ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പില്‍ ടീം ഇന്ത്യക്കായി വിക്കറ്റ് കാക്കുന്നത് ആരാവും? ഈ സ്ഥാനത്തിനു വേണ്ടിയുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോള്‍ ഐപിഎല്ലില്‍ നടക്കുന്നത്. നിലവില്‍ ആറു വിക്കറ്റ്കീപ്പര്‍മാരാണ് ഈ റോളിലേക്കു മല്‍സരരംഗത്തുള്ളതെങ്കിലും പ്രധാന പോര് രണ്ടു പേര്‍ തമ്മിലാണെന്നു പറയാം. രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളിയുമായ സഞ്ജു സാംസണാണ് ഒരാങ്കെില്‍ രണ്ടാമത്തെയാള്‍ റിഷഭ് പന്തുമാണ്.
കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, ധ്രുവ് ജുറേല്‍ എന്നിവരും ലോകകപ്പ് ടിക്കറ്റ് മോഹിക്കുന്നവരാണെങ്കിലും നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ അവരെല്ലാം സഞ്ജു, റിഷഭ് എന്നിവരേക്കാള്‍ പിറകില്‍ തന്നെയാണ്. ബിസിസിഐയുടെ പ്രിയങ്കരനും കാറപകടത്തില്‍ പരിക്കേറ്റ് പുറത്താവും വരെ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുമായിരുന്ന റിഷഭ് ശ്രദ്ധേയമായ പ്രകടനമാണ് ഐപിഎല്ലില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

നേരത്തേ സഞ്ജു റണ്‍വേട്ടയില്‍ ഏറെ മുന്നിലായിരുന്നെങ്കിലും റിഷഭ് പതിയെ ഇരുവര്‍ക്കുമിടിയുള്ള അന്തരം കുറച്ചു കൊണ്ടിരിക്കുകാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി അവസാനം കളിച്ച മല്‍സരത്തിലും ശ്രദ്ധേയമായ ഇന്നിങ്‌സാണ് റിഷഭ് കളിച്ചത്. ഡിസി ആറു വിക്കറ്റിന്റെ വിജയം കൊയ്ത മല്‍സരത്തില്‍ അദ്ദേഹം 24 ബോളില്‍ 41 റണ്‍സ് അടിച്ചെടുത്ത് പുറത്താവുകയായിരുന്നു. നാലു ഫോറുകളും രണ്ടു സിക്‌സറുമുള്‍പ്പെടെയാണിത്. അവസാനം കളിച്ച നാലു മല്‍സരങ്ങളില്‍ രണ്ടിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ റിഷഭ് കുറിക്കുകയും ചെയ്തു.
നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയായിരുന്നു ഒരു ഫിഫ്റ്റിയെങ്കില്‍ മറ്റൊന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയുമാണ്. സിഎസ്‌കെയ്‌ക്കെതിരേ 32 ബോളില്‍ 51 റണ്‍സ് അടിച്ചെടുത്താണ് താരം പുറത്തായത്. കെകെആറിനെതിരേ 25 ബോളില്‍ 55 റണ്‍സും റിഷഭ് അടിച്ചുകൂട്ടി. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ സഞ്ജു തന്നെയാണ് ഇപ്പോഴും മുന്നിട്ടുനില്‍ക്കുന്നതെങ്കിലും റിഷഭ് ഏറെ അടുത്തേക്കു എത്തിക്കൊണ്ടിരിക്കുകയാണ്.
സഞ്ജുവിനേക്കാള്‍ 52 റണ്‍സ് മാത്രം പിറകിലാണ് ഇപ്പോള്‍ അദ്ദേഹം. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ നാലാംസ്ഥാനത്തുള്ള സഞ്ജു അഞ്ചിന്നിങ്‌സുകളില്‍ നിന്നും സ്‌കോര്‍ ചെയ്തിരിക്കുന്നത് 246 റണ്‍സാണ്. 82 എന്ന കിടിലന്‍ ശരാശരിയില്‍ 157.69 സ്‌ട്രൈക്ക് റേറ്റിലാണിത്. റിഷഭാവട്ടെ ആറു മല്‍സരങ്ങളില്‍ നിന്നും 32.33 ശരാശരിയില്‍ 157.72 സ്‌ട്രൈക്ക് റേറ്റില്‍ 194 റണ്‍സും നേടിയിട്ടുണ്ട്.

ശരാശരിയില്‍ സഞ്ജുവിനേക്കാള്‍ ഏറെ പിന്നിലാണെങ്കിലും സ്‌ട്രൈക്ക് റേറ്റില്‍ റിഷഭാണ് അല്‍പ്പം മുന്നിലെന്നു കാണാം, ആകെ നേടിയ സിക്‌സറുകളെടുത്താല്‍ അവിടെയും റിഷഭിനാണ് നേരിയ മുന്‍തൂക്കം. റിഷഭ് 11 സിക്‌സറുകളടിച്ചപ്പോള്‍ സഞ്ജു 10 സിക്‌സറുകളും നേടി. പക്ഷെ സഞ്ജു ഒരു മല്‍സരം കുറച്ചേ കളിച്ചിട്ടുള്ളൂവെന്നതു ഓര്‍മിക്കണം.
ഐപിഎല്‍ ആരംഭിക്കുന്നതു വരെ ലോകകപ്പിനുള്ള വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു റിഷഭിന്റെ പേരുണ്ടായിരുന്നില്ല. കാരണം ഒരു വര്‍ഷത്തിലേറെയായി കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന അദ്ദേഹത്തിന്റെ ഫിറ്റ്‌നസ്, ഫോം എന്നിവയുടെ കാര്യത്തില്‍ ആശങ്കകളുണ്ടായിരുന്നു. ക്രിക്കറ്റില്‍ നിന്നും ദീര്‍ഘകാലമായി മാറിനില്‍ക്കുന്നതിനാല്‍ റിഷഭിനു എത്രത്തോളം പെര്‍ഫോം ചെയ്യാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയങ്ങളുണ്ടായിരുന്നു.
എന്നാല്‍ പരിക്കേല്‍ക്കുന്നതിനു മുമ്പുള്ള റിഷഭ് തന്നെയാണ് താന്‍ ഇപ്പോഴുമെന്നു അദ്ദേഹം ഐപിഎല്ലിലൂടെ കാണിച്ചു തന്നിരിക്കുകയാണ്. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ റിഷഭും സഞ്ജുവും തന്നെയായിരിക്കും ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാര്‍. റിഷഭ് ടീമിലെത്തിയാല്‍ സ്വാഭാവികമായും പ്ലെയിങ് ഇലവനിലേക്കു പ്രഥമ പരിഗണനയും അദ്ദേഹത്തിനു തന്നെയായിരിക്കും. സഞ്ജുവിനു കാഴ്ചക്കാരനാവേണ്ടിയും വരും.