അഞ്ചു തവണ മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്‍ ചാംപ്യന്‍മാരാക്കിയ രോഹിത് ശര്‍മ ഒടുവില്‍ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ആ തീരുമാനത്തേിലേക്കു എത്തിയിരിക്കുകയാണ്. മുംബൈയ്‌ക്കൊപ്പം ഇതു തന്റെ അവസാനത്തെ സീസണാണെന്നു അദ്ദേഹം ഉറപ്പിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഈ സീസണിനു ശേഷം ടീം വിടാന്‍ രോഹിത് തീരുമാനിച്ചു കഴിഞ്ഞതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയിലുള്ള അതൃപ്തിയാണ് ഇതിനു കാരണം.
സീസണില്‍ ഇതിനകം കളിച്ചിട്ടുള്ള മൂന്നു മല്‍സരങ്ങളിലും മുംബൈ തോറ്റുകഴിഞ്ഞു. പോയിന്റ് പട്ടികയില്‍ ടീം അവസാന സ്ഥാനത്തുമാണ്. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും കളിക്കളത്തില്‍ വച്ച് ഹാര്‍ദിക്കും രോഹിത്തും തമ്മില്‍ ചില തീരുമാനങ്ങളുടെ കാര്യത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള ഈ അഭിപ്രായ വ്യത്യാസങ്ങള്‍ ടീമിനകത്തെ അന്തരീക്ഷത്തെയും മോശമായി ബാധിച്ചിട്ടുണ്ട്. ഇതോടെയാണ് സീസണ്‍ കഴിഞ്ഞ ശേഷം മുംബൈ വിടുകയെന്ന തീരുമാനത്തിലേക്കു രോഹിത്തിനെ എത്തിച്ചിട്ടുള്ളത്.

ന്യൂസ് 24 എന്ന ചാനലാണ് ഈ സീസണിനു ശേഷം രോഹിത് മുംബൈ വിടുമെന്ന നിര്‍ണാക വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ അദ്ദേഹത്തിനു അതൃപ്തിയുണ്ടെന്നു മുംബൈ ടീമിലെ താരം ഒരു അറിയിച്ചു കഴിഞ്ഞതായും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാര്‍ദിക്കുമായുള്ള രോഹിത്തിന്റെ അഭിപ്രായ വ്യത്യാസം ഡ്രസിങ് റൂമിലും തര്‍ക്കത്തിനു വഴിയൊരുക്കിയിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമിനൊപ്പം ഐപിഎല്‍ കരിയറാരംഭിച്ച രോഹിത് 2011ലാണ് മുംബൈയുടെ തട്ടകത്തിലെത്തിയത്. 9.2 കോടി രൂപയ്ക്കായിരുന്നു അന്നു ലേലത്തില്‍ ഹിറ്റ്മാനെ മുംബൈ സ്വന്തമാക്കിയത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2013ലെ സീസണിന്റെ പകുതിയോടെയാണ് രോഹിത് നായകസ്ഥാനത്തേക്കു വന്നത്. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങായിരുന്നു സീസണില്‍ മുംബൈയുടെ ക്യാപ്റ്റന്‍. പക്ഷെ ടീമിന്റെ മോശം പ്രകടനങ്ങള്‍ കാരണം സീസണിന്റെ പകുതിയോടെ അദ്ദേഹം ക്യാപ്റ്റന്‍സിയൊഴിഞ്ഞു.
തുടര്‍ന്നാണ് രോഹിത്തിനു നായകനായി നറുക്കുവീണത്. ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ മുംബൈയെ അദ്ദേഹം കന്നി ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുകയും ചെയ്തു. പിന്നീട് രോഹിത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മുംബൈയുടെ എക്കാലത്തെയും വലിയ ഇതിഹാസ താരമായി അദ്ദേഹം വളരുകയായിരുന്നു. നാലു ഐപിഎല്‍ ട്രോഫികള്‍ കൂടി രോഹിത് പിന്നീട് മുംബൈയുടെ ക്യാബിനിലെത്തിച്ചു. 2020ലായിരുന്നു അവസാന കിരീടവിജയം.

ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല ബാറ്ററെന്ന നിലയിലും മുംബൈയുടെ ഐക്കണ്‍ താരമാണ് ഹിറ്റ്മാന്‍. ഇതുവരെ 201 മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞ അദ്ദേഹത്തിന്റെ സമ്പാദ്യം 5110 റണ്‍സാണ്. ടീമിനായി ഇത്രയേറെ സംഭാവനകള്‍ നല്‍കിയിട്ടും ഈ സീസണിനു മുമ്പ് തികച്ചും അപ്രതീക്ഷിതമായിട്ടാണ് രോഹിത് ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കപ്പെട്ടത്. ട്രേഡ് വിന്‍ഡോയില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക്കിനെ സ്വന്തമാക്കിയ മുംബൈ അദ്ദേഹത്തെ ക്യാപ്റ്റന്‍സിയും ഏല്‍പ്പിക്കുകയായിരുന്നു.
എന്നാല്‍ ഈ തീരുമാനം ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നായി മാറുകയും ചെയ്തു. ഹാര്‍ദിക് ക്യാപ്റ്റനായ ശേഷം മുംബൈ ടീമിനകത്തു തന്നെ രണ്ടു ഗ്രൂപ്പുകള്‍ രൂപപ്പെട്ടു കഴിഞ്ഞു. ഒരു വിഭാഗം രോഹിത്തിനൊപ്പം നില്‍ക്കുമ്പോള്‍ മറ്റൊരു വിഭാഗം ഹാര്‍ദിക്കിനെ അനുകൂലിക്കുന്നവരാണ്.
സീനിയര്‍ താരങ്ങളുടെ പിന്തുണ രോഹിത്തിനാണ്. കൂടാതെ യുവതാരങ്ങളില്‍ പലരും അദ്ദേഹത്തെ അനുകൂലിക്കുന്നവരുമാണ്. എന്നാല്‍ ഇഷാന്‍ കിഷനും മറ്റു ചില താരങ്ങളും ഹാര്‍ദിക്കിനെയാണ് അനുകൂലിക്കുന്നത്.