രോഹിത് ശര്‍മയെ ഐപിഎല്ലിന്റെ 17ാം സീസണിനു മുമ്പ് മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തു നിന്നും മാറ്റിയതിനെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ക്യാപ്റ്റന്‍സിയില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായി മാറ്റിയത് രോഹിത്തിനു വലിയ ഷോക്കായിരിക്കുമെന്നാണ് ഭാജിയുടെ അഭിപ്രായം. കഴിഞ്ഞ ഡിസംബറിലാണ് മിനി താരലേലത്തിനു ദിവസങ്ങള്‍ മാത്രം മുമ്പ് രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും മുംബൈ പുറത്താക്കിയത്. പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനായി നിയമിക്കുകയുമായിരുന്നു.
ട്രേഡ് വിന്‍ഡോയിലാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക്കിനെ മുംബൈ തിരികെ വാങ്ങിയത്. ഇതിനായി പണം സ്വരൂപിക്കാന്‍ ഓസ്‌ട്രേലിയയുടെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു മുംബൈ വില്‍ക്കുകയും ചെയ്തിരുന്നു. രോഹിത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെയാണ് ഗ്രീനിനെ മുംബൈ വിറ്റതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഐപിഎല്‍ ഡെയ്‌ലി ഷോയില്‍ സംസാരിക്കവെയാണ് രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റാനുള്ള മുംബൈയുടെ നീക്കത്തെക്കുറിച്ച് ഹര്‍ഭജന്‍ സംസാരിച്ചത്. മുന്നോട്ടു പോകവെ മുംബൈ ടീമിനെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നു ഞാന്‍ വിശ്വസിക്കുന്നു. മുംബൈയെ സംബന്ധിച്ച് യഥാര്‍ഥ ലീഡറും ചാംപ്യന്‍ പ്ലെയറുമാണ് രോഹിത്. ഇന്ത്യന്‍ ടീമിനും അദ്ദേഹം ഇങ്ങനെ തന്നെയാണ്.
എംഐയ്ക്കു വേണ്ടി ഒരുപാട് ട്രോഫികള്‍ നേടിയിട്ടും അന്താരാഷ്ട്ര തലത്തില്‍ വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടും രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കി. മുംബൈ നേതൃനിരയുടെ ഭാഗമല്ല താനെന്നു പെട്ടെന്നു അറിഞ്ഞപ്പോള്‍ അതു രോഹിത്തിനു വലിയ ഷോക്കായി മാറിയിട്ടുണ്ടാവുമെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.
എങ്കിലും മുംബൈ ടീമിന്റെ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയില്‍ രോഹിത്തും പങ്കാളി ആയേക്കുമെന്നും ഹര്‍ഭജന്‍ ചൂണ്ടിക്കാട്ടി. മുംബൈ ടീമില്‍ ഏതെങ്കിലുമൊരു രീതിയില്‍ ഭാവി കാര്യങ്ങളില്‍ രോഹിത്തിന്റെ സാന്നിധ്യമുണ്ടാവുമെന്നു എനിക്കുറപ്പുണ്ട്. കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും അദ്ദേഹത്തിന്റെ വളര്‍ച്ച നമ്മള്‍ കണ്ടിട്ടുള്ളതാണ്. അഞ്ചു ഐപിഎല്‍ ട്രോഫികള്‍ നേടുന്നതിനും നമ്മള്‍ സാക്ഷിയായി.
ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ മിടുക്കാണ് ഇതെല്ലാം അടിവരയിടുന്നത്. മുംബൈ ടീം മാനേജ്‌മെന്റാണ് ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. എല്ലാവരും ഇതു ശരിയായ രീതിയില്‍ തന്നെയെടുക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു. പുതിയ സീസണില്‍ ചാംപ്യന്‍ ടീമിനെപ്പോലെ മുംബൈ കളിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹര്‍ഭജന്‍ വിശദമാക്കി.

2013ലെ സീസണിന്റെ പകുതിയോടെയാണ് റിക്കി പോണ്ടിങില്‍ നിന്നും മുംബൈ ടീമിന്റെ നായകസ്ഥാനം രോഹിത് ഏറ്റെടുക്കുന്നത്. ക്യാപ്റ്റനായുള്ള ആദ്യ സീസണില്‍ തന്നെ അദ്ദേഹം മുംബൈയ്ക്കു കന്നി ഐപിഎല്‍ കിരീടം സമ്മാനിക്കുകയും ചെയ്തു. 2020ലായിരുന്നു രോഹിത്തിനു കീഴില്‍ മുംബൈയുടെ അഞ്ചാമത്തെയും അവസാനത്തെയും കിരീടം.
പക്ഷെ അവസാനത്തെ മൂന്നു സീസണുകളിലും മുംബൈയുടെ പ്രകടനം തീര്‍ത്തും നിരാശാജനകമായിരുന്നു. 2021, 22 സീസണുകളില്‍ പ്ലേഓഫില്‍ പോലുമെത്താന്‍ മുംബൈയ്ക്കായില്ല. കഴിഞ്ഞ സീസണിലാവട്ടെ പ്ലേഓഫില്‍ കടന്നെങ്കിലും രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു തോറ്റ് പുറത്താവുകയായിരുന്നു.
മുംബൈയുടെ പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക്കിനെ പ്രശംസിക്കാനും ഹര്‍ഭജന്‍ മറന്നില്ല. വെല്ലുവിളികളില്‍ വിജയം കൊയ്യുന്നയാളാണ് ഹാര്‍ദിക്. ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി നന്നായി പെര്‍ഫോം ചെയ്താണ് അദ്ദേഹം മുംബൈയിലേക്കു വരുന്നത്. ആദ്യ സീസണില്‍ തന്നെ ജിടിയെ ഐപിഎല്‍ ചാംപ്യന്‍മാരാക്കിയ ഹാര്‍ദിക് രണ്ടാം സീസണില്‍ ടീമിനെ റണ്ണറപ്പാക്കുകയും ചെയ്തു. മഹാനായ ലീഡറാണ് അദ്ദേഹമെന്നു ഇതു കാണിച്ചു തരുന്നതായും ഭാജി കൂട്ടിച്ചേര്‍ത്തു.