10 വര്‍ഷങ്ങള്‍ക്കു ശേഷം ക്യാപ്റ്റനല്ലാതെ വെറുമൊരു ബാറ്ററായി മാത്രം രോഹിത് ശര്‍മ കളിക്കുന്ന ഐപിഎല്ലാണ് ഇത്തവണ നടക്കാനിരിക്കുന്നത്. ആരാധകരെയും ടീമംഗങ്ങളെയുമെല്ലാം ഒരുപോലെ ഞെട്ടിച്ചുകൊണ്ടാണ് മാസങ്ങള്‍ക്കു മുമ്പ് മുംബൈ ഇന്ത്യന്‍സ് ടീമിന്റെ നായകസ്ഥാനത്തു നിന്നും രോഹിത്തിനെ നീക്കിയത്. പകരം തങ്ങളുടെ മുന്‍ താരം കൂടിയായ ഹാര്‍ദിക് പാണ്ഡ്യക്കു ക്യാപ്റ്റന്‍സി മുംബൈ നല്‍കുകയുമായിരുന്നു. ഈ തീരുമാനം രോഹിത്തിനെ മാനസികമായി വല്ലാതെ ഉലച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
സീസണ്‍ കഴിഞ്ഞാല്‍ മെഗാ താരലേലം നടക്കാനിരിക്കുന്നതിനാല്‍ രോഹിത് മുംബൈ വിടുമെന്നും മറ്റൊരു ഫ്രാഞ്ചൈസിക്കു വേണ്ടിയാവും 2025ല്‍ കളിക്കുകയെന്നുമുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. പക്ഷെ ഹിറ്റ്മാന്‍ മറ്റൊരു ഫ്രാഞ്ചൈസിയിലേക്കും ഇനി മാറാനുള്ള സാധ്യതയില്ല. മാത്രമല്ല വരാനിരിക്കുന്ന സീസണോടെ വിരമിക്കലും പ്രഖ്യാപിച്ചേക്കും. എന്തൊക്കെയാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങളെന്നു നമുക്കു പരിശോധിക്കാം.

ആദ്യത്തെ കാരണം മുംബൈ ടീം മാനേജ്‌മെന്റ് തന്നോടു കാണിച്ചിരിക്കുന്ന അവിശ്വാസം തന്നെയായിരിക്കും. കഴിഞ്ഞ മൂന്നു ഐപിഎല്‍ സീസണുകളും മുംബൈയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. ഇതു തന്നെയാവാം ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക്കിനെ തിരികെ വാങ്ങാനും നായകസ്ഥാനമേല്‍പ്പിക്കാനും മുംബൈ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. 2022ല്‍ ജിടിയെ ചാംപ്യന്‍മാരാക്കുകയും 2023ല്‍ റണ്ണറപ്പാക്കുകയും ചെയ്തിട്ടുള്ള നായകനാണ് ഹാര്‍ദിക്.
പക്ഷെ അഞ്ചു ഐപിഎല്‍ ട്രോഫികള്‍ ടീമിനു സമ്മാനിച്ച രോഹിത്തിനെ മുംബൈ മാനേജ്‌മെന്റ് അവിശ്വസിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. നായകസ്ഥാനത്തു നിന്നും അദ്ദേഹത്തിനു സ്വയം ഒഴിയാനുള്ള അവസരം അവര്‍ നല്‍കേണ്ടതായിരുന്നു. പകരം പുറത്താക്കുകയെന്നത് രോഹിത്തിനെ അപമാനിച്ചതിനു സമാനമാണ്. ഈയൊരു ഷോക്ക് അദ്ദേഹത്തെ കളിക്കളത്തില്‍ തുടരാന്‍ പ്രേരിപ്പിക്കില്ലെന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെ സീസണിനു ശേഷം കളി നിര്‍ത്താനും രോഹിത് ആലോചിച്ചേക്കും.
