ലഖ്‌നൗ: ഇന്ത്യന്‍ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു ഇന്നു 37ാം പിറന്നാള്‍. ലോകമെമ്പാടുമുള്ള ഹിറ്റ്മാന്‍ ഫാന്‍സ് തങ്ങളുടെ പ്രിയ താരത്തിന്റെ ജന്‍മദിനം ആഘോഷിക്കുന്ന തിരക്കിലാണ്. സോഷ്യല്‍ മീഡിയയില്‍ രോഹിത് നിറഞ്ഞുനില്‍ക്കുകയാണ്. പിറന്നാള്‍ ദിവസം തന്നെ രോഹിത്തിന്റെ ബാറ്റിങ് വെടിക്കെട്ട് ഐപിഎല്ലില്‍ കാണാനുള്ള അവസരം കൂടിയാണ് ആരാധകര്‍ക്കു കൈവന്നിരിക്കുന്നത്. ഇന്നു രാത്രി രോഹിത്തിന്റെ മുംബൈ ഇന്ത്യന്‍സ് കരുത്തരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി ഏറ്റുമുട്ടും.
ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈയും കെഎല്‍ രാഹുലിന്റെ എല്‍എസ്ജിയും മാറ്റുരയ്ക്കുന്നത്. ഈ മല്‍സരത്തില്‍ രോഹിത്തിന്റെ തീപ്പൊരി ഫിഫ്റ്റിയോ, സെഞ്ച്വറിയോ കാത്തിരിക്കുന്ന ആരാധകര്‍ക്കു നിരാശപ്പെടേണ്ടി വന്നേക്കും. കാരണം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതല്ലെന്നാണ് ഇതുവരെയുള്ള ചരിത്രം പറയുന്നത്.

ഐപിഎല്ലില്‍ ഇതുവരെ നാലു തവണയാണ് പിറന്നാള്‍ ദിനത്തില്‍ രോഹിത് കളിക്കാന്‍ ഇറങ്ങിയിട്ടുള്ളത്. ഇവയിലെല്ലാം അദ്ദേഹം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പാവുകയും ചെയ്തുവെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഈ ദുഷ്‌പേര് ഇത്തവണ എല്‍എസ്ജിക്കെതിരേ മായ്ക്കാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലായിരിക്കും രോഹിത്.
2009ലെ രണ്ടാം ഐപിഎല്‍ സീസണിലാണ് അദ്ദേഹം ആദ്യമായി ഐപിഎല്ലില്‍ പിറന്നാള്‍ ദിനത്തില്‍ കളിച്ചത്. അന്നു ഹിറ്റ്മാന്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു. ഈ മല്‍സരത്തില്‍ 20 ബോളില്‍ 17 റണ്‍സ് മാത്രമെടുത്ത് രോഹിത് പുറത്താവുകയും ചെയ്തു. ഇതിനു ശേഷം പിറന്നാള്‍ ദിനത്തില്‍ മൂന്നു തവണ കളിച്ചപ്പോഴും രണ്ടക്ക സ്‌കോര്‍ പോലും നേടാന്‍ ഹിറ്റ്മാന് കഴിഞ്ഞിട്ടില്ല.
2014ലെ ഐപിഎല്ലില്‍ മുംബെയ്ക്കു വേണ്ടി കളിച്ചപ്പോള്‍ അഞ്ചു ബോളില്‍ ഒരു റണ്‍സ് മാത്രമെടുത്ത് രോഹിത് മടങ്ങി. അതിനു ശേഷം 2022, 23 സീസണുകളിലും പിറന്നാള്‍ ദിവസം അദ്ദേഹത്തിനു ഐപിഎല്ലില്‍ മല്‍സരമുണ്ടായിരുന്നു. 2022ല്‍ അഞ്ചു ബോളില്‍ രണ്ടു റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. കഴിഞ്ഞ തവണയാവയട്ടെ അഞ്ചു ബോളില്‍ മൂന്നു റണ്‍സിനും രോഹിത്തിനു തലകുനിച്ച് ക്രീസ് വിടേണ്ടതായി വന്നു.
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വീണ്ടുമൊരു പിറന്നാള്‍ ദിനത്തില്‍ രോഹിത് മുംബൈയ്ക്കു വേണ്ടി പാഡണിയുകയാണ്. മികച്ച ബൗളിങ് നിരയുള്ള ലഖ്‌നൗവിനെതിരേ വലിയൊരു സ്‌കോര്‍ കുറിക്കുകയെന്നത് അദ്ദേഹത്തിനു എളുപ്പമായിരിക്കില്ല. പക്ഷെ പ്ലേഓഫ് പ്രതീക്ഷകള്‍ തുലാസിലായ മുംബൈയ്ക്കു രോഹിത്തില്‍ നിന്നും മികച്ചൊരു ഇന്നിങ്‌സ് കൂടിയേ തീരൂ. ഇതിനു അദ്ദേഹത്തിനു സാധിക്കുകയാണെങ്കില്‍ പിറന്നാള്‍ ദിനവും വളരെ സ്‌പെഷ്യല്‍ ആയി മാറുമെന്നതില്‍ സംശയമില്ല.

ക്യാപ്റ്റന്‍സി നഷ്ടമായ ശേഷം ഈ സീസണില്‍ രോഹിത് ബാറ്റിങില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 311 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. തിലക് വര്‍മ (336) കഴിഞ്ഞാല്‍ ടീമിനു വേണ്ടി കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തതും രോഹിത്താണ്. 160.30 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും രോഹിത്തിന്റെ അക്കൗണ്ടിലുണ്ട്.
അതേസമയം, പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുള്ള മുംബൈയ്ക്കു ഇന്നത്തെ മല്‍സരമടക്കം ഇനിയുള്ള അഞ്ചു കളികളും ഒരുപോലെ നിര്‍ണായകമാണ്. എല്ലാ മല്‍സരവും ജയിച്ചെങ്കില്‍ മാത്രമേ മുംബൈയ്ക്കു പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.