ഏറെ നാടകീയതകള്‍ക്കൊടുവില്‍ തങ്ങളുടെ മുന്‍ തുറുപ്പുചീട്ടും ഗുജറാത്ത് ടൈറ്റന്‍സ് ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ കൂടാരത്തിലേക്കു തിരികെ കൊണ്ടുവന്നിരിക്കുകയാണ്. നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്ത കളിക്കാരുടെ ലിസ്റ്റ് ബിസിസിഐക്കു സമര്‍പ്പിക്കേണ്ട അവസാന തിയ്യതി കഴിഞ്ഞ ദിവസം (നവംബര്‍ 26) വൈകീട്ട് അഞ്ചു മണിയോടെ അവസാനിച്ചിരുന്നു. ഹാര്‍ദിക്കിനെ ജിടി നിലനിര്‍ത്തിയെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മണിക്കൂറുകള്‍ക്കകം അപ്രതീക്ഷിത ട്വിസ്റ്റ് സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ 17.5 കോടി മുടക്കി ടീമിലെത്തിച്ച ഓസ്‌ട്രേലിയന്‍ യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ റോയല്‍ ചാലഞ്ചേഴ്‌സിനു വിറ്റ മുംബൈ തങ്ങളുടെ പഴ്‌സിലേക്കു ഹാര്‍ദിക്കിനായി പണം സ്വരൂപിക്കുകയായിരുന്നു. പിന്നാലെ ജിടിയില്‍ നിന്നും അദ്ദേഹത്തെ വാങ്ങാന്‍ ധാരണയിലെത്തുകയും ചെയ്തു.

എന്നാല്‍ ഹാര്‍ദിക്കിനെ തിരികെ വാങ്ങുന്നതിനെ മുംബൈ നായകന്‍ രോഹിത് ശര്‍മ എതിര്‍ത്തിരുന്നുവെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം മൈക്കല്‍ ഹസ്സിയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഹാര്‍ദിക്കിനെ അടുത്ത സീസണില്‍ ടീമിലേക്കു തിരികെയെത്തിക്കാനുള്ള നീക്കം ടീം മാനേജ്‌മെന്റിന്റേതു മാത്രമാണെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.
ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹാര്‍ദിക്കിനെ വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട് രോഹിത്തുമായി മുംബൈ ടീം മാനേജ്‌മെന്റ് ചര്‍ച്ച ചെയ്തപ്പോള്‍ അത്ര അനുകൂലമായിരുന്നില്ല അദ്ദേഹത്തിന്റെ മറുപടി. ഹാര്‍ദിക്കിനെ ആവശ്യമില്ലെന്നും കാമറൂണ്‍ ഗ്രീനിനെ തന്നെ മതിയെന്നുമാണ് രോഹിത് ആവശ്യപ്പെട്ടതെന്നു ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കവെ ഹസ്സി വെളിപ്പെടുത്തി.
രോഹിത്തിന്റെ അഭിപ്രായം തള്ളിയാണ് ഗ്രീനിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു കൈമാറി ഹാര്‍ദിക്കിനെ മുംബൈ തിരികെയെത്തിച്ചതെന്നു ഇതോടെ ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. 2015ല്‍ മുംബൈ ഇന്ത്യന്‍സിലൂടെ കരിയര്‍ ആരംഭിച്ച താരമാണ് ഹാര്‍ദിക്. വളരെ വേഗത്തില്‍ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളായി അദ്ദേഹം മാറുകയും ചെയ്തു. മുംബൈയ്ക്കു വേണ്ടി നടത്തിയിട്ടുള്ള മിന്നുന്ന പ്രകടനങ്ങളാണ് ഹാര്‍ദിക്കിനു ഇന്ത്യന്‍ ടീമിലേക്കും വഴിതുറന്നത്.
2021 വരെ മുംബൈയ്‌ക്കൊപ്പം തുടര്‍ന്ന അദ്ദേഹം നാലു ഐപിഎല്‍ കിരീട വിജയങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു. 2015, 2017, 2019, 2020 സീസണുകളിലായിരുന്നു ഇത്. എന്നാല്‍ 2021 സീസണില്‍ പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഹാര്‍ദിക്കിനെ വലച്ചിരുന്നു. ഇതേ തുടര്‍ന്നു അദ്ദേഹം ബൗളിങില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.
2021ലെ ഐപിഎലില്‍ മുംബൈയ്ക്കായി ഒരോവര്‍ പോലും ഹാര്‍ദിക് ബൗള്‍ ചെയ്തിരുന്നില്ല. ഫിറ്റ്‌നസില്ലായ്മ അദ്ദേഹത്തെ നിരന്തരം വലച്ചതോടെ ഭാവിയും ചോദ്യചിഹ്നമായി മാറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് സീസണിനു ശേഷം ഹാര്‍ദിക്കിനെ മുംബൈ കൈവിട്ടത്. മെഗാ ലേലത്തില്‍ അദ്ദേഹത്തെ തിരികെ വാങ്ങിക്കാനും മുംബൈയ്ക്കു പ്ലാനുണ്ടായിരുന്നു.

പക്ഷെ ഐപിഎല്ലിലേക്കു പുതുതായി വന്ന രണ്ടു ഫ്രാഞ്ചൈസികളിലൊന്നായ ഗുജറാത്ത് ടൈറ്ററന്‍സ് ലേലത്തിനു മുമ്പ് തന്നെ തങ്ങളുടെ കൂടാരത്തിലേക്കു ഹാര്‍ദിക്കിനെ എത്തിക്കുകയായിരുന്നു. നായകനായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു. മുമ്പൊരിക്കലും ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും ക്യാപ്റ്റനായി പരിചയില്ലാത്ത അദ്ദേഹത്തെ ഈ ചുമതലയേല്‍പ്പിച്ചതിനെ പലരും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ അരങ്ങേറ്റ സീസണില്‍ തന്നെ ജിടിയെ ചാംപ്യന്മാരാക്കിയാണ് ഹാര്‍ദിക് ഈ സംശയം തീര്‍ത്തുകൊടുത്തത്. അവസാന സീസണില്‍ ജിടിയെ റണ്ണറപ്പാക്കാനും അദ്ദേഹത്തിനായിരുന്നു. ഫൈനലില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു ജിടി പൊരുതി വീഴുകയായിരുന്നു.