മുംബൈ: റണ്‍മഴ കണ്ട ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ സ്വന്തം കാണികള്‍ക്കു മുന്നില്‍ തകര്‍ത്തുവിട്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. കിടിലന്‍ സെഞ്ച്വറിയുമായി മുന്‍ നായകന്‍ രോഹിത് ശര്‍മ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മുംബൈയെ ജയിപ്പിക്കാന്‍ അതു മതിയായിരുന്നില്ല. 20 റണ്‍സിന്റെ വിജയമാണ് വാംഖഡെയില്‍ സിഎസ്‌കെ സ്വന്തമാക്കിയത്. രണ്ടു തുടര്‍ വിജയങ്ങള്‍ക്കു ശേഷം മുംബൈ ഈ കളിയിലൂടെ വീണ്ടും തോല്‍വിയിലേക്കു വീണിരിക്കുകയാണ്.
207 റണ്‍സെന്ന വലിയ വിജയലക്ഷ്യമാണ് മുംബൈയ്ക്കു സിഎസ്‌കെ നല്‍കിയത്. മുംബൈ വീറോടെ തന്നെ പൊരുതിനോക്കിയെങ്കിലും ലക്ഷ്യം അപ്രാപ്യമായിരുന്നു. ആറു വിക്കറ്റിനു 186 റണ്‍സെടുത്ത് മുംബൈ മല്‍സരം അടിയറവച്ചു. രോഹിത് (105*) അപരാജിത സെഞ്ച്വറിയോടെ ക്രീസില്‍ നിന്നെങ്കിലും മറ്റാരില്‍ നിന്നും കാര്യമായ പിന്തുണ കിട്ടാതിരുന്നത് മുംബൈയ്ക്കു തിരിച്ചടിയായി. 63 ബോളില്‍ 11 ഫോറും അഞ്ചു സിക്‌സറുമുള്‍പ്പെട്ടതാണ് ഹിറ്റ്മാന്റെ ഇന്നിങ്‌സ്.

തിലക് വര്‍മ (31), ഇഷാന്‍ കിഷന്‍ (23) എന്നിവരാണ് മുംബൈ ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍. ഒരോവറിലെ രണ്ടു വിക്കറ്റുകളടക്കം കളിയില്‍ നാലു വിക്കറ്റുകള്‍ പിഴുത ശ്രീലങ്കന്‍ പേസ് സെന്‍സേഷന്‍ മതീശ പതിരാനയാണ് സിഎസ്‌കെയുടെ വിജയശില്‍പ്പി. നാലോവറില്‍ 28 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്.
വാംഖഡെയില്‍ ഒരിക്കല്‍ക്കൂടി ടോസ് ഭാഗ്യം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം നിന്നു. നാലു വിക്കറ്റിനു 206 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ചെന്നൈക്കായിരുന്നു. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെയും (69) ശിവം ദുബെയുടെയും (66*) ഫിഫ്റ്റികളാണ് സിഎസ്‌കെയെ മികച്ച ടോട്ടലിലെത്തിച്ചത്. ഇതിഹാസം താരം എംഎസ് ധോണിയുടെ (നാലു ബോളില്‍ 20*) കിടിലന്‍ ഫിനിഷിങ് കൂടി വന്നതോടെ സിഎസ്‌കെയുടെ ടോട്ടല്‍ 200 കടക്കുകയും ചെയ്തു.

നേരത്തേ ബാറ്റിങ് ലൈനപ്പില്‍ ഒരു സര്‍പ്രൈസ് മാറ്റവുമായാണ് സിഎസ്‌കെ ഇറങ്ങിയത്. നായകന്‍ റുതുരാജിനു പകരം അജിങ്ക്യ രഹാനെയെയാണ് ഓപ്പണിങില്‍ പരീക്ഷിച്ചത്. പക്ഷെ ഈ നീക്കം വന്‍ പരാജയമായി മാറുകയും ചെയ്തു. എട്ടു ബോളില്‍ അഞ്ചു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം മടങ്ങി. തുടര്‍ന്ന് രണ്ടാം ഓവറില്‍ തന്നെ വണ്‍ ഡൗണായി റുതുരാജ് ക്രീസിലെത്തി. രണ്ടാം വിക്കറ്റില്‍ രചിന്‍ രവീന്ദ്രയ്‌ക്കൊപ്പെം 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. റണ്ണെടുക്കാന്‍ പാടുപെട്ട രചിന്‍ 16 ബോളില്‍ 21 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
മല്‍സരഗതി മാറ്റിയത് മൂന്നാം വിക്കറ്റില്‍ റുതുരാജ്- ദുബെ ജോടിയുടെ തകര്‍പ്പന്‍ കൂട്ടുകെട്ടാണ്. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച ഈ ജോടി 90 റണ്‍സാണ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഇതോടെ 16ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ സിഎസ്‌കെ 150 കടക്കുകയും ചെയ്തു. അതിനു ശേഷമായിരുന്നു ധോണിയുടെ സൂപ്പര്‍ ഫിനിഷിങ്.
20ാം ഓവറില്‍ ക്രീസിലെത്തിയ അദ്ദേഹം ഹാട്രിക്ക് സിക്‌സറുകളടക്കം 20 റണ്‍സ് വാരിക്കൂട്ടിയതോടെ സിഎസ്‌കെ 206 റണ്‍സിലെത്തുകയും ചെയ്തു. 40 ബോളില്‍ അഞ്ചു വീതം ഫോറും സിക്‌സറുമടക്കമാണ് 69 റണ്‍സോടെ റുതു ടീമിന്റെ അമരക്കാരനായത്. ദുബെ 38 ബോളില്‍ 10 ഫോറും രണ്ടു സിക്‌സറുമടിച്ചു.
പ്ലെയിങ് ഇലവന്‍
മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേര്‍ഡ്, ശ്രേയസ് ഗോപാല്‍, ജസ്പ്രീത് ബുംറ, ജെറാള്‍ഡ് കോട്‌സി, ആകാശ് മധ്വാള്‍.
ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരില്‍ മിച്ചെല്‍, സമീര്‍ റിസ്വി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ശര്‍ദ്ദുല്‍ ടാക്കൂര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, തുഷാര്‍ ദേശ്പാണ്ഡെ, മതീശ പതിരാന.