മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ കൊടിയിറങ്ങാനൊരുങ്ങവെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്നത് മുംബൈ ഇന്ത്യന്‍സിന്റെ തകര്‍ച്ചയാണ്. സൂപ്പര്‍ താരനിരയുമായെത്തിയ മുംബൈക്ക് സീസണില്‍ തൊട്ടതെല്ലാം പിഴച്ചു. രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കാനുള്ള മുംബൈ മാനേജ്‌മെന്റിന്റെ തീരുമാനം ടീമിനെ രണ്ട് തട്ടിലാക്കി. ഇതോടെ മുംബൈ ടീമിന്റെ പ്രകടന നിലവാരം താഴോട്ട് പോവുകയും ടീം പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു.
ഐപിഎല്ലിന് ശേഷം ടി20 ലോകകപ്പ് വരാന്‍ പോവുകയാണ്. ഇന്ത്യയുടെ നായകസ്ഥാനത്ത് രോഹിത്തും വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് ഹാര്‍ദിക്കുമാണ്. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ചും ഭാവിയെക്കുറിച്ചും രോഹിത് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഉയര്‍ച്ചകളെക്കാള്‍ താഴ്ച നേരിട്ടിട്ടുള്ളതിനാല്‍ ഒരു പ്രശ്‌നങ്ങളും തന്നെ ബാധിക്കില്ലെന്നാണ് രോഹിത് പറയുന്നത്.
'മനോഹരമായ യാത്രയാണിത്. 17 വര്‍ഷമായി കരിയര്‍ മുന്നോട്ട് പോകുന്നു. കുറച്ച് വര്‍ഷം കൂടി കളിക്കാനാവുമെന്നും ലോക ക്രിക്കറ്റില്‍ ഇനിയും ഇംപാക്ട് സൃഷ്ടിക്കാനാവുമെന്നും കരുതുന്നു. മാതൃരാജ്യത്തെ നയിക്കുകയെന്നത് വലിയ അംഗീകാരവും ആദരവുമാണ്. എന്നെങ്കിലും ഇന്ത്യയുടെ നായകനാവുമെന്നത് കരിയറില്‍ ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. എന്നാല്‍ ആളുകള്‍ പറയുന്നതുപോലെ നല്ല ആളുകള്‍ക്ക് നല്ലത് സംഭവിക്കും.
ഇന്ത്യയുടെ നായകനായപ്പോള്‍ ടീമിനെ ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് ശ്രമിച്ചത്. എങ്കില്‍ മാത്രം ടീം മത്സരമെന്ന നിലയില്‍ മുന്നോട്ട് പോകാന്‍ സാധിക്കൂ. വ്യക്തിപരമായ നേട്ടങ്ങളോ ലക്ഷ്യങ്ങളോ അല്ല പ്രധാനം. 11 പേരും കിരീടമെന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ് പോകുന്നത്. എന്റെ കരിയറില്‍ ഉയര്‍ച്ചയെക്കാള്‍ താഴ്ച്ചയാണ് നേരിട്ടിട്ടുള്ളത്. കരിയറിലെയും ജീവിതത്തിലേയും പരാജയങ്ങള്‍ നേരിട്ടതുകൊണ്ടാണ് ഞാന്‍ ഇന്നത്തെ ഞാനായത്' രോഹിത് പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റിയത് വലിയ വിവാദമായിരുന്നു. മുംബൈയെ അഞ്ച് തവണ കിരീടം ചൂടിച്ച നായകനാണ് രോഹിത്. എന്നാല്‍ അദ്ദേഹത്തോട് ആവശ്യത്തിന് ചര്‍ച്ച നടത്താതെ രോഹിത്തിനെ മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. മുംബൈയിലേക്കെത്താന്‍ നായകസ്ഥാനം നല്‍കണമെന്ന് ഹാര്‍ദിക് ആവശ്യപ്പെട്ടെന്ന ആരോപണവും ശക്തമായി. ഇതോടെ രോഹിത്, ഹാര്‍ദിക് ബന്ധം മോശമായി.
രോഹിത് ശര്‍മയുടെ കരിയറിന്റെ അവസാന സമയത്ത് അര്‍ഹിച്ച പിന്തുണ ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ഈ സീസണോടെ രോഹിത് മുംബൈയുടെ പടിയിറങ്ങിയേക്കും. രാജകീയമായ യാത്രയയപ്പ് രോഹിത് അര്‍ഹിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു യാത്രയയപ്പ് രോഹിത്തിന് ലഭിക്കില്ലെന്ന് ഉറപ്പാണ്. ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത് ശര്‍മക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
രോഹിത്തിന് കീഴിലാണ് ഇന്ത്യ 2023ലെ ഏകദിന ലോകകപ്പ് കളിച്ചത്. ഫൈനലിലെത്തിയെങ്കിലും കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത്തിനായില്ല. ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടിക്കൊടുക്കാനാവാത്ത പക്ഷം രോഹിത് ശര്‍മയുടെ ഇന്ത്യന്‍ കരിയറും അവസാനിച്ചേക്കും. ഐപിഎല്ലിലെ പ്രശ്‌നങ്ങള്‍ ടി20 ലോകകപ്പിലേക്ക് നീളാതെ ഒതുക്കാന്‍ രോഹിത്തിന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ അതൊട്ടും എളുപ്പമാവില്ലെന്നുറപ്പ്.
കഴിഞ്ഞ ദിവസം മുംബൈയുടെ നെറ്റ്‌സിലേക്ക് ഹാര്‍ദിക് എത്തിയപ്പോള്‍ രോഹിത്തും സൂര്യകുമാര്‍ യാദവും പരിശീലനം അവസാനിപ്പിച്ച് മടങ്ങിയിരുന്നു. ഐപിഎല്ലിലെ പ്രശ്‌നങ്ങള്‍ ഐപിഎല്ലിനുള്ളില്‍ ഒതുങ്ങാറാണ് പതിവെങ്കിലും രോഹിത്, ഹാര്‍ദിക് പോരാട്ടം അങ്ങനെയാവാന്‍ വഴിയില്ല. രണ്ട് പേരും തമ്മിലുള്ള ഉടക്ക് ടി20 ലോകകപ്പിലും തുടര്‍ന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ക്കത് കടുത്ത തിരിച്ചടിയായി മാറിയേക്കും. രോഹിത് ഐസിസി കിരീടം അര്‍ഹിക്കുന്ന ക്യാപ്റ്റനാണ്.
അതിനുള്ള മികവും രോഹിത്തിന് അവകാശപ്പെടാനാവും. എന്തായാലും ഇത്തവണ ശക്തമായ ടീമുമായാണ് ഇന്ത്യ ടി20 ലോകകപ്പിനിറങ്ങുന്നത്. കപ്പ് നേടി മടങ്ങാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.