ഐപിഎല്ലിന്റെ പുതിയ സീസണിനു കച്ചമുറുക്കുന്ന രാജസ്ഥാന്‍ റോയല്‍സിനു അപ്രതീക്ഷിത തിരിച്ചടിയേകി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണ പിന്‍മാറിയിരിക്കുകയാണ്. പരിക്കു കാരണമാണ് അദ്ദേഹത്തിനു 17ാമത് സീസണ്‍ നഷ്ടമായത്. പരിക്കിനെ തുടര്‍ന്ന് തുടര്‍ച്ചയായി രണ്ടാമത്തെ സീസണാണ് പ്രസിദ്ധിനു നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ സീസണിലും റോയല്‍സിനു വേണ്ടി ഒരു മല്‍സരം പോലും താരം കളിച്ചിരുന്നില്ല.
കഴിഞ്ഞ മാസം 23നു പ്രസിദ്ധ് ശസ്ത്രക്രിയക്കു വിധേയനായിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തിന്റെ പിന്‍മാറ്റമെന്നു ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. റോയല്‍സ് ടീമിനെ സംബന്ധിച്ച് നിര്‍ണായക താരങ്ങളിലൊളായിരുന്നു അദ്ദേഹം. ട്രെന്റ് ബോള്‍ട്ടിനോടൊപ്പം റോയല്‍സിന്റെ പേസാക്രമണത്തിനു പ്രസിദ്ധ് ചുക്കാന്‍ പിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അതിനിടെയാണ് വീണ്ടുമൊരിക്കല്‍ക്കൂടി പരിക്ക് അദ്ദേഹത്തെ ചതിച്ചത്.

2022ലെ ഐപിഎല്ലില്‍ റോയല്‍സിനു വേണ്ടി പ്രസിദ്ധ് മികച്ച പ്രകടനം നടത്തിയിരുന്നു. സഞ്ജു സാംസണ്‍ നയിച്ച റോയല്‍സ് ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്. 17 മല്‍സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ പ്രസിദ്ധ് പിഴുതിരുന്നു.
സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ (27 വിക്കറ്റ്) കഴിഞ്ഞാല്‍ റോയല്‍സിനു വേണ്ടി ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയതും അദ്ദേഹമായിരുന്നു. പ്രസിദ്ധിനു പകരം റോയല്‍സ് ആരെയായിരിക്കും സീസണിനു മുമ്പ് ടീമിലേക്കു കൊണ്ടു വരിക? അവര്‍ നോട്ടമിടാന്‍ സാധ്യതയുള്ള ബൗളര്‍മാരെ അറിയാം.
ബംഗാളില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് കൈഫാണ് ഈ ലിസ്റ്റിലെ ഒരാള്‍. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ഇളയ സഹോദരന്‍ കൂടിയാണ് കൈഫെന്നതാണ് കൗതുകകരമായ കാര്യം. മികച്ച വേഗതയില്‍ പന്തെറിയാന്‍ ശേഷിയുള്ള ബൗളറാണ് 27 കാരന്‍.
ഇത്തവണത്തെ രഞ്ജി ട്രോഫിയില്‍ ബംഗാളിനായി കൈഫ് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. 17 വിക്കറ്റുകളാണ് അദ്ദേഹം പോക്കറ്റിലാക്കിയത്. ഐപിഎല്ലില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത കൈഫ് റോയല്‍സിനൊപ്പം അരങ്ങേറുമോയെന്നാണ് ഇനി അറിയാനുള്ളത്.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ബറോഡയില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ അതീത് സേത്താണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്. 54 ടി20 മല്‍സരങ്ങളില്‍ നിന്നും 18.28 ശരാശരിയില്‍ 75 വിക്കറ്റുകള്‍ അതീത് വീഴ്ത്തിയിട്ടുണ്ട്. 7.59 എന്ന മികച്ച ഇക്കോണമി റേറ്റിലാണിത്.
രണ്ടു നാലു വിക്കറ്റ് നേട്ടവും ഒരു ഫൈഫറും ഇതിലുള്‍പ്പെടും. 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു പേരെ പുറത്താക്കിയതാണ് അതീതിന്റെ ഏറ്റവും മികച്ച പ്രകടനം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും വിക്കറ്റ് കൊയ്ത്താണ് താരം നടത്തുന്നത്. 39 മല്‍സരങ്ങളില്‍ 3.16 ഇക്കോണമി റേറ്റില്‍ 122 വിക്കറ്റുകള്‍ അതീത് വീഴ്ത്തിക്കഴിഞ്ഞു. ഒരു പത്ത് വിക്കറ്റ് നേട്ടവും ആറു ഫൈഫറുമുള്‍പ്പെടെയാണിത്.
ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന കമലേഷ് നാഗര്‍കോട്ടിയാണ് റോയല്‍സ് ടീമിലെത്തിക്കാന്‍ സാധ്യതയുള്ള മൂന്നാമത്തെ ഫാസ്റ്റ് ബൗളര്‍. മികച്ച വേഗയ്‌ക്കൊപ്പം ബോളിന്‍മേല്‍ നിയന്ത്രണവുമുള്ള ബൗളറാണ് അദ്ദേഹം.
2017ലെ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് നാഗര്‍കോട്ടി ശ്രദ്ധിക്കപ്പെടുന്നത്. ഐപിഎല്ലില്‍ 12 മല്‍സരങ്ങളില്‍ 24 കാരനായ പേസര്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും വീഴ്ത്തിയത് അഞ്ചു വിക്കറ്റുകളാണ്. ആഭ്യന്തര ക്രിക്കറ്റില്‍ രാജസ്ഥാനു വേണ്ടിയാണ് നാഗര്‍കോട്ടി കളിക്കുന്നത്. 25 ടി20കളില്‍ നിന്നും 19 വിക്കറ്റുകള്‍ അദ്ദേഹം നേടുകയും ചെയ്തു.