രണ്ടാമത്തെ കാരണം കഴിഞ്ഞ കുറച്ച് ഐപിഎല്‍ സീസണുകളില്‍ രോഹിത്തിന്‍റെ ബാറ്റിങിലെ സ്ഥിരതയില്ലാത്ത പ്രകടനമാണ്. കഴിഞ്ഞ രണ്ടു സീസണുകളിലും അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരിക്കും താഴെ പോയിരുന്നു. ഈ കാരണത്താല്‍ തന്നെ പലപ്പോഴും ടീമിനു ബാധ്യതയായിപ്പോലും രോഹിത് അനുഭവപ്പെടുകയും ചെയ്തിരുന്നു.
അവസാനം കളിച്ചിട്ടുള്ള 30 മല്‍സരങ്ങളെടുത്താല്‍ അദ്ദേഹം നേടിയിരിക്കുന്നത് വെറും 600 റണ്‍സ് മാത്രമാണ്. ശരാശരി 20നടുത്തും സ്‌ട്രൈക്ക് റേറ്റ് 125നടുത്തുമാണ്. ഈ പ്രകടനം രോഹിത്തിനെ ഇനിയുമൊരു സീസണില്‍ കൂടി കളിക്കളത്തില്‍ തുടരാന്‍ പ്രേരിപ്പിച്ചേക്കില്ല.
മൂന്നാമത്തെ കാരണം ജോലിഭാരം കുറയ്ക്കുകയെന്നതായിരിക്കും. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹം ദേശീയ ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ്. ഇതു തീര്‍ച്ചയായും മാനസികമായും ശാരീരികമായും ഏറെ വെല്ലുവിളിയുയര്‍ത്തുന്ന കാര്യം തന്നെയാണ്. അതു മാത്രമല്ല ഐപിഎല്ലിനിടെ അടുത്ത മാസം രോഹിത് 37ാം വയസ്സിലേക്കു കടക്കുകയും ചെയ്യും.

പ്രായവും ജോലിഭാരവുമെല്ലാം അദ്ദേഹത്തിനു വലിയ തിരിച്ചടി തന്നെയാണ്. ഈ കാരണത്താല്‍ തന്നെ ഐപിഎല്‍ മതിയാക്കി ഒന്നോ, രണ്ടോ വര്‍ഷം കൂടി അന്താരാഷ്ട്ര കരിയര്‍ നീട്ടിക്കൊണ്ടു പോവാനായിരിക്കും രോഹിത് ആഗ്രഹിച്ചേക്കുക.
നാലാമത്തെ കാരണം ഈ സീസണിനു ശേഷം രോഹിത്തിനെ മുംബൈ ഒഴിവാക്കിയേക്കുമെന്നതാണ്. മെഗാ ലേലം 2025ല്‍ നടക്കാനിരിക്കെ വലിയൊരു അഴിച്ചുപണിയായിരിക്കും മുംബൈ ലക്ഷ്യമിടുക. പരമാവധി നാലു പേരെ മാത്രമേ ലേലത്തിനു മുമ്പ് മുംബൈയ്ക്കു നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഇക്കൂട്ടത്തില്‍ രോഹിത്തുണ്ടാവാനുള്ള സാധ്യത കുറവാണ്.
മെഗാലേലത്തില്‍ ഉള്‍പ്പെട്ടാല്‍ മറ്റേതെങ്കിലും ഫ്രാഞ്ചൈസി അദ്ദേഹത്തെ വാങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ മറ്റൊരു ടീമിന്റെ ഭാഗമാവുമ്പോള്‍ ഒരുപാട് ആശങ്കകള്‍ രോഹിത്തിനുണ്ടാവും. ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ വിരമിക്കലാണ് കൂടുതല്‍ നല്ല ഓപ്ഷനെന്ന അദ്ദേഹം തീരുമാനിച്ചേക്കുകയും ചെയ്യും.