ഐപിഎല്ലിന്റെ 17ാം സീസണിനു ഈ മാസം ആരവമുയരുകയാണ്. ഫോറുകളുടെയും സിക്‌സറുകളുടെയും ചാകര തന്നെയായിരിക്കും ഇനിയുള്ള രണ്ടു മാസക്കാലം ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുന്നത്. 10 ഫ്രാഞ്ചൈസികളാണ് ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ഫ്രാഞ്ചൈസി ലീഗില്‍ കിരീടമോഹവുമായി രംഗത്തിറങ്ങുക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരോവറില്‍ ആറു സിക്‌സറുകളെന്ന മാജിക്ക് ഒന്നിലേറെ തവണ നമ്മള്‍ കണ്ടു കഴിഞ്ഞെങ്കിലും ഐപിഎല്ലില്‍ ഇങ്ങനെയൊരു അദ്ഭുതം ഇതുവരെ സംഭവിച്ചിട്ടില്ല.
എന്നാല്‍ ഓവറിലെ ആറു ബോളുകളില്‍ അഞ്ചെണ്ണം സിക്‌സറിലേക്കു പറക്കുന്നതിന് ഐപിഎല്‍ സാക്ഷിയായിട്ടുണ്ട്. കഴിഞ്ഞ തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ റിങ്കു സിങാണ് അഞ്ചു സിക്‌സറുകളുമായി ടീമിനു ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. അന്നു ഗുജറാത്ത് ടൈറ്റന്‍സിനെതിരേയായിരുന്നു 20ാം ഓവറില്‍ റിങ്കുവിന്റെ കടന്നാക്രമണം.

പേസര്‍ യഷ് ദയാലെറിഞ്ഞ 20ാം ഓവറില്‍ കെകെആറിനു ജയിക്കാന്‍ 29 റണ്‍സാണ് വേണ്ടിയിരുന്നത്. ജയമുറപ്പിച്ച ജിടിയെ സ്തബ്ധരാക്കിയാണ് റിങ്കുവിന്റെ അവിശ്വസനീയ ബാറ്റിങ് കെകെആറിനു സര്‍പ്രൈസ് ജയം നേടിക്കൊടുത്തത്. പക്ഷെ ഐപിഎല്‍ ചരിത്രമെടുത്താല്‍ ഓവറില്‍ അഞ്ചു സിക്‌സറുകള്‍ പായിച്ച താരം റിങ്കു മാത്രമല്ല. ഈ അവിസ്മരണീയ നേട്ടം കൈവരിച്ച വേറെയും താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.
യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്‌ലാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഐപിഎല്ലില്‍ ഏറ്റവുമാദ്യം ഓവറില്‍ അഞ്ചു സിക്‌സറുകള്‍ വാരിക്കൂട്ടിയതും അദ്ദേഹം തന്നെയാണ്. 2012ലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കവെ പൂനെ വാരിയേഴ്‌സിനെതിരേയായിരുന്നു ഗെയ്‌ലിന്റെ സിക്‌സര്‍ മഴ.
പൂനെയുടെ ഇന്ത്യന്‍ സ്പിന്നറായ രാഹുല്‍ ശര്‍മയെയാണ് അദ്ദേഹം അന്നു പഞ്ഞിക്കിട്ടത്. ഓവറിലെ ആദ്യത്തെ ബോളില്‍ ഗെയ്ല്‍ ഷോട്ടൊന്നും കളിച്ചിരുന്നില്ല. പക്ഷെ അതൊരു കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത മാത്രമായിരുന്നു. അടുത്ത അഞ്ചു ബോളും ഗെയ്ല്‍ നിലം തൊടീക്കാതെ സിക്‌സറിലേക്കു പായിക്കുകയായിരുന്നു.
ക്രിസ് ഗെയ്‌ലിനു ശേഷം ഒരോവറില്‍ അഞ്ചു സിക്‌സറുകള്‍ വാരിക്കൂട്ടിയ രണ്ടാമത്തെയാള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയയാണ്. 2020ലായിരുന്നു തെവാത്തിയ ടീമിന്റെ ഹീറോയായത്. പഞ്ചാബ് കിങ്‌സുമായുള്ള മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഷെല്‍ഡണ്‍ ജാക്‌സണിനെ അദ്ദേഹം കടന്നാക്രമിക്കുകയായിരുന്നു. റണ്‍ചേസില്‍ റോയല്‍സ് പതറവെയാണ് 18ാം ഓവറില്‍ തെവാത്തിയ അഞ്ചു സിക്‌സറുകളുമായി കളി മാറ്റിയത്.

മല്‍സരത്തില്‍ തെവാത്തിയ അത്ര മികച്ച ഫോമിലായിരുന്നില്ല ആദ്യം കാണപ്പെട്ടത്. പല തവണ വമ്പന്‍ ഷോട്ടുകള്‍ക്കു താരം ശ്രമിച്ചെങ്കിലും ബോള്‍ കണക്ട് ചെയ്യാന്‍ സാധിച്ചില്ല. 18ാം ഓവറിനു മുമ്പ് 23 ബോളില്‍ 17 റണ്‍സായിരുന്നു തെവാത്തിയ നേടിയത്. എന്നാല്‍ 18ാം ഓവറില്‍ അദ്ദേഹം മറ്റൊരാളായി മാറുകയായിരുന്നു. ഇതോടെ 224 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം റോയല്‍സ് മറികടക്കുകയും ചെയ്തു.
രാഹുല്‍ തെവാത്തിയ കഴിഞ്ഞാല്‍ എലൈറ്റ് ക്ലബ്ബില്‍ അംഗമായ മൂന്നാമത്തെയാള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. 2021ലെ ഐപിഎല്ലിലാണ് ജഡ്ഡുവിന്റെ ഇടിവെട്ട് പ്രകടനം കണ്ടത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യന്‍ മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേലിനെയാണ് അന്നു അദ്ദേഹം തല്ലിപ്പരുവമാക്കിയത്.
സിഎസ്‌കെ ആദ്യം ബാറ്റ് ചെയ്യവെ 19ാമത്തെ ഓവറിലായിരുന്നു ഹര്‍ഷലിനതിരേ ജഡേജയുടെ വെടിക്കെട്ട് ഷോ. ഇതോടെ സിഎസ്‌കെ നിശ്ചിത ഓവറില്‍ 191 റണ്‍സെന്ന മികച്ച ടോട്ടലിലെത്തുകയും ചെയ്തു.