വിശാഖപട്ടണം: ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ഐപിഎല്ലിലെ 16ാമത് മാച്ചില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓപ്പണര്‍ സുനില്‍ നരെയ്ന്‍ ബാറ്റിങില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ഡിസി ബൗളര്‍മാരെ തല്ലിച്ചതച്ച് അതിവേഗത്തില്‍ റണ്‍സ് വാരിക്കൂട്ടിയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ക്രീസ് വിട്ടത്. വെറും 39 ബോളില്‍ നരെയ്ന്‍ വാരിക്കൂട്ടിയത് 85 റണ്‍സാണ്. ഏഴു വീതം ഫോറും സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ആദ്യ 10 ഓവറില്‍ തന്നെ നരെയ്ന്‍ സ്‌ഫോടനാത്മക ഇന്നിങ്‌സിലൂടെ ഏറെക്കുറെ തനിച്ച് മല്‍സരം ഡിസിയില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു. 10 ഓവറില്‍ കെകെആറിന്റെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് 135 റണ്‍സാണ്. ഇതില്‍ 74 റണ്‍സും നരെയ്‌ന്റെ ബാറ്റില്‍ നിന്നായിരുന്നു. പക്ഷെ ഇത്ര മികച്ചൊരു ഇന്നിങ്‌സ് കളിക്കാന്‍ നരെയ്‌നെ സഹായിച്ചത് ഡിസി ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ ഭാഗത്തു നിന്നുണ്ടായ വലിയൊരു മണ്ടത്തരമാണ്.

നാലാം ഓവറില്‍ 24 റണ്‍സില്‍ നില്‍ക്കെ നരെയ്ന്‍ പുറത്താവേണ്ടതായിരുന്നു. പക്ഷെ റിഷഭ് കാണിച്ച പിഴവ് അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു. ജീവന്‍ തിരിച്ചുകിട്ടിയ നരെയ്ന്‍ പിന്നീട് 61 റണ്‍സ് കൂടി സ്വന്തം ടോട്ടലിലേക്കു കൂട്ടിച്ചേര്‍ത്താണ് മടങ്ങിയത്. വെറ്ററന്‍ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മയുടെ ഓവറിലാണ് റിഷഭിന്റെ അബദ്ധം കാരണം നരെയ്ന്‍ രക്ഷപ്പെടുന്നത്.
മൂന്നോവര്‍ പൂര്‍ത്തിയാവുമ്പോള്‍ കെകെആര്‍ വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സെന്ന നിലയിലായിരുന്നു. നരെയ്ന്‍ ഒമ്പതു ബോളില്‍ എട്ടു റണ്‍സും ഫിലിപ്പ് സാള്‍ട്ട് ഒമ്പതു ബോളില്‍ 16 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്. നാലാം ഓവറില്‍ ബൗള്‍ ചെയ്യാനെത്തിയത് ഇഷാന്താണ്. ഈ ഓവറിലാണ് നരെയ്ന്‍ ടോപ്പ് ഗിയറിലേക്കു കയറിയത്. ആദ്യത്തെ ബോള്‍ അദ്ദേഹം മിഡ് ഓഫിനു മുകളിലൂടെ സിക്‌സറിലേക്കു പറത്തുകയായിരുന്നു.
അടുത്ത ബോളില്‍ വീണ്ടുമൊരു സിക്‌സര്‍. തകര്‍പ്പനൊരു പുള്‍ ഷോട്ടിലൂടെയാണ് നരെയ്ന്‍ സിക്‌സര്‍ കണ്ടെത്തിയത്. സ്‌ക്വയര്‍ ലെഗിനു മുകളിലൂടെയാണ് ബോള്‍ പറന്നത്. മൂന്നാമത്തെ ബോളില്‍ നരെയ്ന്‍ ബൗണ്ടറി കണ്ടെത്തി. താഴ്ന്ന ഒരു ഫുള്‍ ടോസായിരുന്നു ഇത്. പോയിന്റിനു പിറകിലൂടെയാണ് ബോള്‍ ബൗണ്ടറി കടന്നത്.

അടുത്തത് ഇടംകൈയനായ നരെയ്‌നിലേക്കു ആംഗിള്‍ ചെയ്തു വന്ന ഒരു മനോഹരമായ ഒരു ബോളായിരുന്നു. നരെയ്ന്‍ പതിവു പോലെ ഈ ബോളിലും ആഞ്ഞടിച്ചെങ്കിലും കണക്ടായില്ല. ബോള്‍ നേരെ റിഷഭിന്റെ കൈകളിലേക്ക്. ബാറ്റില്‍ എഡ്ജുണ്ടായിരുന്നോയെന്ന സംശയത്തിലായിരുന്നു എല്ലാവരും. ടീമംഗം മിച്ചെല്‍ മാര്‍ഷ് അതു എഡ്ജ് തന്നെയാണെന്നും റിവ്യു എടുക്കാമെന്നും റിഷഭിനോടു ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. ബാറ്റില്‍ എഡ്ജില്ലെന്ന നിഗമനത്തിലായിരുന്നു ഡിസി നായകന്‍.
എന്നാല്‍ എത്ര മാത്രം വലിയ അബദ്ധമാണ് റിഷഭ് കാണിച്ചതെന്നു ഡിസി ആരാധകര്‍ക്കു വൈകാതെ ബോധ്യമായി. ബാറ്റില്‍ എഡ്ജുണ്ടായിരുന്നുവെന്നാണ് അള്‍ട്രാ എഡ്ജില്‍ കാണിച്ചത്. മാര്‍ഷിന്റെ അഭിപ്രായം കണക്കിലെടുത്ത് റിഷഭ് അപ്പോള്‍ റിവ്യു എടുത്തിരുന്നെങ്കില്‍ നരെയ്ന്‍ 24 റണ്‍സിനു പുറത്താവുമായിരുന്നു.
റിഷഭ് തന്നെ രക്ഷിച്ചതിനു പിന്നാലെ ഈ ഓവറിലെ അടുത്ത രണ്ടു ബോളില്‍ ഓരോ സിക്‌സറും ഫോറുമടിച്ചാണ് നരെയ്ന്‍ ആഘോഷിച്ചത്. ഈ ഓവറില്‍ 26 റണ്‍സ് അദ്ദേഹം വാരിക്കൂട്ടുകയും ചെയ്തു. ഓവറിനു മുമ്പ് എട്ടു റണ്‍സ് മാത്രമെടുത്ത നരെയ്ന്‍ ഓവര്‍ കഴിഞ്ഞപ്പോള്‍ 15 ബോളില്‍ 34 റണ്‍സെന്ന നിലയിലായിരുന്നു.