ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ അപ്രതീക്ഷിത തകര്‍ച്ചയുടെ ഞെട്ടലിലും രോഷത്തിലുമാണ് ആരാധകര്‍. സീസണിന്റെ ആദ്യ പകുതിയില്‍ എതിരാളികളെ ഒന്നിനു പിറകെ ഒന്നായി തീര്‍ത്തു മുന്നേറിയ റോയല്‍സിനു രണ്ടാംപകുതിയില്‍ ട്രാക്ക് തെറ്റിയിരിക്കുകയാണ്. തുടര്‍ച്ചയായ നാലാമത്തെ പരാജയമാണ് സഞ്ജു സാംസണിനും സംഘത്തിനും നേരിട്ടത്. പഞ്ചാബ് കിങ്‌സിനോടു അവര്‍ അഞ്ചു വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. ഇതോടെ പോയിന്റ് പട്ടികയില്‍ ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുകയെന്ന റോയല്‍സിന്റെ പ്രതീക്ഷകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് റോയല്‍സ് ടീമും നായകന്‍ സഞ്ജുവും നേരിടുന്നത്. സീസണിന്റെ പകുതിയോളം ഏറ്റവും മികച്ച കളി കെട്ടഴിച്ചിട്ടും ഇപ്പോള്‍ റോയല്‍സിന്റെ പ്രകടനം എന്തുകൊണ്ടാണ് താഴേക്കു പോവുന്നതെന്നാണ് ആരാധകരുടെ ചോദ്യം. ഈ സീസണിനു ശേഷം നായകസ്ഥാനത്തു നിന്നും സഞ്ജുവിനെ മാറ്റണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.

രാജസ്ഥാന്‍ റോയല്‍സിന്റെ ഇപ്പോഴത്തെ പ്രകടനം ദയനീയം തന്നെ. തുടര്‍ച്ചയായി നാലു പരാജയങ്ങള്‍ ടീമിനു നേരിട്ടിരിക്കുകയാണ്. പ്ലേഓഫില്‍ വിജയിക്കാന്‍ സാധിക്കുന്ന ടീമായിട്ടല്ല അവര്‍ ഇപ്പോള്‍ കാണപ്പെടുന്നത്. 2025ലെ സീസണില്‍ സഞ്ജു സാംസണിനു പകരം രാജസ്ഥാന്‍ പുതിയൊരു ക്യാപ്റ്റനെ കണ്ടെത്തേണ്ടത് ആവശ്യമാണ്. സഞ്ജുവിന്റ സ്ഥിരതയില്ലായ്മയാണ് ടീമിനു തിരിച്ചടിയാവുന്നത്. അദ്ദേഹം ഇനി വിക്കറ്റ് കീപ്പറാവരുതെന്നും ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.
ഈ കളിയാണ് തുടര്‍ന്നും കളിക്കുന്നതെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫില്‍ വിജയിക്കാന്‍ പോവുന്നില്ല. എതിരാളി ആരായാലും അവരോടു തോല്‍ക്കും. പഞ്ചാബ് കിങ്‌സിനെതിരേ രാജസ്ഥാന്റെ പ്രകടനത്തെ പരിതാപകരമെന്നു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കുന്നു, പവര്‍പ്ലേയില്‍ 'ടെസ്റ്റ്' കളിക്കുന്നു. പവര്‍പ്ലേയില്‍ തന്നെ കളിയും വലിച്ചെറിഞ്ഞു. പിച്ചിനെക്കുറിച്ച് അനിശ്ചിതത്വമുള്ളപ്പോള്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെയാണ് പഴിക്കേണ്ടതെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.
തുടര്‍ച്ചയായി നാലു തോല്‍വികള്‍, അവസാനമായി കളിച്ച രണ്ടു മല്‍സരങ്ങളിലും രാജസ്ഥാന്‍ റോയല്‍സ് ടീം ബാറ്റിങില്‍ യാതൊരു ആക്രമണോത്സുകതയും കാണിച്ചില്ല. ഇതേ രീതിയില്‍ തന്നെയാണ് മുന്നോട്ടുള്ള പോക്കെങ്കില്‍ രാജസ്ഥാന്‍ ടീം പ്ലേഓഫിലേക്കു യോഗ്യത നേടാതിരിക്കുന്നതായിരുന്നു നല്ലതെന്നും ആരാധകര്‍ വിമര്‍ശിച്ചു.

പഞ്ചാബ് കിങ്‌സ് ടീം കടലാസില്‍ ദുര്‍ബലരായിരിക്കാം, പക്ഷെ കളിക്കളത്തില്‍ അങ്ങനെയല്ല. സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സ് ടീമും ഫോമില്ലാതെ വലയുകയാണ്. ഭൂരിഭാഗം ഫ്രാഞ്ചൈസികളും സീസണിന്റെ അവസാനത്തോടെയാണ് ഏറ്റവും മികച്ച ഫോമിലേക്കു ഉയരാറുള്ളത്.
പക്ഷെ രാജസ്ഥാന്‍ ടീം നേരെ തിരിച്ചാണ്. സീസണിന്റെ അവസാനത്തേക്കു എല്ലായ്‌പ്പോഴും പതറുന്നതു കാരണമാണ് അവര്‍ക്കു കിരീടവുമില്ലാത്തത്. നായകന്‍ സഞ്ജു സാംസണ്‍ ഇതു ഉടന്‍ പരിഹരിച്ചേ തീരൂയെന്നും ആരാധകര്‍ കുറിക്കുന്നു.
ഓരോ വര്‍ഷത്തെ ഐപിഎല്ലിലും അവസാനത്തേക്കു പതറുകയെന്നത് രാജസ്ഥാന്‍ റോയല്‍സിന്റെ പതിവാണ്. ഇതിനുള്ള കാരണവും കണ്ടെത്തിക്കഴിഞ്ഞു. ടൂര്‍ണമെന്റ് മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കവെ പിച്ച് കൂടുതല്‍ സ്ലോയായി കൊണ്ടിരിക്കുന്നു. സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍ തുടങ്ങി റോയല്‍സ് ടീമിലെ കൂടുതല്‍ പേരും ബാറ്റിങ് വിക്കറ്റുകളില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ കളിക്കാനാണ് ഇവര്‍ക്കു താല്‍പ്പര്യം. പക്ഷെ ഇതു ലഭിക്കാതെ പോവുന്നതോടെ ബാറ്റിങില്‍ ഇവര്‍ ഫ്ളോപ്പാവുന്നുവെന്നും ആരാധകര്‍ വിലയിരുത്തി.