17ാമത് ഐപിഎല്ലിനു വെള്ളിയാഴ്ച തുടക്കം കുറിക്കാനിരിക്കവെ ആദ്യ പരിശീലന മല്‍സരം കളിച്ചിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ഹോംഗ്രൗണ്ടായ മുംബൈയിലെ വാംഖഡെയില്‍ കളി കാണാന്‍ 3000 ആരാധകര്‍ക്കു സ്‌റ്റേഡിയത്തില്‍ പ്രവേശനം അനുവദിച്ചിരുന്നു. ഈ മല്‍സരവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തു വരികയും ചെയ്തിരിക്കുകയാണ്. പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും മുന്‍ നായകന്‍ രോഹിത് ശര്‍യും രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇന്‍ട്രാ- സ്‌ക്വാഡ് മല്‍സരത്തില്‍ കൊമ്പുകോര്‍ത്തത്.
രോഹിത്തിന്റെ നായകസ്ഥാനം ഹാര്‍ദിക് തട്ടിയെടുത്തതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ വീണ്ടും ചൂടുപിടിക്കവെ രോഹിത് പരിശീലന മല്‍സരത്തില്‍ ഹാര്‍ദിക്കിനെ ശരിക്കും കൈകാര്യം ചെയ്തുവെന്നാണ് വ്യക്തമവുന്നത്. ഹാര്‍ദിക്കിന്റെ ഒരോവറില്‍ 17 റണ്‍സാണ് ഹിറ്റ്മാന്‍ വാരിക്കൂട്ടിയത്. രണ്ടു സിക്‌സറും ഒരു ഫോറുമുള്‍പ്പെടെയാണിത്. തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പുറത്താക്കിയതില്‍ ഹാര്‍ദിക്കിനോടു രോഹിത് ബാറ്റ് കൊണ്ട് കണക്കുതീര്‍ത്തിരിക്കുകയാണെന്നാണ് ആരാധകരുടെ വാദം.

ഈ മല്‍സരത്തില്‍ രോഹിത് ഫിഫ്റ്റിയും കുറിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാവുന്നത്. മല്‍സരത്തില്‍ ഹാര്‍ദിക്കിന്റെ ടീമിനെതിരേ 77 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. വെറും 38 ബോളുകളില്‍ നിന്നാണിത്. ഈ മല്‍സരത്തില്‍ ബാറ്റിങില്‍ ഏറ്റവും മികച്ചുനിന്നതും രോഹിത് തന്നെയാണ്.
തിലക് വര്‍മയാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. 12 ബോളുകള്‍ നേരിട്ട അദ്ദേഹം 25 റണ്‍സ് സ്‌കോര്‍ ചെയ്തു. ഇഷാന്‍ കിഷന്‍ 14 ബോളില്‍ 19 റണ്‍സെടുത്തപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡ് ഏഴു ബോളില്‍ 18 റണ്‍സും നേടി. ബൗളിങില്‍ രോഹിത്തില്‍ നിന്നും തല്ലുവാങ്ങിയ ഹാര്‍ദിക്കിനു ബാറ്റിങിലും തിളങ്ങാനായില്ല. ഒമ്പതു ബോളില്‍ രണ്ട് റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ.
ഞായറാഴ്ച രാത്രി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ മുന്‍ ചാംപ്യന്‍മാരും കഴിഞ്ഞ തവണത്തെ റണ്ണറപ്പുമായ ഗുജറാത്ത് ടൈറ്റന്‍സുമായിട്ടാണ് മുബൈയുടെ ആദ്യ പോരാട്ടം. കഴിഞ്ഞ രണ്ടു സീസണുകളിലും ജിടിയെ ഗംഭീരമായി നയിച്ച ശേഷം ഹാര്‍ദിക് തന്റെ പഴയ തട്ടകത്തില്‍ മടങ്ങിയെത്തുന്നുവെന്ന പ്രത്യേകത കൂടി ഈ മല്‍സരത്തിനുണ്ട്. മിനി താരലേലത്തിനു മുന്നോടിയായി ട്രേഡ് വിന്‍ഡോയിലാണ് ജിടി ക്യാപ്റ്റനായിരുന്ന അദ്ദേഹത്തെ മുംബൈ തിരികെ കൊണ്ടുവന്നത്.

ഹാര്‍ദിക്കിനു വേണ്ടി മുടക്കാന്‍ പഴ്‌സില്‍ പണമില്ലാത്തതിനാല്‍ ഓസ്‌ട്രേലിയയുടെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു മുംബൈ വില്‍ക്കുകയും ചെയ്തിരുന്നു. ഗ്രീന്‍ ടീമില്‍ വേണമെന്ന് അന്നു ക്യാപ്റ്റനായിരുന്ന രോഹിത് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതു തള്ളിയാണ് മുംബൈ ടീം മാനേജ്‌മെന്റ ഹാര്‍ദിക്കിനെ കൊണ്ടുവന്നത്. ദിവസങ്ങള്‍ക്കകം തന്നെ രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പുറത്താക്കിയ മുംബൈ പകരം ഹാര്‍ദിക്കിനെ ചുമതലയേല്‍പ്പിക്കുകയും ചെയ്തു.
അന്നു മുതല്‍ മുംബൈ ടീമും ഹാര്‍ദിക്കും വലിയ ആരാധകരോഷമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. രോഹിത്തിന്റെ ആരാധകര്‍ മുഴുവന്‍ മുംബൈ ടീമിനെ കൈവിട്ടുകഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ എണ്ണത്തില്‍ വലിയ ഇടിവാണ് അതിനു ശേഷം മുംബൈയ്ക്കുണ്ടായിട്ടുള്ളത്. ലക്ഷക്കണക്കിനു ഫോളോവേഴ്‌സിനെ അവര്‍ക്ക് ഇതിനകം നഷ്ടമായിക്കഴിഞ്ഞു.
ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ടീം ഇത്തവണ എങ്ങനെയാവും പെര്‍ഫോം ചെയ്യുകയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍ ഉറ്റുനോക്കുന്നത്. ജിടിയിലേതു പോലെയൊരു മാജിക് പുറത്തെടുക്കാനായാല്‍ വിമര്‍ശകരുടെ വായടപ്പിക്കാനും ഹേറ്റേഴേ്‌സിനെ കൂടി തന്റെ ഫോളോവേഴ്‌സാക്കി മാറ്റാനും ഹാര്‍ദിക്കിനു സാധിക്കുകയും ചെയ്യും.