ഐപിഎല്ലിന്റെ അടുത്ത സീസണില്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സില്‍ കളിച്ചേക്കില്ലെന്നു റിപ്പോര്‍ട്ടുകള്‍. തികച്ചും നാടകീയ നീക്കത്തിനൊടുവിലാണ് അടുത്തിടെ തങ്ങളുടെ എക്കാലത്തെയും മികച്ച നായകനായ രോഹിത്തിനെ നീക്കി പകരം ഹാര്‍ദിക്കിനെ മുംബൈ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ഈ തീരുമാനത്തില്‍ ഹിറ്റ്മാന് കടുത്ത നിരാശയും ദുഖവുമുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകള്‍. അതിനിടെ രോഹിത് ഉടന്‍ ടീം വിടുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
മുംബൈ ടീമില്‍ രോഹിത് ഇപ്പോള്‍ വളരെയധികം അസംതൃപ്തനാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പക്ഷെ ഇതേക്കുറിച്ച് ഒരു പ്രസ്താവനയും നല്‍കാന്‍ അദ്ദേഹത്തിനു താല്‍പ്പര്യമില്ല. മാത്രമല്ല രോഹിത്തിന്റെ പ്രതിനിധികള്‍ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് മറ്റൊരു ഐപിഎല്‍ ഫ്രാഞ്ചൈസിയുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇതു സംഭവിക്കുകയാണെങ്കില്‍ ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയ കരാറായി അതു മാറുമെന്നും സൂചനകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

പക്ഷെ രോഹിത് മുംബൈ വിട്ട് ഏതു ടീമിലേക്കാണ് ചേക്കേറാന്‍ ശ്രമിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. നേരത്തേ ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകള്‍ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ ശ്രമിച്ചിരുന്നതായും ഇതേക്കുറിച്ച് മുംബൈ ഇന്ത്യന്‍സുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ മുംബൈ ഇതു തള്ളുകയായിരുന്നുവെന്നാണ് വിവരം. രോഹിത്തിനെ വില്‍ക്കാന്‍ ഉദ്ദേശമില്ലെന്നാണ് മുംബൈ ഈ ടീമുകളെ അറിയിച്ചത്.
പക്ഷെ ട്രേഡ് വിന്‍ഡോ അടുത്ത വര്‍ഷം ഫെബ്രുവരി അവസാന വാരം വരെയെങ്കിലും തുറന്നിരിക്കുമെന്നതിനാല്‍ ഇതിനിടെ എന്തും സംഭവിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഇതിനിടെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് രോഹിത്തിനെ നോട്ടമിടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ തങ്ങള്‍ക്കു ട്രേഡ് വിന്‍ഡോയില്‍ ആരെയും വാങ്ങാനോ, വില്‍ക്കാനോ പ്ലാനില്ലെന്നായിരുന്നു ടീം സിഎഒ ഐപിഎല്‍ ലേലത്തിനു എത്തിയപ്പോള്‍ പ്രതികരിച്ചത്.
മുംബൈ ടീമിനെ സംബന്ധിച്ച് പകരം വയ്ക്കാനില്ലാത്ത ഇതിഹാസ നായകനാണ് രോഹിത്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ 2012 വരെ ഒരു ഐപിഎല്‍ കിരീടം പോലുമില്ലാതെ വലഞ്ഞ ഫ്രാഞ്ചസിയാണ് അവര്‍. ഇതിനിടെ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ് എന്നിവരെല്ലാം മുംബൈയെ നയിക്കുകയും ചെയ്തിരുന്നു. പക്ഷെ അവര്‍ക്കൊന്നും മുംബൈയ്ക്കു കന്നിക്കിരീടം നേടിക്കൊടുക്കാനായില്ല.
2013ല്‍ രോഹിത് നായകസ്ഥാനത്തേക്കു വന്നതോടെയാണ് മുംബൈയുടെ സമയം തെളിഞ്ഞത്. ടീമിലെത്തിയ ആദ്യ സീസണില്‍ തന്നെ അദ്ദേഹം മുംബൈയുടെ കിരീടവരള്‍ച്ചയ്ക്കു അറുതിയിടുകയായിരുന്നു. ഫൈനലില്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തിയായിരുന്നു മുംബൈയുടെ കിരീടധാരണം.

അതിനു ശേഷം നാലു ട്രോഫികള്‍ കൂടി രോഹിത് മുംബൈയുടെ ഷെല്‍ഫിലെത്തിക്കുകയായിരുന്നു. ഏറ്റവുമധികം തവണ ഐപിഎല്ലില്‍ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡ് 2022 സീസണ്‍ വരെ മുംബൈ കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന സീസണില്‍ ജേതാക്കളായതോടെ സിഎസ്‌കെ ഈ റെക്കോര്‍ഡിനൊപ്പമെത്തുകയായിരുന്നു.
അടുത്ത ഒന്നോ, രണ്ടോ സീസണുകള്‍ കൂടി മുംബൈയ്ക്കായി കളിച്ച് രോഹിത് വിരമിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അതുവരെ അദ്ദേഹം മുംബൈയുടെ നായകസ്ഥാനത്തുണ്ടാവുമെന്നും ആരാധകര്‍ ഉറപ്പിച്ചിരുന്നു. ഇതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും തങ്ങളുടെ മുന്‍ താരമായ ഹാര്‍ദിക്കിനെ ട്രേഡ് വിന്‍ഡോയില്‍ മുംബൈ തിരികെ വാങ്ങിയത്.
ദിവസങ്ങള്‍ക്കകം തന്നെ രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ അവര്‍ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയുമായിരുന്നു. ഈ തീരുമാനത്തിന്റെ പേരില്‍ വലിയ ആരാധകരോഷം മുംബൈയ്ക്കു നേരിടേണ്ടി വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സിനെ അവര്‍ക്കു നഷ്ടമാവുകയും ചെയ്തു.