ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണ്‍ ഭൂരിഭാഗം താരങ്ങളെയും സംബന്ധിച്ച് നിലവിലെ ടീമുകളോടൊപ്പം അവസാനത്തെ സീസണ്‍ കൂടിയായിരിക്കും. കാരണം 2025ലെ ഐപിഎല്ലിനു മുമ്പ് മെഗാ താരലേലം നടക്കുമെന്നു സ്ഥിരീകരിച്ചിരിക്കുകയാണ് ചെയര്‍മാന്‍ അരുണ്‍ ധുമാല്‍. ഇതോടെ 2025ലെ ഐപിഎല്ലില്‍ 10 ഫ്രാഞ്ചൈസികളെയും പുതിയ ലുക്കിലായിരിക്കും നമുക്കു കാണാന്‍ സാധിക്കുകയെന്ന് ഉറപ്പായി.
മെഗാ ലേലത്തിനു മുമ്പ് ഓരോ ഫ്രാഞ്ചൈസികള്‍ക്കും പരമാവധി നിലനിര്‍ത്താന്‍ സാധിക്കുക മൂന്ന് മുതല്‍ നാലു വരെ കളിക്കാരെയാണ്. ബാക്കിയുള്ള മുഴുവന്‍ പേരും ലേലത്തിന്റെ പൂളിലേക്കു വരികയും ചെയ്യും. ഓരോ ഫ്രാഞ്ചൈസിയും മെഗാ ലേലത്തിനു മുമ്പ് നിലനിര്‍ത്താന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയായിരിക്കുമെന്നു നമുക്കു പരിശോധിക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്
നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കാര്യമെടുത്താല്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ നിലനിര്‍ത്താന്‍ സാധ്യത കുറവാണ്. കാരണം വരാനിരിക്കുന്ന സീസണോടെ 43കാരനായ അദ്ദേഹം ക്രിക്കറ്റില്‍ നിന്നും വിരമിക്കാനാണ് സാധ്യത. അതുകൊണ്ടു തന്നെ 2025ല്‍ ധോണിയെ കളിക്കാരനായി കാണാന്‍ സാധിച്ചേക്കില്ല.
സിഎസ്‌കെ നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങള്‍ റുതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, ദീപക് ചാഹര്‍ എന്നിവരാണ്. ഡെവന്‍ കോണ്‍വേയും ടീമിനെ സംബന്ധിച്ച് നിര്‍ണായക താരമാണെങ്കിലും അദ്ദേഹത്തെ നിലനിര്‍ത്തിയാല്‍ ദുബെ, ചാഹര്‍ എന്നിവരിലൊരാളെ കൈവിടേണ്ടി വരും.
മുംബൈ ഇന്ത്യന്‍സ്
അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കാന്‍ സാധ്യതയുള്ളവരില്‍ മുന്‍ നായകനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയുമുണ്ടാവുമെന്നാണ് സൂചനകള്‍. കാരണം ഹാര്‍ദിക് പാണ്ഡ്യയെ ഈ സീസണില്‍ ക്യാപ്റ്റനായി നിയമിച്ചതില്‍ അതൃപ്തനായ അദ്ദേഹം മുംബൈ വിടാനുള്ള നീക്കത്തിലാണ്. അതുകൊണ്ടു തന്നെ രോഹിത്തിനെ ടീമില്‍ നിലനിര്‍ത്താന്‍ മുംബൈയും ആഗ്രഹിക്കില്ല.
മെഗാ ലേലത്തിനു മുമ്പ് മുംബൈ നിലനിര്‍ത്തുന്ന ആദ്യത്തെയാള്‍ ഹാര്‍ദിക്കായിരിക്കും. അതിനു ശേഷം 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരെയും മുംബൈ നിലനിര്‍ത്തും. നാലാമത്തെയാള്‍ ഇഷാന്‍ കിഷന്‍, തിലക് വര്‍മ എന്നിവരിലൊരാളാവും. ബാക്കിയുള്ളവരെയെല്ലാം മുംബൈ കൈവിടും.
ഗുജറാത്ത് ടൈറ്റന്‍സ്
ഗുജറാത്ത് ടൈറ്റന്‍സ് നിലനിര്‍ത്തുന്ന ആദ്യത്തെയാള്‍ പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലായിരിക്കും. അതിനു ശേഷം സൗത്താഫ്രിക്കന്‍ താരം ഡേവിഡ് മില്ലറാണ് ടീമില്‍ തുടരാന്‍ സാധ്യത കൂടുതലുള്ള താരം. മൂന്നാമത്തെയാള്‍ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനായിരിക്കും. നാലാമത്തെയും അവസാനത്തെയും താരം മുഹമ്മദ് ഷമി, ബി സായ് സുദര്‍ശന്‍ എന്നിവരിലൊരാളുമാവും.
കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്
കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് നിലനിര്‍ത്തുന്ന ആദ്യത്തെയാള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരായിരിക്കും. രണ്ടാമത്തെ താരം ഫിനിഷിങിലെ പുതിയ ഹീറോയായി മാറിയ റിങ്കു സിങായിരിക്കും. ഓള്‍റൗണ്ടര്‍ നിതീഷ് റാണയെയും കെകെആര്‍ കൈവിടില്ല. വെങ്കടേഷ് അയ്യര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരിലൊരാളെ കൂടി കെകെആര്‍ ടീമില്‍ നിലനിര്‍ത്തും.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്
ഡല്‍ഹി ക്യാപ്പിറ്റല്‍സ് ആദ്യം നിലനിര്‍ത്തുന്നത് ക്യാപ്റ്റന്‍ റിഷഭ് പന്തിനെയായിരിക്കും. നിലവില്‍ പൂര്‍ണ ഫിറ്റ്‌നസിലേക്കു വന്നുകൊണ്ടിരിക്കുകയാണെങ്കിലും 2025 ആവുമ്പേഴേക്കും റിഷഭ് പൂര്‍ണ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്തും. പുതിയ സീസണില്‍ മിന്നിച്ചാല്‍ പൃഥ്വി ഷായെ ഡിസി നിലനിര്‍ത്തും. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവരായിരിക്കും ഡിസി നിലനിര്‍ത്തുന്ന മറ്റുള്ളവര്‍.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്
ക്യാപ്റ്റന്‍ കെഎല്‍ രാഹുലായിരിക്കും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിലനിര്‍ത്തുന്ന ആദ്യത്തെ താരം. ക്വിന്റണ്‍ ഡികോക്ക്, നിക്കോളാസ് പൂരന്‍ എന്നിവരെയും അവര്‍ നിലനിര്‍ത്താന്‍ സാധ്യത കൂടുതലാണ്. ബൗളിങില്‍ യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയാവും ലഖ്‌നൗ ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്ന താരം.
പഞ്ചാബ് കിങ്സ്
പഞ്ചാബ് കിങ്‌സിന്റെ കാര്യമെടുത്താല്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാനെ നിലനിര്‍ത്തണമോയെന്നു അവര്‍ തീരുമാനിക്കുക പുതിയ സീസണിലെ പ്രകടനം പരിഗണിച്ചായിരിക്കും. ജിതേഷ് ശര്‍മയാണ് പഞ്ചാബ് കിങ്സ് നിലനിര്‍ത്തുമെന്നുറപ്പുള്ള ഒരു താരം. ഓള്‍റൗണ്ടര്‍മാരില്‍ സാം കറെനെ പഞ്ചാബ് കൈവിട്ടേക്കില്ല. ബൗളിങില്‍ പഞ്ചാബ് തീര്‍ച്ചയായും നിലനിര്‍ത്തുന്ന രണ്ടു പേര്‍ പേസ് ജോടികളായ അര്‍ഷ്ദീപ് സിങും കാഗിസോ റബാഡയുമാണ്.

രാജസ്ഥാന്‍ റോയല്‍സ്
ക്യാപ്റ്റന്‍ സഞ്ജു സാംസണിനെയാവും രാജസ്ഥാന്‍ റോയല്‍സ് മെഗാ ലേലത്തിനു മുമ്പ് ആദ്യം നിലനിര്‍ത്തുന്നത്. അതിനു ശേഷം രണ്ടാമത് സ്ഥാനം നിലനിര്‍ത്തുന്നയാള്‍ യശസ്വി ജയ്‌സ്വാളായിരിക്കും. സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെയും റോയല്‍സ് കൈവിടില്ല. നാലാമത്തെ താരത്തിന്റെ കാര്യത്തില്‍ റോയല്‍സ് ശരിക്കും പെടും. കാരണം ജോസ് ബട്‌ലര്‍, ധ്രുവ് ജുറേല്‍, ട്രെന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരിലൊരാളെ മാത്രമേ റോയല്‍സിനു നിലനിര്‍ത്താനാവൂ.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തുന്ന മൂന്നു പേരുടെ കാര്യമുറപ്പാണ്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി, മുന്‍ നായകന്‍ വിരാട് കോലി, സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരായിരിക്കും ഇത്. നാലാമത്തെയാള്‍ കാമറൂണ്‍ ഗ്രീന്‍, മുഹമ്മദ് സിറാജ് എന്നിവരിലൊരാളായിരിക്കും. സിറാജിനു തന്നെ മുന്‍തൂക്കം ലഭിക്കാനാണ് സാധ്യത.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്താനിടയുള്ള താരങ്ങളില്‍ മുന്നില്‍ സൗത്താഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രമായിരിക്കും. പുതിയ ക്യാപ്റ്റനായി നിയമിക്കപ്പെട്ട പാറ്റ് കമ്മിന്‍സിനെയും ഹൈദരാബാദ് കൈവിട്ടേക്കില്ല. ടി20 സ്‌പെഷ്യലിസ്റ്റായ ഹെന്‍ഡ്രിച്ച് ക്ലാസനെയും കൈവിടാന്‍ ഹൈദരാബാദിനു താല്‍പ്പര്യം കാണില്ല. ബൗളര്‍മാരില്‍ ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക് എന്നിവരിലൊരാളെയും ഹൈദരാബാദ് നിലനിര്‍ത്തും.