ഐപിഎല്ലിന്റെ 17ാം സീസണിനു ഈ മാസം ആരവമുയരുകയാണ്. 22നു ചെന്നൈയിലെ ചെപ്പോക്കിലാണ് ടൂര്‍ണമെന്റിനു തുടക്കമാവുന്നത്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കരുത്തരായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് കന്നിയങ്കം. ആദ്യഘട്ടത്തിലെ 21 മല്‍സരങ്ങളുടെ ഷെഡ്യൂള്‍ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. ഫൈനലുള്‍പ്പെടെ ടൂര്‍ണമെന്റിലെ മറ്റു മല്‍സരങ്ങളുടെ ഷെഡ്യൂള്‍ പിന്നീടായിരിക്കും പ്രഖ്യാപിക്കുക.
ടി20 ഫോര്‍മാറ്റില്‍ ഓപ്പണര്‍മാര്‍ക്കു നിര്‍ണായക റോളാണുള്ളത്. പവര്‍പ്ലേയുടെ ആനുകൂല്യം പരമാവധി മുതലെടുക്കാനും ന്യൂബോള്‍ ആക്രമണത്തെ ഏറ്റവും നന്നായി നേരിടാനും സാധിക്കുന്നവര്‍ക്കു മാത്രമേ ഓപ്പണിങില്‍ മിന്നിക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ എല്ലാ ഫ്രാഞ്ചൈസികള്‍ക്കും അംഗീകൃത ഓപ്പണര്‍മാരുണ്ട്. എന്നാല്‍ മറ്റു പൊസിഷനില്‍ കളിക്കുന്ന ചിലരെ ഓപ്പണിങില്‍ ടീമുകള്‍ക്കു പരീക്ഷിക്കാവുന്നതാണ്.

ഈ തരത്തില്‍ സര്‍പ്രൈസ് ഓപ്പണര്‍മാരായി ടീമുകള്‍ക്കു ഇത്തവണ ഇറക്കാവുന്ന ചില കളിക്കാര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം. ആദ്യത്തെയാള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ്. 2022 ഡിസംബറില്‍ കാറപകടത്തില്‍ പരിക്കേറ്റ ശേഷം വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന്റെ മടങ്ങിവരവിനാണ് ഐപിഎല്‍ വേദിയാവുക.
പൂര്‍ണ ഫിറ്റ്‌നസിലേക്കു ഇനിയും മടങ്ങിയെത്തിയിട്ടില്ലെന്നതിനാല്‍ റിഷഭ് വിക്കറ്റ് കീപ്പിങില്‍ നിന്നും മാറിനിന്നേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോളിലായിരിക്കും താരത്തെ കാണാനാവുക. വളരെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് റിഷഭ്.
അതുകൊണ്ടു തന്നെ മധ്യ ഓവറുകളില്‍ മാത്രമല്ല പവര്‍പ്ലേയിലും അപകടം വിതയ്ക്കാന്‍ താരത്തിനു സാധിക്കും. ഈ കാരണത്താല്‍ തന്നെ ഡിസിക്കു ഓപ്പണിങിലും റിഷഭിനെ പരീക്ഷിച്ചു നോക്കാവുന്നതാണ്. നേരത്തേ ഇന്ത്യന്‍ ടീമിനു വേണ്ടി ഓപ്പണറായി കുറച്ചു മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചിരുന്നു. ഈ റോള്‍ റിഷഭിനു പുതിയ കാര്യവുമല്ല.
അഗ്രസീന് ശൈലി കൊണ്ട് പവര്‍പ്ലേയുടെ ആനുകൂല്യം നന്നായി മുതലാക്കാന്‍ റിഷഭിനു സാധിക്കും. പേസ്, സ്പിന്‍ ബൗളിങിനെതിരേ സിക്‌സറുകളടിക്കാന്‍ മിടുക്കനാണ് അദ്ദേഹം. ഈ കാരണങ്ങളാല്‍ ഓപ്പണറായി റിഷഭ് ഡിസിക്കു നല്ലൊരു ഓപ്ഷനാണ്. പുതിയ സീസണില്‍ അദ്ദേഹത്തെ ഓപ്പണറായി പരീക്ഷിച്ചാല്‍ പൃഥി ഷാ, ഡേവിഡ് നവാര്‍ണര്‍ എന്നിവരിലൊരാള്‍ക്കു ഓപ്പണില്‍ നിന്നും വഴി മാറിക്കൊടുക്കേണ്ടതായി വരും.
സര്‍പ്രൈസ് ഓപ്പണറായി പരീക്ഷിച്ചു നോക്കാവുന്ന രണ്ടാമത്തെയാള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇന്ത്യന്‍ സെന്‍സേഷന്‍ റിങ്കു സിങാണ്. നിലവില്‍ കെകെആറിന്റെ സൂപ്പര്‍ ഫിനിഷറാണ് അദ്ദേഹം. കഴിഞ്ഞ സീസണില്‍ ഫിനിഷറുടെ റോളില്‍ ഗംഭീര പ്രകടനമായിരുന്നു റിങ്കു കാഴ്ചവച്ചത്. തോല്‍വിയുടെ വക്കില്‍ നിന്നു പോലും ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകളിലൂടെ അദ്ദേഹം കെകെആറിനെ രക്ഷിച്ചിട്ടുണ്ട്.
ഇതില്‍ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരം എടുത്തു പറയേണ്ടതാണ്. കെകെആര്‍ തോല്‍വി ഉറപ്പിച്ചിരിക്കവെ 20ാം ഓവറില്‍ തുടര്‍ച്ചയായി അഞ്ചു സിക്‌സറുകള്‍ പായിച്ച് റിങ്കു ടീമിനു നാടകീയ ജയം സമ്മാനിക്കുകയായിരുന്നു. ഇടംകൈയന്‍ ബാറ്ററായ അദ്ദേഹത്തിന്റെ പ്രഹരശേഷിയുടെ കാര്യത്തില്‍ സംശയമില്ല.
എത്ര മികച്ച ബൗളറെയും അനായാസം കൈകാര്യം ചെയ്യാന്‍ റിങ്കുവിനാവും. സ്പിന്നര്‍മാരെ നേരിടുന്നതിലും കേമനാണ് താരം. കൂടാതെ ഫാസ്റ്റ് ബൗര്‍മാര്‍ക്കെതിരേ അനായാസം സിക്‌സറുകളും പറത്തും. ഇങ്ങനെയുള്ള ഒരു ബാറ്റര്‍ക്കു ഫിനിഷറായി മാത്രമല്ല ഓപ്പണറായും ടീമിനായി കസറാന്‍ സാധിക്കും.

സര്‍പ്രൈസ് ഓപ്പണറാക്കാവുന്ന മൂന്നാമത്തെയാള്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണാണ്. റോയല്‍സില്‍ നിലവില്‍ മൂന്നാം നമ്പറാണ് അദ്ദേഹത്തിന്റെ ഫേവറിറ്റ്. ഈ പൊസിഷനില്‍ ഇറങ്ങി സെഞ്ച്വറിയടക്കം താരം നേടിയിട്ടുമുണ്ട്.
വണ്‍ഡൗണായി കളിക്കുന്നതിനാല്‍ തന്നെ നിരവധി തവണ തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായ ശേഷം സഞ്ജു പവര്‍പ്ലേയില്‍ ബാറ്റ് ചെയ്തിട്ടുണ്ട്. ഈ കാരണത്താല്‍ തന്നെ ഓപ്പണിങിലേക്കു വന്നാലും അദ്ദേഹത്തിനു വലിയ മാറ്റമൊന്നു ഫീല്‍ ചെയ്യില്ല. ഇന്ത്യക്കു വേണ്ടി മുമ്പ് അയര്‍ലാന്‍ഡ് പര്യടനത്തില്‍ സഞ്ജു ഓപ്പണറായി കളിച്ചിരുന്നു. 70 പ്ലസ് സ്‌കോറുമായി അന്നു മിന്നിക്കുകയും ചെയ്തു.
ടി20യില്‍ അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനവും ഇതു തന്നെയാണ്. ഈ കാരണത്താല്‍ റോയല്‍സിനും സഞ്ജുവിനെ ഓപ്പണറായി കുറച്ചു മല്‍സരങ്ങളില്‍ പരീക്ഷിക്കാവുന്നതാണ്. ആദ്യ ബോളില്‍ തന്നെ സിക്‌സറടിക്കാന്‍ മടിയില്ലാത്ത താരമാണ് അദ്ദേഹം. ഈ ശൈലി കൊണ്ട് ഓപ്പണിങില്‍ കസറാനും താരത്തിനാവും.