IPL 2024: രോഹിത്തിന്റെ ക്യാപ്റ്റന്‍സി തെറിച്ചു, മുംബൈ അപമാനിച്ചുവോ? കോച്ച് പറയുന്നു
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുകയാണ്. അഞ്ച് തവണ ഐപിഎല്‍ കിരീടം ഉള്‍പ്പെടെ ആറ് കിരീടം മുംബൈക്ക് നേടിക്കൊടുത്താണ് രോഹിത് മുംബൈയുടെ നായകസ്ഥാനം ഒഴിയുന്നത്. ഹാര്‍ദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് മുംബൈ തിരികെ എത്തിച്ചെങ്കിലും രോഹിത്തിന് ഈ സീസണില്‍ക്കൂടി നായകസ്ഥാനത്ത് തുടരാന്‍ സാധിക്കുമെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ അപ്രതീക്ഷിതമായാണ് രോഹിത്തിനെ മുംബൈ ഒഴിവാക്കിയത്. രോഹിത്തിനെ മുംബൈ ഒഴിവാക്കിയതില്‍ ആരാധക പ്രതിഷേധം ശക്തമാണ്. മുംബൈ രോഹിത്തിനെ അപമാനിച്ചെന്നും ഹാര്‍ദിക് രോഹിത്തിനെ പിന്നില്‍ നിന്ന് കുത്തിയെന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നത്. ഭാവി മുന്നില്‍ക്കണ്ടാണ് ഇത്തരമൊരു മാറ്റമെന്നാണ് മുംബൈ ഇന്ത്യന്‍സ് പറയുന്നത്. നായകസ്ഥാനത്ത് നിന്ന് മാറ്റിയതിനെക്കുറിച്ച് രോഹിത് ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനത്തിനെതിരേ ഇപ്പോള്‍ അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകന്‍ ദിനേഷ് ലാദ് പ്രതികരിച്ചിരിക്കുകയാണ്. മുംബൈയുടെ തീരുമാനത്തില്‍ ടീം മാനേജ്‌മെന്റിന് അതൃപ്തിയുണ്ടാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. 'രോഹിത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടാവുമെന്ന് കരുതുന്നില്ല. അവന്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് താരമാണ്. നായകസ്ഥാനത്തേക്കുറിച്ച് അധികം ചിന്തിക്കില്ല. ക്രിക്കറ്റ് കളിക്കാന്‍ മാത്രമാവും ആഗ്രഹിക്കുക.
ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ രോഹിത് കളിക്കുമ്പോള്‍ അത് വലിയ പ്രശ്‌നമായിരിക്കുമെന്ന് കരുതുന്നില്ല'-ലാദ് പറഞ്ഞു. രോഹിത്തിനെ മാറ്റി ഹാര്‍ദിക് പരിശീലകസ്ഥാനത്തേക്കെത്തുമെന്നത് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ പെട്ടെന്ന് രോഹിത്തിന്റെ പടിയിറക്കം പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് വസ്തുത. രോഹിത്തിനെ ഇതിലും നന്നായി നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ മുംബൈക്ക് സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെയ്തിരിക്കുന്നത് അപമാനിക്കലാണ്.

ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരിക്കെ ഹാര്‍ദിക് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഒരു തവണ കപ്പിലേക്കെത്തിക്കാനും രണ്ടാം തവണ ഫൈനലിലേക്കെത്തിക്കാനും ഹാര്‍ദിക്കിനായി. എന്നാല്‍ മുംബൈയ്‌ക്കൊപ്പം ഹാര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. രോഹിത് ശര്‍മക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കില്ലെന്ന് മുന്‍ പരിശീലകന്‍ പറയുമ്പോഴും കാര്യങ്ങള്‍ അങ്ങനെയല്ല. അവസാന സീസണില്‍ മുംബൈയെ അപമാനിച്ച് ഹാര്‍ദിക് സംസാരിച്ചിരുന്നു.
ഇതിന് മറുപടിയുമായി രോഹിത് എത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഹാര്‍ദിക്കിന് കീഴില്‍ രോഹിത് കളിക്കുകയെന്നത് മാനസികമായി പ്രശ്‌നമുണ്ടാക്കുമെന്നുറപ്പ്. ഹാര്‍ദിക്കിനെ മുംബൈ തിരികെ എത്തിച്ചതില്‍ സൂര്യകുമാര്‍ യാദവിനും ജസ്പ്രീത് ബുംറക്കും വിയോജിപ്പുണ്ട്. ഈ സീസണില്‍ രോഹിത്തിന് കീഴില്‍ ഹാര്‍ദിക് കളിക്കുകയും എല്ലാവരുമായി സൗഹൃദത്തിലേക്കെത്തുകയും ചെയ്ത ശേഷം നായകസ്ഥാനം ഏല്‍പ്പിക്കുന്നതായിരുന്നു നല്ലത്.
ഈ സീസണില്‍ ഹാര്‍ദിക് നായകനാവുകയും ടീമിനുള്ളില്‍ ഭിന്നിപ്പുണ്ടാവുകയും ചെയ്താല്‍ പിന്നീട് നടക്കുന്ന മെഗാ ലേലത്തില്‍ ബുംറയും സൂര്യയും കൂടുമാറിയേക്കും. ഇത് മുംബൈയുടെ അടിവേര് തോണ്ടുന്നതുപോലെയാവും. അതുകൊണ്ടുതന്നെ ഇപ്പോള്‍ തിടുക്കപ്പെട്ട ഹാര്‍ദിക്കിനെ മുംബൈയുടെ നായകസ്ഥാനത്തേക്കെത്തിച്ചത് വലിയ മണ്ടത്തരമാണെന്ന് തന്നെ പറയാം. രോഹിത് ശര്‍മയെ ഹാര്‍ദിക് എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് കണ്ടറിയേണ്ടത്.
മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനായിട്ടും ഇത്തരമൊരു പടിയിറക്കലാണ് താരത്തിന് ലഭിച്ചതെന്നതാണ് ദൗര്‍ഭാഗ്യകരം. രോഹിത്തിന്റെ സമീപകാല ഐപിഎല്‍ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ മികവ് ഐപിഎല്ലില്‍ ആവര്‍ത്തിക്കാന്‍ രോഹിത്തിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ രോഹിത് മോശം പ്രകടനം തുടര്‍ന്നാല്‍ മുംബൈയുടെ പ്ലേയിങ് 11ല്‍ നിന്ന് പുറത്തുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഹാര്‍ദിക് തിരിച്ചെത്തുന്നതോടെ മുംബൈ വിട്ട ക്രുണാല്‍ പാണ്ഡ്യയും തിരിച്ചെത്താന്‍ സാധ്യതയുണ്ട്. മികച്ച ഓള്‍റൗണ്ടര്‍മാരേയും പേസര്‍മാരേയും മുംബൈക്ക് ആവശ്യമാണ്. അതുകൊണ്ടുതന്നെ ലേലത്തില്‍ ഹാര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമാവില്ല. അഞ്ച് തവണ കപ്പ് നേടിയ മുംബൈക്കൊപ്പം സിഎസ്‌കെ എത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തവണ കപ്പ് നേടേണ്ടത് മുംബൈക്ക് അഭിമാന പ്രശ്‌നമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications