ഐപിഎല്ലിന്റെ 17ാം സീസണിനു മാര്‍ച്ച് അവസാനത്തോടെ തുടക്കമാവുകയാണ്. ടൂര്‍ണമെന്റിന്റെ മല്‍സരക്രമം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാര്‍ച്ച് 20നു ശേഷം ഐപിഎല്‍ പൂരത്തിനു കൊടിയേറുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 10 ടീമുകളാണ് ഇത്തവണയും കിരീടത്തിനു വേണ്ടി പോരടിക്കുന്നത്. മുന്‍ സീസണുകളിലേതു പോലെ ചില അവിസ്മരണീയ ബാറ്റിങ്, ബൗളിങ് പ്രകടനങ്ങള്‍ക്കു ഈ സീസണും സാക്ഷിയാവുമെന്നുറപ്പാണ്.
തനിച്ചു മല്‍സരഗതി തന്നെ മാറ്റി മറിക്കാന്‍ ശേഷിയുള്ള ചില ഗെയിം ചേഞ്ചര്‍മാര്‍ ചില ടീമുകളിലുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. സണ്‍റൈസഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഗെയിം ചേഞ്ചര്‍ സൗത്താഫ്രിക്കയുടെ വെടിക്കെട്ട് താരം ഹെന്‍ട്രിച്ച് ക്ലാസെനാണ്.

വളരെ കുറച്ചു ഓവറുകള്‍ കൊണ്ടു തന്നെ കളിയുടെ ഗതി മാറ്റി മറിക്കാനുള്ള ശേഷി ക്ലാസെനുണ്ട്. കഴിഞ്ഞ വര്‍ഷം ഹൈദരാബാദിനു വേണ്ടി സെഞ്ച്വറിയടക്കം നേടിയ അദ്ദേഹം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. ടീം ഫ്‌ളോപ്പായെങ്കിലും ക്ലാസെന്റെ പ്രകടനം എസ്ആര്‍എച്ചിനെ സംബന്ധിച്ച് വലിയ പ്ലസ് പോയിന്റായിരുന്നു. ഇതേ തുടര്‍ന്നാണ് ഈ സീസണിലും അദ്ദേഹത്തെ നിലനിര്‍ത്തിയിരിക്കുന്നത്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഗെയിം ചേഞ്ചറാണ് ഇന്ത്യന്‍ സെന്‍സേഷന്‍ റിങ്കു സിങ്. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് കഴിഞ്ഞ സീസണില്‍ കണ്ടത്. ഇതു റിങ്കുവിനു ദേശീയ ടീമിലേക്കു വഴി തുറക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കു വേണ്ടിയും ഫിനിഷറുടെ റോളില്‍ കസറാന്‍ താരത്തിനായിരുന്നു.
സ്പിന്നര്‍മാരെ നേരിടുന്നതില്‍ കേമനായ റിങ്കുവിനു പേസര്‍മാര്‍ക്കെതിരേ വമ്പന്‍ സിക്‌സറുകള്‍ പായിക്കാനും കഴിയും. അതുകൊണ്ടു തന്നെ പുതിയ സീസണില്‍ കെകെആറിന്റെ തുറുപ്പുചീട്ട് അദ്ദേഹം തന്നെയായിരിക്കുമെന്നതില്‍ സംശയമില്ല.
ക്യാപ്റ്റനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ഗെയിം ചേഞ്ചര്‍. കാറപകടത്തിലേറ്റ പരിക്കു കാരണം കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിനു കളിക്കാനായിരുന്നില്ല. എന്നാല്‍ പൂര്‍ണ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്തിക്കൊണ്ടിരിക്കുന്ന റിഷഭ് ഇത്തവണത്തെ ഐപിഎല്ലിലൂടെ മല്‍സരരംഗത്തേക്കു മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അഗ്രസീവ് ബാറ്റിങ് ശൈലിയുടെ വക്താവായ റിഷഭിനു ഡിസിയുടെ ഗെയിം ചേഞ്ചറായി ഈ സീസണില്‍ മാറാന്‍ സാധിക്കും. ഇതിനു വേണ്ടി പൂര്‍ണ മാച്ച് ഫിറ്റ്‌നസിലേക്കു താരം മടങ്ങിയെത്തേണ്ടത് ആവശ്യമാണ്.
കഴിഞ്ഞ തവണത്തെ റണ്ണറപ്പും 2022ലെ ചാംപ്യന്‍മാരുമായ ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ ഗെയിം ചേഞ്ചര്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയായിരിക്കും. ഹാര്‍ദിക് പാണ്ഡ്യ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്കു മടങ്ങിപ്പോയതോടെ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴിലാണ് ജിടി ഇത്തവണയിറങ്ങുന്നത്.

തുടരെ മൂന്നാം സീസണിലും അവരുടെ ബൗളിങിനു ചുക്കാന്‍ പിടിക്കുക ഷമിയായിരിക്കും. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തായിരുന്നു അദ്ദേഹം. ഇനി ഐപിഎല്ലിലും ഷമി തന്റെ മാജിക്കല്‍ ബൗളിങ് പ്രകടനം ആവര്‍ത്തിച്ചാല്‍ ജിടിക്കു കാര്യങ്ങള്‍ എളുപ്പമായി മാറും.
സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ഗെയിം ചേഞ്ചറാണ് ഇന്ത്യന്‍ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ കൂടിയായ അദ്ദേഹം റോയല്‍സിനായി കസറി ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ്.
ഐപിഎല്ലില്‍ വിക്കറ്റ് വേട്ട നടത്തിയാല്‍ ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് ടീമിലേക്കു ചഹലിനു വിളിയെത്തിയേക്കും. ഡെത്ത് ഓവറുകളിലടക്കം റോയല്‍സിനു വേണ്ടി വ്യത്യസ്ത സാഹചര്യങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്.