ഡല്‍ഹി: ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ നാണക്കേടിന്റെ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ രോഹിത് ശര്‍മ. 258 റണ്‍സിന്റെ വമ്പന്‍ സ്‌കോര്‍ ചേസ് ചെയ്യവെ ഹിറ്റ്മാന്‍ ബാറ്റിങില്‍ ഫ്‌ളോപ്പാവുകയായിരുന്നു. എട്ടു ബോളില്‍ നിന്നും ഒരു ഫോറടക്കം എട്ടു റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. ഇതോടെയാണ് വലിയൊരു നാണക്കേട് രോഹിത്തിനെ തേടിയെത്തിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതു 75ാം തവണയാണ് രോഹിത്തിനു ഒറ്റയക്ക സ്‌കോറിനു പുറത്താവേണ്ടി വന്നത്.
ഇതോടെ 75 തവണ ഒറ്റയക്ക സ്‌കോറിനു മടങ്ങിയ ആദ്യത്തെ താരമെന്ന നാണക്കേടിനും അദ്ദേഹം അവകാശിയായി മാറിയിരിക്കുകയാണ്. ഇടംകൈയന്‍ ഇന്ത്യന്‍ പേസര്‍ ഖലീല്‍ അഹമ്മദാണ് രോഹിത്തിനെ ഈ കളിയില്‍ പുറത്താക്കിയത്. ഐപിഎല്ലില്‍ അദ്ദേഹത്തിനു ഏറ്റവുമധികം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ബൗളര്‍മാരില്‍ ഒരാളാണ് ഖലീല്‍. ഈ റെക്കോര്‍ഡ് ശരിവച്ചു കൊണ്ടാണ് ഒരിക്കല്‍ക്കൂടി ഹിറ്റ്മാനെ ഖലീല്‍ പുത്താക്കിയത്.

ഐപിഎല്ലില്‍ ഖലീലിനെതിരേ ഇതുവരെ 38 ബോളുകളാണ് രോഹിത് നേരിട്ടത്. ഇവയില്‍ നിന്നും നേടാനായത് 27 റണ്‍സ് മാത്രമാണ്. 71.05 എന്ന മോശം സ്‌ട്രൈക്ക് റേറ്റോടെയാണിത്. രണ്ടു തവണ രോഹിത്തിനെ ഖലീല്‍ പുറത്താക്കുകയും ചെയ്തു. ഡിസിക്കെതിരേ മികച്ചൊരു ഇന്നിങ്‌സ് അദ്ദേഹത്തില്‍ നിന്നും മുംബൈ പ്രതീക്ഷിച്ചിരുന്നു. പക്ഷെ തന്റെ സ്വതസിദ്ധമായ താളത്തിലല്ല തുടക്കം മുതല്‍ ബാറ്റിങില്‍ രോഹിത് കാണപ്പെട്ടത്. ലിസാര്‍ഡ് വില്ല്യംസെറിഞ്ഞ ആദ്യ ഓവറില്‍ അഞ്ചു ബോളുകളാണ് അദ്ദേഹം നേരിട്ടത്. ഒരു ഫോറടക്കം നേടാനായത് ആറു റണ്‍സ് മാത്രം.
ഖലീലെറിഞ്ഞ അടുത്ത ഓവറില്‍ ഒരുബോള്‍ മാത്രമേ രോഹിത്തിനു ലഭിച്ചുള്ളൂ. അദ്ദേഹം സിംഗിള്‍ നേടുകയും ചെയ്തു. ഓവറില്‍ 15 റണ്‍സ് മുംബൈയ്ക്കു ലഭിച്ചിരുന്നു. ഇതില്‍ 14 റണ്‍സും ഇഷാന്‍ കിഷന്റെ ബാറ്റില്‍ നിന്നായിരുന്നു. ഹാട്രിക്ക് ഫോറുകളോടെയാണിത്. അടുത്ത ഓവറിലും രോഹിത്തിനു നേരിടാനായത് ഒരേയൊരു ബോള്‍ മാത്രം. അദ്ദേഹം വീണ്ടുമൊരു സിംഗിളെടുത്തു.

നാലാമത്തെ ഓവറിലെ ആദ്യ ബോളില്‍ തന്നെ രോഹിത് പുറത്താവുകയും ചെയ്തു. ഓഫ്സ്റ്റംപിന് പുറത്തേക്കുവന്ന ഫുള്‍ ടോസ് ബോളായിരുന്നു ഇത്. രോഹിത് ആഞ്ഞടിച്ചെങ്കിലും ബോള്‍ പ്രതീക്ഷിച്ചതുപോലെ കണക്ടായില്ല. ഷെയ് ഹോപ്പിനു സിംഗിള്‍ ക്യാച്ച് സമ്മാനിച്ച് അദ്ദേഹം ക്രീസ് വിടുകയും ചെയ്തു.
ക്യാപ്റ്റന്‍സിയില്ലാതെ ഈ സീസണില്‍ ഇറങ്ങിയ രോഹിത് മോശമല്ലാത്ത പ്രകടനമാണ് ബാറ്റിങില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 38.87 ശരാശരിയില്‍ 311 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. 160.30 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെയാണിത്. ഫിഫ്റ്റികള്‍ ഒന്നുപോലുമില്ലെങ്കിലും ഒരു സെഞ്ച്വറി രോഹിത് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.