For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 8 ബോളില്‍ 26, സ്‌ടൈക്ക് റേറ്റ് 325!! റിങ്കു ഡാ, ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ച രണ്ടാമന്‍

വിശാഖപട്ടണം: ക്യാപ്റ്റന്‍ രോഹിത് ശര്‍മ കഴിഞ്ഞാല്‍ ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിക്കുന്നയാള്‍ താനാണെന്നു ഗംഭീരമായ ഒരു ഫിനിഷിങിലൂടെ കാണിച്ചു തന്നിരിക്കുകയാണ് യുവതാരം റിങ്കു സിങ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള പോരാട്ടത്തിലാണ് അദ്ദേഹം ഒരു അവിശ്വസനീയ ബാറ്റിങ് വിരുന്ന് കാഴ്ചവച്ചത്. കെകെആറിന്റെ റണ്‍പ്രളയത്തില്‍ ഇതു മുങ്ങിപ്പോയെങ്കിലും ഡെത്ത് ഓവറുകളില്‍ തന്റെ പ്രഹരശേഷി റിങ്കു ഒരിക്കല്‍ക്കൂടി അടിവരയിടുകയായിരുന്നു.

റണ്‍മഴ കണ്ട കെകെആറിന്റെ ഇന്നിങ്‌സില്‍ ആറാമനായാണ് അദ്ദേഹം ക്രീസിലെത്തിയത്. നേരിട്ടതാവട്ടെ വെറും എട്ടു ബോളുകള്‍ മാത്രം. ഇവയില്‍ നിന്നും റിങ്കു വാരിക്കൂട്ടിയത് 26 റണ്‍സാണ്. മൂന്നു വമ്പന്‍ സിക്‌സറും ഒരു ഫോറുമുള്‍പ്പെടെയാണിത്. 325 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റിലാണ് റിങ്കു റണ്‍സ് വാരിക്കൂട്ടിയത്.

RINKU SINGH

ഖലീല്‍ അഹമ്മദെറിഞ്ഞ 18ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ നായകന്‍ ശ്രേയസ് അയ്യര്‍(18) പുറത്തായ ശേഷമാണ് റിങ്കു ക്രീസിലെത്തിയത്. ഈ ഓവറില്‍ രണ്ടു ബോള്‍ നേരിട്ട അദ്ദേഹം നേടിയത് രണ്ടു റണ്‍സ് മാത്രം. എന്നാല്‍ സൗത്താഫ്രിക്കന്‍ പേസര്‍ ആന്‍ട്രിച്ച് നോര്‍ക്കിയ എറിഞ്ഞ അടുത്ത ഓവറില്‍ റിങ്കു കൊടുങ്കാറ്റായി മാറി. ഓവറിലെ ആദ്യ ബോളിസല്‍ സിക്‌സറുമായിട്ടാണ് നോര്‍ക്കിയയെ റിങ്കു വരവേറ്റത്. ഓഫ്സ്റ്റ്ംപിനു പുറത്തേക്കു പോയ വൈഡ് ബോളായിരുന്നു ഇത്. എന്നാല്‍ റിങ്കു അതു തേര്‍ഡ് മാനിനു മുകളിലൂടെ സിക്‌സറിലേക്കു പറത്തി.

അടുത്ത ബോളില്‍ വീണ്ടുമൊരു കിടുക്കാച്ചി സിക്‌സര്‍. ഇത്തവണ ബോളിനെ നിലം തൊടീക്കാതെ ബൗണ്ടറി കടത്താന്‍ റിങ്കുവിനു ഒരുകൈ മാത്രമേ വേണ്ടിവന്നുള്ളൂ. താഴ്ന്ന ഒരു ഫുള്‍ ടോസായിരുന്നു നോര്‍ക്കിയ പരീക്ഷിച്ചത്. ഡീപ്പ് എക്‌സ്ട്രാ കവറിനു മുകളിലൂടെ റിങ്കു ഇതു സിക്‌സറിലെത്തിച്ചു. 74 മീറ്ററായിരുന്നു ഷോട്ടിന്റെ ദൈര്‍ഘ്യം. അടുത്ത ബോളില്‍ ഡബിള്‍.

നാലാമത്തേത് ഒരു വൈഡ് ബോളായിരുന്നു. അടുത്ത ബോളില്‍ റിങ്കു വീണ്ടുമൊരു സിക്‌സര്‍ കണ്ടെത്തി. ഓഫ്സ്റ്റംപിനു പുറത്തൊരു ഫുള്‍ ടോസാണ് നോര്‍ക്കിയ ഒരിക്കല്‍ക്കൂടി പരീക്ഷിച്ചത്. ലോങ് ഓണിനു മുകളിലൂടെ റിങ്കു ഇതു സിക്സറിലേക്കു നയിക്കുകയും ചെയ്തു. അഞ്ചാമത്ത ബോളില്‍ താരം ബൗണ്ടറി കണ്ടെത്തി. വീണ്ടും അതേ ലൈനിലും ലെങ്ത്തിലും തന്നെയാണ് നോര്‍ക്കിയ ബൗള്‍ ചെയ്തത്. എക്‌സ്ട്രാ കവര്‍ ഏരിയയിലൂടെ ഫീല്‍ഡര്‍മാര്‍ക്ക് ഒരു പഴുതു നല്‍കാതെ റിങ്കുവിന്‍റെ ഷോട്ട് ബൗണ്ടറിയിലേക്കു ചീറിപ്പാഞ്ഞു.

RINKU RUSSEL

പക്ഷെ അവസാന ബോളില്‍ റിങ്കുവിനു വിക്കറ്റ് നഷ്ടമായി. ആഞ്ഞടിച്ച താരത്തെ മിഡ് ഓണില്‍ ഡേവിഡ് വാര്‍ണറാണ് പിടികൂടിയത്. എങ്കിലും അദ്ദേഹം തന്റെ ദൗത്യം പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു. ഓവര്‍ തുടങ്ങുമ്പോള്‍ 239 റണ്‍സെന്ന നിലയിലായിരുന്ന കെകെആറിനെ ഓവര്‍ കഴിഞ്ഞപ്പോഴേക്കും റിങ്കു 264 റണ്‍സിലെത്തിക്കുകയായിരുന്നു. നോര്‍ക്കിയ എറിഞ്ഞ 19ാം ഓവറില്‍ കെകെആറിനു ലഭിച്ചത് 25 റണ്‍സാണ്. ഇതില്‍ 24ഉം റിങ്കുവിന്റെ ബാറ്റില്‍ നിന്നായിരുന്നു.

ഈ പ്രകടനത്തോടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിങ്കു സ്ഥാനമുറപ്പിച്ചെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമുറപ്പാക്കിയ രണ്ടാമത്തെ താരമായി റിങ്കു സിങ് മാറി. മറ്റാരെയൊക്കെ തഴഞ്ഞാലും അദ്ദേഹത്തെ ഇന്ത്യ കണ്ടില്ലെന്നു നടിക്കരുത്. റിങ്കുവില്ലെങ്കില്‍ നഷ്ടം അദ്ദേഹത്തിനല്ലെന്നും മറിച്ച് ഇന്ത്യക്കാണെന്നും ആരാധര്‍ ചൂണ്ടിക്കാണിക്കുന്നു.

Story first published: Wednesday, April 3, 2024, 22:51 [IST]
Other articles published on Apr 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+