്യ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നാലു റണ്‍സിന്റെ ജയമാണ് കെകെആര്‍ സ്വന്തമാക്കിയത്.
രണ്ടാമത്തെ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ അവര്‍ നിഷ്പ്രഭരാക്കുകയും ചെയ്തു. എവേ മല്‍സത്തില്‍ ആര്‍സിബിയെ ഏഴു വിക്കറ്റിനാണ് കെകെആര്‍ കെട്ടുകെട്ടിച്ചത്. മൂന്നിനു ഡല്‍ഹി ക്യാപ്പിറ്റല്‍സുമയിട്ടാണ് കെകെആറിന്റെ അടുത്ത മല്‍സരം.