മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ എല്ലാ താരങ്ങളേയും സംബന്ധിച്ച് വളരെ സുപ്രധാനമാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിനെ ഐപിഎല്ലിലെ പ്രകടനം സ്വാധീനിക്കുമെന്നതിനാല്‍ എല്ലാ താരങ്ങളും വളരെ പ്രതീക്ഷയോടെയാണ് ഐപിഎല്ലിലെ പ്രകടനത്തെ കാണുന്നത്. ഇന്ത്യയുടെ സെലക്ടര്‍മാരെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പിനുള്ള ടീം സെലക്ഷന്‍ ഒട്ടും എളുപ്പമല്ല. പല കാര്യങ്ങളിലും വലിയ ആശയക്കുഴപ്പം തുടരുകയാണ്.
മുംബൈ ഇന്ത്യന്‍സ് നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചയാവുന്നത്. മുംബൈ നായകസ്ഥാനത്തേക്ക് ഹാര്‍ദിക് എത്തിയത് രോഹിത് ശര്‍മയെ മാറ്റിയാണ്. ഇത് വലിയ വിവാദമായിരുന്നു. ഈ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക്കിന് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ ടി20 ലോകകപ്പിലേക്ക് പരിഗണിക്കണമോയെന്നത് പ്രസക്തമായ ചോദ്യമാണ്.
മുംബൈ ഇന്ത്യന്‍സിനായി ആദ്യ മത്സരങ്ങളില്‍ പന്തെറിഞ്ഞെങ്കിലും അവസാന മത്സരങ്ങളില്‍ ഹാര്‍ദിക് അധികം ഓവറുകള്‍ പന്തെറിഞ്ഞിട്ടില്ല. ഇതിന് കാരണം ടീമിന്റെ പദ്ധതികളാണെന്നാണ് ഹാര്‍ദിക് പറയുന്നത്. എന്നാല്‍ വസ്തുത മറ്റൊന്നാണെന്നതാണ് സത്യം. ഹാര്‍ദിക് പൂര്‍ണ്ണ ഫിറ്റ്‌നസോടെയല്ല കളിക്കുന്നത്. താരത്തിന്റെ കാലിന്റെ പരിക്കുണ്ടെന്ന റിപ്പോര്‍ട്ട് മുംബൈ ടീം വൃത്തങ്ങള്‍ തന്നെയാണ് പുറത്തുവിട്ടത്. ഇതിന് പിന്നില്‍ രോഹിത് ശര്‍മയുടെ ബുദ്ധിയാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
ഒരു തവണ പൂര്‍ണ്ണ ഫിറ്റ്‌നസില്ലാത്ത ഹാര്‍ദിക്കിനെ ഇന്ത്യ ലോകകപ്പ് കളിപ്പിച്ചത് വലിയ വിവാദത്തിന് കാരണമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ സെലക്ടര്‍മാര്‍ സാഹസത്തിന് മുതിരില്ല. ഹാര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ഉപയോഗിക്കാന്‍ സാധിക്കുമോയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയെ രോഹിത് ശര്‍മയാവും ടി20 ലോകകപ്പില്‍ നയിക്കുകയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അതുകൊണ്ടുതന്നെ രോഹിത് ഹാര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ വലിയ താല്‍പര്യം കാട്ടിയേക്കില്ല.
മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മ ഇറങ്ങാന്‍ കാരണം ഹാര്‍ദിക്കിന്റെ ഇടപെടലാണ്. ഇതിന്റെ ചൊരുക്ക് ലോകകപ്പില്‍ രോഹിത് ശര്‍മ തീര്‍ക്കുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. ഹാര്‍ദിക്കിന്റെ പരിക്കിന്റെ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിക്കൊടുത്തത് രോഹിത്താണോയെന്നത് സംശയിക്കേണ്ടിയിരിക്കുന്നു. പരിക്കിനെത്തുടര്‍ന്ന് പന്തെറിയാന്‍ ഹാര്‍ദിക് പ്രയാസപ്പെടുന്നുണ്ട്. എന്നാല്‍ ലോകകപ്പ് മുന്നില്‍ക്കണ്ട് ഓള്‍റൗണ്ടര്‍ പേര് നിലനിര്‍ത്തേണ്ടതായുണ്ട്.
അതുകൊണ്ടുതന്നെയാണ് പ്രയാസപ്പെട്ട് ഒരോവറെങ്കിലും ഹാര്‍ദിക്കെറിയുന്നത്. എന്നാല്‍ ഹാര്‍ദിക്കിന് കടുത്ത ഭീഷണി ഉയര്‍ത്താന്‍ ചില താരങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട താരം സിഎസ്‌കെയുടെ ശിവം ദുബെയാണ്. മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ദുബെക്ക് സാധിക്കുന്നു. സ്പിന്നര്‍മാരെ നന്നായി നേരിടുന്ന ദുബെ മീഡിയം പേസറെന്ന നിലയിലും ടീമിന് ഉപകാരിയായ താരമാണ്. ടി20 ലോകകപ്പില്‍ സ്ഥാനം ദുബെയും ലക്ഷ്യമിടുന്നു.

അതുകൊണ്ടുതന്നെ ബാറ്റിങ്ങിനോടൊപ്പം ഇടക്ക് ബൗളിങ്ങിലും ദുബെ കൈവെക്കുന്നുണ്ട്. ഇക്കോണമി പ്രശ്‌നമാണെങ്കിലും ഒന്നോ രണ്ടോ ഓവറിലേക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് ദുബെ. ഡെത്തോവറില്‍ ഹാര്‍ദിക്കിനെക്കാള്‍ അപകടകാരിയായ താരമായി മാറാന്‍ ദുബെക്ക് സാധിക്കുന്നുണ്ട്. ഹാര്‍ദിക് ടീമിലെത്തിയാല്‍ ദുബെയെ പരിഗണിക്കുക കടുപ്പമായിരിക്കും. നിലവിലെ സാധ്യതകളില്‍ ഹാര്‍ദിക്കിന് കാര്യങ്ങള്‍ പ്രയാസമാണ്.
കെകെആര്‍ താരം വെങ്കടേഷ് അയ്യരും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പ്രതീക്ഷിക്കുകയാണ്. മീഡിയം പേസ് ഓള്‍റൗണ്ടറാണ് വെങ്കടേഷ്. മധ്യനിരയില്‍ കളിക്കാന്‍ ഇടം കൈയന്‍ താരത്തിന് ശേഷിയുണ്ട്. എന്നാല്‍ ബൗളിങ്ങിലെ ഇക്കോണമി പ്രശ്‌നമാണ്. എന്തായാലും രോഹിത് നയിക്കുന്ന ഇന്ത്യന്‍ ടീമിലേക്ക് അനായാസമെത്താന്‍ ഹാര്‍ദിക്കിന് സാധിക്കില്ലെന്നുറപ്പ്.