ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ നടന്ന കളിയിലെ മോശം പെരുമാറ്റമാണ് റിഷഭിനെ പ്രതിക്കൂട്ടിലാക്കിയത്. ഈ കളിയില്‍ ലഖ്‌നൗവിന്റെ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഓണ്‍ ഫീല്‍ഡ് അംപയറുമായി റിഷഭ് ഏറെ നേരം തര്‍ക്കിക്കുകയും വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു. ഇതാണ് ഗില്ലിയെ ക്ഷുഭിതനാക്കാന്‍ കാരണം. റിഷഭിനു പിഴ ചുമത്താന്‍ ബിസിസിഐ തയ്യാറാവണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയാണ് റിഷഭിന്റെ പെരുമാറ്റം വളരെ മോശമായിരുന്നുവെന്നു അദ്ദേഹം വിമര്‍ശിച്ചത്. അംപയറുമായി കുറഞ്ഞ സമയം കൊണ്ട്, സത്യസന്ധമായി തന്റെ കാര്യങ്ങള്‍ റിഷഭ് സംസാരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ അതുമായി മുന്നോട്ടുപോവണമെന്നു ഓണ്‍ഫീല്‍ഡ് ഒഫീഷ്യല്‍ പറഞ്ഞിട്ടും റിഷഭ് അതു അംഗീകരിക്കാതെ വാദം തുടര്‍ന്നു കൊണ്ടിരുന്നു. ഒരു താരത്തിന്റെ സംഭാഷണം ഈ രീതിയില്‍ നീണ്ടു പോവുകയാണെങ്കില്‍ പിഴ ചുമത്താനുള്ള അധികം അപയര്‍മാര്‍ക്കു ഉണ്ടാവണമെന്നും ഗില്‍ക്രിസ്റ്റ് വ്യക്കമാക്കി.

അംപയര്‍മാര്‍ക്കു ഗെയിമില്‍ കൂടുതല്‍ മെപ്പെട്ട നിയന്ത്രണം ആവശ്യമായ മറ്റൊരു ഉദാഹരണം ഡിസിയും ലഖ്‌നൗവും തമ്മിലുള്ള മല്‍സരത്തില്‍ എനിക്കു കാണാന്‍ സാധിച്ചു. ഏതു ഫോര്‍മാറ്റായാലും ഇതു ആവശ്യമാണ്. മുന്നോട്ടു പോകവെ അംപയര്‍മാര്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. റിഷഭ് റിവ്യു എടുത്തിരുന്നോയെന്ന കാര്യത്തില്‍ അവിടെ തര്‍ക്കമുണ്ടായിരുന്നു. റിവ്യു കോളിന്റെ കാര്യത്തില്‍ തെറ്റായ ആശവിനിമയമാണ് സംഭവിച്ചത്. പക്ഷെ റിഷഭും അംപയറും അവിടെ മൂന്ന്- നാലു മിനിറ്റോളം ഇതേക്കുറിച്ച് സംസാരിച്ചു നിന്നു.
വളരെ ലളിതമായ ഒരു സംഭാഷണമായിരുന്നു അതെന്നു ഞാന്‍ വിശ്വസിക്കുന്നു. റിഷഭോ, മറ്റേതെങ്കിലും താരമോ ഈ തരത്തില്‍ എത്ര മാത്രം പരാതിപ്പെട്ടാലും അതു കഴിഞ്ഞെന്നു അംപയര്‍ പറയുക തന്നെ വേണം. മാത്രമല്ല വളരെ പെട്ടെന്നു മുന്നോട്ടു പോവേണ്ടതും ആവശ്യമാണ്. പക്ഷെ റിഷഭ് എന്നിട്ടും സംസാരിച്ചു കൊണ്ടിരുന്നാല്‍ പിഴ ചുമത്തുകയാണ് വേണ്ടതെന്നും ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി.

വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മയെറിഞ്ഞ നാലാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. ഓവറിലെ നാലാമത്തെ ബോളിലായിരുന്നു ഇത്. മലയാളി താരം ദേവ്ദത്ത് പടിക്കലായിരുന്നു അപ്പോള്‍ ക്രീസിലുണ്ടായിരുന്നത്. ലെഗ് സൈഡിലേക്കു പോയ ഒരു ലൂസ് ബോളാണ് ഇഷാന്ത് എറിഞ്ഞത്. അംപയര്‍ അതു വൈഡ് വിളിക്കുകയും ചെയ്തു. ഇഷാന്റെയോ, റിഷഭിന്റെയോ, മറ്റു ഡിസി താരങ്ങളുടെ ഭാഗത്തു നിന്നും അപ്പോള്‍ അപ്പീലൊന്നുമുണ്ടായില്ല. ഇതിനിടെയാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തി റിഷഭ് റിവ്യു എടുത്തത്.
തേര്‍ഡ് അംപയര്‍ അതു പരിശോധിച്ച ശേഷം വൈഡ് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ റിഷഭ് ക്ഷുഭിതനാവുകയായിരുന്നു. ഓണ്‍ഫീല്‍ഡ് അംപയര്‍ക്കു അരികിലേക്കു വന്ന അദ്ദേഹം പലതും വാദിക്കുകയും ചെയ്തു. ഇരുവരെയും സംസാരം നീണ്ടുപോയതോടെ കളിയും അല്‍പ്പനേരം തടസ്സപ്പെട്ടു.
താന്‍ റിവ്യു എടുക്കാന്‍ ആംഗ്യം കാണിച്ചതല്ലെന്നായിരുന്നു റിഷഭ് വാദിച്ചത്. പക്ഷെ റിവ്യു എടുക്കുന്ന ആംഗ്യമാണ് അദ്ദേഹം കാണിച്ചതെന്നു റീപ്ലേയില്‍ വ്യക്തവുമായിരുന്നു. പക്ഷെ റിഷഭ് വിട്ടുകൊടുത്തില്ല. ഒരുപാട് സമയം അംപയറോടു വാദിച്ച ശേഷമാണ് അദ്ദേഹം പിന്‍മാറിയത്.