വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തവരുടെ വായടപ്പിച്ചുകൊണ്ട് ഈ ഐപിഎല്ലിലൂടെ താരപദവി സ്വന്തമാക്കിയിരിക്കുകയാണ് യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ്. രാജസ്ഥാന്‍ റോയല്‍സിനായി മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം അവരുടെ പ്രധാന മാച്ച് വിന്നറുമാണ്. ഇതോടെ ഇന്ത്യന്‍ ടീമിലേക്കും വിളി കാത്തിരിക്കുകയാണ് അസമില്‍ നിന്നുള്ള പരാഗ്. സീനിയര്‍ ടീമിനോടൊപ്പം എപ്പോഴായിരിക്കുെം അദ്ദേഹം അരങ്ങേറുകയെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍.
ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ പരാഗ് ഇപ്പോള്‍ രണ്ടാംസ്ഥാനത്തുണ്ട്. ആറു മല്‍സരങ്ങളില്‍ നിന്നും 71 ശരാശരിയില്‍ 155.19 സ്‌ട്രൈക്ക് റേറ്റില്‍ താരം 284 റണ്‍സ് സ്‌കോര്‍ ചെയ്തു കഴിഞ്ഞു. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്‍പ്പെടെയാണിത്. നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍ അസമിനു വേണ്ടിയും മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് പരാഗ് ഐപിഎല്ലിലേക്കു വന്നത്. ഇപ്പോള്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയിലും താരം ഫോം ആവര്‍ത്തിക്കുകയാണ്.

മുന്‍ സീസണുകളിലെല്ലാം ബാറ്റിങില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പായി കൊണ്ടിരുന്നിട്ടും പരാഗിനു റോയല്‍സ് തുടരെ അവസരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. താരത്തിന്റെ കഴിവിലുള്ള വിശ്വാസം തന്നെയായിരുന്നു റോയല്‍സിനെ ഇതിനു പ്രേരിപ്പിച്ചത്. ഇതിന്റെ പേരില്‍ റോയല്‍സിനെതിരേ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ റോയല്‍സ് എന്തുകൊണ്ടാണ് തനിക്കു പൂര്‍ണ പിന്തുണ നല്‍കിയതെന്നു ഈ സീസണില്‍ തെളിയിച്ചിരിക്കുകയാണ് പരാഗ്. റോയല്‍സിന്റെ ഈ സീസണിലെ മിന്നുന്ന പ്രകടനത്തിനു പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെയാണ്.
സമീപകാലത്തു പരാഗിനെ ഏറെ പിന്തുണച്ചിട്ടുള്ളയാളാണ് ഇര്‍ഫാന്‍. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ താരത്തിന്റെ മിന്നുന്ന പ്രകടനത്തില്‍ അദ്ദേഹം സന്തോഷവാനുമാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് പരാഗിന്റെ ഇന്ത്യന്‍ അരങ്ങേറ്റത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം പരാഗിനെ കാണാന്‍ സാധിക്കുമെന്നാണ് ഇര്‍ഫാന്റെ പ്രവചനം.
റിയാന്‍ പരാഗ് ഇന്ത്യക്കു വേണ്ടി ഉടന്‍ കളിക്കുമെന്ന കാര്യം 100 ശതമാനമുറപ്പാണ്. ചിലപ്പോള്‍ ഒരു വര്‍ഷത്തിനകം തന്നെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അവനെ നമുക്കു കാണാന്‍ കഴിഞ്ഞേക്കും. ഞാന്‍ പറഞ്ഞു കഴിഞ്ഞ ഈ കാര്യം സംഭവിച്ചിരിക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി നടത്തുന്ന മികച്ച പ്രകടനം മാത്രമല്ല കാരണം. ആഭ്യന്തര ക്രിക്കറ്റിലും പരാഗ് ഒരുപാട് റണ്‍സ് സ്‌കോര്‍ ചെയ്യുന്നുണ്ട്.
ആഭ്യന്തര ക്രിക്കറ്റിനും നമ്മള്‍ മൂല്യം കല്‍പ്പിക്കേണ്ടത് ആവശ്യമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപാട് റണ്‍സ് നേടിക്കൊണണ്ടിരിക്കുന്ന അവനെ പോലെയൊരു താരം തഴയപ്പെട്ടാല്‍ അതു വലിയ നിരാശ തന്നെയായിരിക്കും. കാരണം ഇതുപോലെയുള്ള താരങ്ങള്‍ ടീമില്‍ വേണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുകയെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

പരാഗ് വളരെ ചെറുപ്പമാണ്. വളരെയധികം ആവേശം കൊള്ളിക്കുന്ന ക്രിക്കറ്ററായ അവന്‍ നാലാം നമ്പറിലാണ് ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ഇറങ്ങി അവന്‍ ടീമിനെ വിജയിപ്പിക്കുന്നത് ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. അഞ്ച്, ആറ് സ്ഥാനങ്ങളില്‍ പരാഗ് നേരത്തേ ബാറ്റ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ 17-18 വയസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷെ ഒരുപാട് പേര്‍ അവനെ അനാവശ്യമായി രൂക്ഷമായി വിമര്‍ശിക്കുകയാണ് ചെയ്തതെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.
കരിയറില്‍ മോശം സമയത്തിലൂടെ കടന്നു പോയപ്പോഴും പരാഗിനു പൂര്‍ണ പിന്തുണ നല്‍കിയ റോയല്‍സ് ടീമിനെ അദ്ദേഹം പ്രശംസിച്ചു. അവന്‍ ചെറുപ്പമാണ്, വ്യത്യസ്തനുമാണ്. പരാഗിനെ അവനായി തന്നെ തുടരാന്‍ അനുവദിക്കൂ. പരാഗ് പുതുതലമുറയിലെ ഇന്ത്യന്‍ ക്രിക്കറ്ററാണ്. അതുകൊണ്ടാണ് ഞാന്‍ എല്ലായ്‌പ്പോഴും അവനെ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഞാന്‍ പരാഗിനെ പുകഴ്ത്തിയിരുന്നു. കാരണം പരാഗില്‍ പ്രതിഭയുണ്ടെന്നു തനിക്കറിയാമായിരുന്നുവെന്നും ഇര്‍ഫാന്‍ വിശദമാക്കി.