ഐപിഎല്ലിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫ്രാഞ്ചൈസികളുടെ നിരയിലാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ സ്ഥാനം. കഴിഞ്ഞ സീസണിനു മുമ്പ് വരെ ഏറ്റവുമധികം തവണ ജേതാക്കളായ ടീമെന്ന റെക്കോര്‍ഡ് അവര്‍ക്കായിരുന്നു. പക്ഷെ കഴിഞ്ഞ തവണ അഞ്ചാം കിരീടവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം മുംബൈയ്‌ക്കൊപ്പമെത്തുകയായിരുന്നു. ടൂര്‍ണമെന്റിന്റെ പ്രഥമ സീസണ്‍ മുതല്‍ കളിച്ചു കൊണ്ടിരിക്കുന്ന ഫ്രാഞ്ചൈസികളിലൊന്നാണ് മുംബൈ.
ഇതിഹാസ താരങ്ങളുടെ വലിയൊരു നിര തന്നെ മുംബൈ ഇന്ത്യന്‍സിന്റെ ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ നമുക്കു കാണാന്‍ സാധിക്കും. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുന്‍ ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്, ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ലസിത് മലിങ്ക, ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് തുടങ്ങി വമ്പന്‍മാരുടെ വലിയ നിര തന്നെ വിവിധ സീസണുകളില്‍ മുംബൈയ്ക്കുണ്ടായിരുന്നു.

ഏറ്റവും മികച്ച താരങ്ങളെ അണിനിരത്തി ഒരു ഓള്‍ടൈം മുംബൈ ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയായിരിക്കും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം. സച്ചിനും മുന്‍ നായകനും വെടിക്കെട്ട് ബാറ്ററുമായ രോഹിത് ശര്‍മയുമായിരികും ഓള്‍ടൈം ഇലവന്റെ ഓപ്പണര്‍മാര്‍.
അഞ്ചു ഐപിഎല്‍ ട്രോഫികള്‍ക്കും മുംബൈ ടീം കടപ്പെട്ടിരിക്കുന്നത് രോഹിത്തിനോടാണ്. ഒരു കിരീടം പോലുമില്ലാതെ വലഞ്ഞ മുംബൈയുടെ തലവര മാറ്റിയ നായകന്‍ കൂടിയാണ് അദ്ദേഹം. പക്ഷെ കഴിഞ്ഞ മാസം രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പുറത്താക്കിയ മുംബൈ പകരം ഹാര്‍ദിക് പാണ്ഡ്യയെ പുതിയ നായകനാക്കിയിരുന്നു.
മുംബൈയ്ക്കു വേണ്ടി 78 മല്‍സരങ്ങളിലാണ് സച്ചിന്‍ കളിച്ചത്. പ്രഥമ സീസണില്‍ ടീമിനെ നയിച്ചതും അദ്ദേഹമാണ്. 2334 റണ്‍സ് നേടിയ സച്ചിന്‍ രണ്ടു സീസണുകളില്‍ 500ന് മുകളില്‍ റണ്‍സും അടിച്ചെടുത്തിട്ടുണ്ട്. മുംബൈയ്ക്കായി 198 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞ രോഹിത്തിന്റെ സമ്പാദ്യം 5041 റണ്‍സാണ്. സച്ചിന്‍, രോഹിത് എന്നിവര്‍ക്കു ശേഷം ഇലവനില്‍ മൂന്നു മുതല്‍ ആറു വരെ സ്ഥാനങ്ങളില്‍ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക്, കരെണ്‍ പൊള്ളാര്‍ഡ് എന്നിവരാണ്.
ഇലവനു വേണ്ടി വിക്കറ്റ് കാക്കുന്നത് ഇഷാനായിരിക്കും. നിലവില്‍ മുംബൈ ടീമിലെ അവിഭാജ്യ ഘടകമാണ് ഇഷാന്‍. 75 മല്‍സരങ്ങളില്‍ നിന്നും 2005 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സൂര്യയാവട്ടെ തന്റെ 360 സ്റ്റൈല്‍ ബാറ്റിങിലൂടെ മുംബൈയുടെ സൂപ്പര്‍ ഹീറോയായി മാറിക്കഴിഞ്ഞു. തന്റേതായ ദിവസം തനിച്ചു കളി ജയിപ്പിക്കാനുള്ള അസാധാരണ കഴിവ് സ്‌കൈയ്ക്കുണ്ട്. 87 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം അടിച്ചെടുത്തത് 2688 റണ്‍സാണ്.
മുംബൈയിലൂടെ വളര്‍ന്ന് ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായി മാറിയ താരമാണ് ഹാര്‍ദിക്. വരാനിരിക്കുന്ന സീസണ്‍ ടീമിനൊപ്പം അദ്ദേഹത്തിനു രണ്ടാമൂഴമാണ്. രണ്ടു സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ച ഹാര്‍ദിക്കിനെ മുംബൈ അടുത്തിടെ തിരികെയെത്തിക്കുകയായിരുന്നു. മുന്‍ ഓള്‍റൗണ്ടര്‍ പൊള്ളാര്‍ഡ് മുംബൈയുടെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ്. ഐപിഎല്ലില്‍ 189 മല്‍സരങ്ങളില്‍ നിന്നും 3412 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്.

ഇലവനിലെ ഏഴാമന്‍ യുവതാരം തിലക് വര്‍മയാണ്. 2022ല്‍ അരങ്ങേറിയ താരം വളരെ പെട്ടെന്നാണ് മുംബൈ ടീമില്‍ സ്ഥാനമുറപ്പിച്ചത്. ടീമിന്റെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായാണ് തിലക് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇലവനില്‍ എട്ടു മുതല്‍ 11 വരെയുള്ള സ്ഥാനങ്ങളില്‍ ജസ്പ്രീത് ബുംറ, ലസിത് മലിങ്ക, മിച്ചെല്‍ മക്ലെനഗന്‍, ഹര്‍ഭജന്‍ സിങ് എന്നിവരുമുണ്ട്.
10 സീസണ്‍ മുംബൈയ്ക്കായി കളിച്ച മലിങ്ക 139 കളിയില്‍ നിന്നും 195 വിക്കറ്റുകളുമായാണ് പടിയിറങ്ങിയത്. ബുംറയാവട്ടെ 123 മല്‍സരങ്ങളില്‍ നിന്നും 148 വിക്കറ്റുകള്‍ ഇതിനകം നേടിക്കഴിഞ്ഞേു. മക്ലെനഗന്‍ 56 കളിയില്‍ നിന്നും 71 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഒമ്പതു സീസണുകള്‍ മുംബൈയ്ക്കായി കളിച്ചിട്ടുള്ള ഹര്‍ഭജന്‍ 158 മല്‍സരങ്ങളില്‍ നിന്നും വീഴ്ത്തിയത് 147 വിക്കറ്റുകളാണ്.
മുംബൈ ഇന്ത്യന്‍സ് ഓള്‍ടൈം 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ്, തിലക് വര്‍മ, ജസ്പ്രീത് ബുംറ, ലസിത് മലിങ്ക, മിച്ചെല്‍ മക്ലെനഗന്‍, ഹര്‍ഭജന്‍ സിങ്.