മുംബൈ: മുംബൈ ഇന്ത്യന്‍സ് ടീമിനോടൊപ്പം ഐപിഎല്ലില്‍ ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറിയ മുന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു രൂക്ഷവിമര്‍ശനം. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഹോംഗ്രൗണ്ടായ വാംഖഡെയില്‍ നടന്ന കഴിഞ്ഞ മല്‍സരത്തിലും ഹിറ്റ്മാന്‍ ബാറ്റിങില്‍ ക്ലച്ച് പിടിച്ചില്ല. ടി20 ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കെ രോഹിത് തുടര്‍ച്ചയായി ബാറ്റിങില്‍ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്നത് ഇന്ത്യക്കു വലിയ ആശങ്കയായി മാറിയിരിക്കുകയാണ്.
റണ്‍ചേസില്‍ ഇഷാന്‍ കിഷനോടൊപ്പം ഓപ്പണറായി ഇറങ്ങിയ രോഹിത്തിനു അഞ്ചു ബോളില്‍ ഒരു ഫോറടക്കം നാലു റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ. നാലാം ഓവറില്‍ തന്നെ ഹൈദരാബാദ് ക്യാപ്റ്റനും ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസറുമായ പാറ്റ് കമ്മിന്‍സ് അദ്ദേഹത്തെ മടക്കുകയായിരുന്നു. ഓവറിലെ രണ്ടാമത്തെ ബോളിലാണ് ഹിറ്റ്മാന്റെ വിലപ്പെട്ട വിക്കറ്റ് എസ്ആര്‍എച്ച് കൈക്കലാക്കിയത്.

മിഡില്‍സ്റ്റംപ് ഏരിയയില്‍ ഒരു ലെങ്ത്ത് ബോളാണ് കമ്മിന്‍സ് എറിഞ്ഞത്. സ്‌ക്വയറിന പിന്നിലേക്കു ഫ്‌ളിക്ക് ചെയ്യാനായിരുന്നു രോഹിത്തിന്റെ ശ്രമം. പക്ഷെ കണക്കുകൂട്ടല്‍ പാടെ പിഴച്ചു. എഡ്ജായ ബോള്‍ കുത്തനെ മുകളിലേക്കാണ് ഉയര്‍ന്നത്. വിക്കറ്റ് കീപ്പര്‍ ഹെന്‍ട്രിച്ച് ക്ലാസെന്‍ അതു വളരെ അനായാസം കൈയ്ക്കുള്ളിലാക്കുകയും ചെയ്തു. ഇതോടെ വളരെയധികം നിരാശനായി രോഹിത്തിനു ഒരിക്കല്‍ക്കൂടി ക്രീസ് വിടേണ്ടി വരികയും ചെയ്തു.
ടി20യില്‍ ഇതു നാലാം തവണയാണ് രോഹിത്തിന്റെ വിക്കറ്റ് കമ്മിന്‍സ് കൈക്കലാക്കിയത്. ഇതുവരെ ഒമ്പതു ടി20 ഇന്നിങ്‌സുകളിലാണ് ഇരുവരും മുഖാമുഖം വന്നിട്ടുള്ളത്. ഇവയില്‍ കമ്മിന്‍സിനെതിരേ 41 ബോളുകള്‍ നേരിട്ട രോഹിത്തിനു സ്‌കോര്‍ ചെയ്യാനായത് വെറും 57 റണ്‍സ് മാത്രം. 14.25 എന്ന മോശം ശരാശരിയോടെയാണിത്.
മുംബൈയ്ക്കു വേണ്ടി അവസാനമായി കളിച്ച അഞ്ചു ഇന്നിങ്‌സുകളില്‍ വെറും 33 റണ്‍സ് മാത്രമേ രോഹിത്തിനു സ്‌കോര്‍ ചെയ്യാനായിട്ടുള്ളൂ. ഇതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് പ്രേമികളുടെ ഭാഗത്തു നിന്നു വലിയ വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനു നേരിടേണ്ടി വന്നത്.
ഈയൊരു ഘട്ടത്തില്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു രോഹിത് ശര്‍മ തിരഞ്ഞെടുക്കപ്പെട്ടത് ചോദ്യം ചെയ്യപ്പെടും. ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ നിലവില്‍ ഏറ്റവും മോശമയി പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. ഇന്ത്യന്‍ ടീമില്‍ സ്ഥാനം പോലുമര്‍ഹിക്കാത്ത രോഹിത്തിനു എന്തിനാണ് ക്യാപ്റ്റന്‍സി കൂടി നല്‍കിയിരിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ തുറന്നടിക്കുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറിനെ രോഹിത് ശര്‍മ ഉടന്‍ വിളിക്കേണ്ടത് ആവശ്യമാണ്. ടി20 ടീമില്‍ നിന്നും തന്റെ രാജി അഗാര്‍ക്കറിനു കൈമാറുകയും വേണം. ലോകകപ്പില്‍ ഇന്ത്യയെ ഹാര്‍ദിക് പാണ്ഡ്യ നയിക്കട്ടെ. നിങ്ങള്‍ക്കു ഇങ്ങനെയൊരു ഫോമില്‍ ലോകകപ്പിനു പോവാന്‍ കഴിയില്ലെന്നും ക്രിക്കറ്റ് പ്രേമികള്‍ ആഞ്ഞടിക്കുകയാണ്
രോഹിത് ശര്‍മയ്ക്കു തന്റെ കഴിവ് ഇപ്പോള്‍ പൂര്‍ണമായി നഷ്ടമായിരിക്കുകയാണ്. ഈ കാര്യം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ഏറ്റവും കുറഞ്ഞത് ടി20യില്‍ എങ്കിലും രോഹിത്തിന്റെ കരിയര്‍ അസ്തമിച്ചിരിക്കുകയാണ്. ക്യാപ്റ്റന്‍ അല്ലായിരുന്മെങ്കില്‍ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ പോലും അദ്ദേഹത്തിനു ഇടം ലഭിക്കില്ലായിരുന്നുവെന്നും ആരാധകര്‍ വിമര്‍ശിച്ചു.
ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ പോവുന്നത് രോഹിത് ശര്‍മയാണെന്നു അറിയുമ്പോള്‍ ഭയം തോന്നുന്നു. ഇത്ര ദയനീയമായ പ്രകടനം മുംബൈ ഇന്ത്യന്‍സിനൊപ്പം നടത്തിക്കൊണ്ടിരിക്കെയാണ് രോഹിത്തിന്റെ ആരാധകര്‍ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ വിരാട് കോലിയെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു.