വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയക്കുതിപ്പ് തുടരുകയാണ്. ആദ്യത്തെ മൂന്ന് മത്സരത്തിലും തോല്‍വി അറിയാതെയാണ് കെകെആര്‍ കുതിക്കുന്നത്. അതേ സമയം ഡല്‍ഹി ക്യാപിറ്റല്‍സ് നാല് മത്സരത്തില്‍ 3ലും തോറ്റിരിക്കുകയാണ്. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 106 റണ്‍സിനാണ് ഡല്‍ഹി തോറ്റത്. ആദ്യം ബാറ്റു ചെയ്ത കെകെആര്‍ 7 വിക്കറ്റിന് 272 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 17.2 ഓവറില്‍ 166 റണ്‍സില്‍ ഓള്‍ഔട്ടായി.
ഡല്‍ഹി നായകന്‍ റിഷഭ് പന്തിന്റെ മണ്ടന്‍ തീരുമാനങ്ങള്‍ ടീമിന്റെ തോല്‍വിക്ക് കാരണമായെന്ന് പറയാം. ഇപ്പോഴിതാ ഈ തോല്‍വി അംഗീകരിക്കാനാവാത്തതാണെന്നും ഉള്‍ക്കൊള്ളാനാവാത്തതാണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിങ്. ടീമിന്റെ പിഴവിനെക്കുറിച്ചും പോണ്ടിങ് ചൂണ്ടിക്കാട്ടി.' ഇന്നത്തെ മത്സരത്തില്‍ സംഭവിച്ച പല കാര്യങ്ങളും അംഗീകരിക്കാനാവാത്തതാണ്. ടീമെന്ന നിലയില്‍ പല കാര്യങ്ങളും പദ്ധതിയിടുകയും ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ അതൊന്നും നടപ്പിലായില്ല. ചില കാര്യങ്ങള്‍ വളരെ വേഗത്തില്‍ ശരിയാക്കേണ്ടതായുണ്ട്' എന്നായിരുന്നു പോണ്ടിങ് പറഞ്ഞത്. ആദ്യ രണ്ട് മത്സരത്തിലെ തോല്‍വിക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് ഡല്‍ഹി പ്രതീക്ഷ നല്‍കിയെങ്കിലും കെകെആറിനോട് നാണംകെടുകയായിരുന്നു.
106 റണ്‍സിന്റെ വമ്പന്‍ തോല്‍വി വഴങ്ങിയതോടെ ഡല്‍ഹിയുടെ നെറ്റ് റണ്‍റേറ്റും ഇടിഞ്ഞിരിക്കുകയാണ്. ഡല്‍ഹിയുടെ തോല്‍വിക്ക് കാരണം ഒരു പരിധിവരെ നായകന്‍ റിഷഭ് പന്താണ്.
നായകനെന്ന നിലയില്‍ റിഷഭെടുത്ത മണ്ടന്‍ തീരുമാനങ്ങളും ലഭിച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതുമാണ് ഡല്‍ഹിയുടെ തോല്‍വിക്ക് കാരണം. സുനില്‍ നരെയ്‌നെ 24 റണ്‍സില്‍ പുറത്താക്കാന്‍ അവസരം ലഭിച്ചെങ്കിലും റിവ്യൂ ചെയ്യാന്‍ റിഷഭ് പന്ത് തയ്യാറാകാതെ ഇരുന്നതോടെ നരെയ്‌ന്റെ വിക്കറ്റ് അവസരം നഷ്ടമാവുകയും ഇത് മത്സരഫലം മാറ്റുകയുമായിരുന്നു. നരെയ്ന്‍ 39 പന്തില്‍ 85 റണ്‍സാണ് നേടിയത്. 7 വീതം ഫോറും സിക്‌സുമാണ് നരെയ്ന്‍ പറത്തിയത്.

217.94 സ്‌ട്രൈക്ക് റേറ്റിലാണ് നരെയ്ന്‍ കസറിയത്. ഇതാണ് കെകെആറിന് അടിത്തറ പാകിയത്. അന്‍ക്രിഷ് രഘുവന്‍ഷി 27 പന്തില്‍ 54 റണ്‍സും ആന്‍ഡ്രേ റസല്‍ 19 പന്തില്‍ 41 റണ്‍സും റിങ്കു സിങ് 8 പന്തില്‍ 26 റണ്‍സുമാണ് നേടിയത്.
റണ്ണൊഴുക്ക് തടയാനും മത്സരം പിടിക്കാനും നായകനെന്ന നിലയില്‍ റിഷഭിന് ഒന്നും ചെയ്യാനായില്ലെന്നതാണ് വസ്തുത. പ്രതീക്ഷ നല്‍കുന്ന ഒരോവര്‍ പോലും ഡല്‍ഹി ബൗളര്‍മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. അവസാന ഓവര്‍ എറിഞ്ഞ ഇഷാന്ത് ശര്‍മ ഞെട്ടിച്ചു.
ആന്‍ഡ്രേ റസലിനേയും രമന്‍ദീപ് സിങ്ങിനേയും അവസാന ഓവറില്‍ ഇഷാന്ത് പുറത്താക്കി. തിരിച്ചടിക്കാന്‍ കെല്‍പ്പുള്ള ബാറ്റിങ് നിരയായിരുന്നു ഡല്‍ഹിയുടേത്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ അവര്‍ക്കായില്ല. റിഷഭ് 25 പന്തില്‍ 55 റണ്‍സും ട്രിസ്റ്റന്‍ സ്റ്റബ്‌സ് 32 പന്തില്‍ 54 റണ്‍സുമാണ് നേടിയത്. റിഷഭ് 4 ഫോറും 5 സിക്‌സും പറത്തിയപ്പോള്‍ സ്റ്റബ്‌സ് 4 സിക്‌സും ഫോറുമാണ് നേടിയത്.
റിഷഭ് ബാറ്റ്‌സ്മാനെന്ന നിലയില്‍ തിരിച്ചുവരവ് നടത്തിയത് എല്ലാവര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. ഈ സീസണില്‍ രണ്ട് ഫിഫ്റ്റി നേടിയ റിഷഭ് വിക്കറ്റ് കീപ്പറെന്ന നിലയിലും ഞെട്ടിക്കുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യ റിഷഭിനെ പരിഗണിക്കാനും സാധ്യതയുണ്ട്.
എന്നാല്‍ ഡല്‍ഹിക്കൊപ്പം റിഷഭ് നായക റോളില്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതായുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്നതോടൊപ്പം നായകനെന്ന നിലയില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാനും റിഷഭിന് സാധിക്കണം. അല്ലാത്ത പക്ഷം വലിയ നാണക്കേടായി ഇത് മാറും.