ചണ്ഡീഗഡ്: ക്രിക്കറ്റില്‍ നിന്നും ഒരു വര്‍ഷത്തിലേറെ മാറി നിന്നെങ്കിലും വിക്കറ്റ് കീപ്പിങില്‍ തന്റെ മൂര്‍ച്ച ഒട്ടും കുറഞ്ഞിട്ടില്ലെന്നു തെളിയിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്ത്. പഞ്ചാബ് കിങ്‌സിനെതിരേ കളിച്ചാണ് റിഷഭ് ക്രിക്കറ്റില്‍ നിന്നുള്ള തന്റെ 'വനവാസം' അവസാനിപ്പിച്ചത്. ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ലെങ്കിലും വിക്കറ്റ് കീപ്പിങില്‍ റിഷഭ് മികച്ചുനിന്നു.
കളിയില്‍ കണ്ണഞ്ചിക്കുന്ന ഒരു മിന്നല്‍ സ്റ്റംപിങും അദ്ദേഹം നടത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. പഞ്ചാബിന്റെ അപകടകാരിയായ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയെയാണ് കിടിലനൊരു സ്റ്റംപിങിലൂടെ റിഷഭ് മടക്കിയത്. സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവെറിഞ്ഞ 12ാമത്തെ ഓവറിലായിരുുന്നു സംഭവം. 28 റണ്‍സോടെ സാം കറെനും ഏഴു ബോളില്‍ എട്ടു റണ്‍സുമായി ജിതേഷുമായിരുന്നു ക്രീസില്‍. 11 ഓവറില്‍ മൂന്നിനു 99 റണ്‍സെന്ന നിലയിലായിരുന്നു പഞ്ചാബ്.

കുല്‍ദീപ് തന്റെ മൂന്നാമത്തെ ഓവറാണ് ബൗള്‍ ചെയ്യാനെത്തിയത്. ആദ്യത്തെ ബോളില്‍ ജിതേഷ് സിംഗിള്‍ നേടി. അടുത്ത ബോളില്‍ കറെനും സിംഗിളെടുത്തു. എന്നാല്‍ മൂന്നാമത്തെ ബോളില്‍ ജിതേഷിനെ കുല്‍ദീപ് മടക്കി. പക്ഷെ ഈ വിക്കറ്റിന്റെ ക്രെഡിറ്റ് റിഷഭിനു കൂടി അവകാശപ്പെട്ടതാണ്. ഓഫ്സ്റ്റംപിന് പുറത്ത് ഗൂഗ്ലി കെണിയൊരുക്കിയാണ് ജിതേഷിനെ കുല്‍ദീപ് ഞെട്ടിച്ചത്. ഒപ്പം ക്യാപ്റ്റന്‍ റിഷഭിന്റെ മിന്നല്‍ സ്റ്റംപിങും കൂടി വന്നതോടെ കാര്യങ്ങള്‍ എളുപ്പമായി.
റിസ്‌ക്കി ഷോട്ടിനു ശ്രമിച്ചാണ് ജിതേഷ് വിക്കറ്റ് പാഴാക്കിയത്. കുല്‍ദീപിന്റെ ഗൂഗ്ലിക്കെതിരേ മുന്നോട്ടിറങ്ങി റിവേഴ്‌സ് സ്വീപ്പിനായിരുന്നു ജിതേഷിന്റെ ശ്രമം. ക്രീസിനു പുറത്തേക്കിറങ്ങി ജിതേഷ് ആഞ്ഞുവീശിയെങ്കിലും ബോള്‍ കണക്ടായില്ല. വട്ടംകറങ്ങിയ ജിതേഷ് തിരികെ ബാറ്റ് ക്രീസിലേക്കു കുത്തുമ്പോഴേക്കും റിഷഭ് സ്റ്റംപിങ് പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു.
ഓണ്‍ഫീല്‍ഡ് അംപയര്‍ തീരുമാനം ടിവി അംപയര്‍ക്കു വിടുകയായിരുന്നു. റീപ്ലേകള്‍ പരിശോധിച്ച തേര്‍ഡ് അംപയര്‍ അതു ഔട്ട് തന്നെയാണെന്നു വിധിക്കുകയും ചെയ്തു. ഒമ്പതു ബോളില്‍ ഒരു ഫോറടക്കം ഒമ്പത് റണ്‍സ് മാത്രമെടുത്ത് ജിതേഷ് ക്രീസ് വിടുകയുമായിരുന്നു.

നേരത്തേ ബാറ്റിങില്‍ റിഷഭിനു തിളങ്ങാനായില്ല. നാലാം നമ്പറില്‍ ബാറ്റ് ചെയ്ത താരം 18 റണ്‍സാണ് നേടിയത്. 13 ബോളില്‍ രണ്ടു ഫോറുകള്‍ റിഷഭിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ബാറ്റിങില്‍ തന്റെ സ്വതസിദ്ധമായ ഒഴുക്ക് അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ കണ്ടില്ല. നീണ്ട ഇടവേളയ്ക്കു ശേഷം കളിച്ചതിന്റെ ചില പ്രശ്‌നങ്ങൾ റിഷഭിന്റെ ബാറ്റിങില്‍ പ്രകടമായിരുന്നു.
ഡിസിയെ വീഴ്ത്തി പഞ്ചാബ്
റിഷഭ് പന്തിന്റെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് തോല്‍വിയിലാണ് കലാശിച്ചത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ അവസാന ഓവറിലേക്കു നീണ്ട ത്രില്ലറില്‍ പഞ്ചാബ് കിങ്‌സ് നാലു വിക്കറ്റിനു തോല്‍പ്പിക്കുകയായിരുന്നു. 175 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബിനു ഡിസി നല്‍കിയത്. സാം കറെന്റെ (63) കരിയര്‍ ബെസ്റ്റ് പ്രകടനം പഞ്ചാബിനെ നാലു ബോളും നാലു വിക്കറ്റും ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു.
47 ബോള്‍ നേരിട്ട കറെന്റെ ഇന്നിങ്‌സില്‍ ആറു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. പുറത്താവാതെ 38 റണ്‍സെടുത്ത ലിയാം ലിവിങ്സ്റ്റണാണ് പഞ്ചാബിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 21 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ഫോറുമുള്‍പ്പെടെയാണിത്. പ്രഭ്‌സിമ്രന്‍ സിങ് 26 റണ്‍സും നേടി.
നേരത്തേ ആറു വിക്കറ്റിനാണ് ഡിസി 174 റണ്‍സ് നേടിയത്. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അഭിഷേക് പൊറെലിന്റെ (10 ബോളില്‍ 32*) പ്രകടനമാണ് ഡിസിയെ 170 കടത്തിയത്. ഷെയ് ഹോപ്പ് 33 റണ്‍സും നേടി.