ഐപിഎല്ലില്‍ എല്ലാവരും എഴുതിത്തള്ളിയ ഇടത്തു നിന്നും ഓരോ മല്‍സരം കഴിയുന്തോറും തങ്ങളുടെ പ്ലേഓഫ് പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരെന്ന നാണക്കേട് മണിക്കൂറുകള്‍ കൊണ്ടാണ് ആര്‍സിബി മായ്ച്ചു കളഞ്ഞിരിക്കുന്നത്. ഇതു കാരണം നാണംകെട്ടിരിക്കുന്നത് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സുമാണ്.
ആര്‍സിബിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനാണ് ഐപിഎല്‍ ഇപ്പോള്‍ സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായി ആറു കളികളില്‍ തോറ്റ് ഒരു സമയത്തു തകര്‍ച്ചയുടെ പടുകുഴിയിലായിരുന്നു ഫാഫ് ഡുപ്ലെസിയുടെ ടീം. പക്ഷെ ഇപ്പോള്‍ ചിത്രമാകെ മാറിയിരിക്കുകയാണ്. ഹാട്രിക്ക് വിജയവുമായി കുതിക്കുകയാണ് അവര്‍. വെറും നാലു മണിക്കൂറിനിടെയാണ് ലീഗിലെ അവസാന സ്ഥാനക്കാരില്‍ നിന്നും ആര്‍സിബി ഏഴാംസ്ഥാനത്തേക്കു കുതിച്ചുയര്‍ന്നത്. മറ്റു ടീമുകളെയാകെ ആര്‍സിബിയുടെ ഈ തിരിച്ചുവരവ് ഞെട്ടിച്ചിരിക്കുമെന്നുറപ്പാണ്.

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഹോംഗ്രൗണ്ടിലെ മല്‍സരം രാത്രി 7.30നു ആരംഭിക്കും മുമ്പ് വരെ ആറു പോയിന്‍റോടെ 10ാംസ്ഥാനത്തു നില്‍ക്കുകയായിരുന്നു ആര്‍സിബി. എന്നാല്‍ 10.45ന് നോക്കുമ്പോള്‍ അവരെ ഈ പൊസിഷനില്‍ കാണാന്‍ സാധിക്കില്ല. മാത്രമല്ല തൊട്ടുമുകളിലുള്ള രണ്ടു സ്ഥാനങ്ങളിലും ആര്‍സിബിയില്ല. പകരം ഏഴാംസ്ഥാനത്തിന്റെ പുതിയ അവകാശികളായി അവര്‍ മാറിയിരിക്കുകയാണ്.
ഇതോടെ മാനഹാനി നേരിട്ടത് മുംബൈയ്ക്കാണ്. നേരത്തേ ഒമ്പതാംസ്ഥാനത്തായിരുന്ന അവര്‍ അവസാന സ്ഥാനത്തേക്കു കുപ്പുകുത്തി. 11 കളിയില്‍ നിന്നും ആറു പോയിന്റ് മാത്രമേ മുംബൈയ്ക്കുള്ളൂ. യഥാര്‍ഥത്തില്‍ ജിടിക്കെതിരേ ജയിച്ചിരുന്നെങ്കില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാംസ്ഥാനത്തേക്കായിരുന്നു ആര്‍സിബി കയറേണ്ടിയിരുന്നത്. കാരണം അവര്‍ക്കു മുന്നിലുണ്ടായിരുന്ന ജിടി, പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കെല്ലാം എട്ടു പോയിന്റ് വീതമാണുള്ളത്.
ജിടിക്കെതിരേ ജയിച്ചാലും ആര്‍സിബിയുടെ അക്കൗണ്ടിലുണ്ടാവുക എട്ടു പോയിന്‍റാണ്. പക്ഷെ ഇവിടെയാണ് ആര്‍സിബി തന്ത്രം മാറ്റിയത്. ജിടിക്കെതിരേ പരമാവധി വേഗത്തില്‍ ജയിക്കാനായാല്‍ അതുവഴി നെറ്റ് റണ്‍റേറ്റ് നന്നായി മെച്ചപ്പെടുത്താമെന്ന് അവര്‍ മനസ്സിലാക്കി. തുടക്കത്തില്‍ തന്നെ ഈയൊരു പ്ലാനോടെയാണ് ആര്‍സിബി റണ്‍ചേസില്‍ ഇറങ്ങിയത്. 148 റണ്‍സിന്റെ വിജയലക്ഷ്യം വെറും 13.4 ഓവറില്‍ ആര്‍സിബി മറികടക്കുകയും ചെയ്തു.

സ്‌ഫോടനാത്മക ഇന്നിങ്‌സ് കളിച്ച നായകന്‍ ഡുപ്ലെസിയാണ് 67 (23 ബോള്‍, 10 ഫോര്‍, 3 സിക്‌സര്‍) അവരുടെ വിജയം ഇത്ര വേഗത്തിലാക്കാനും നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനും സഹായിച്ചത്. ഇതോടെ പഞ്ചാബ്, ജിടി എന്നിവര്‍ക്കൊപ്പം തുല്യ പോയിന്റായിരുന്നിട്ടും നെറ്റ് റണ്‍റേറ്റ് വളരയെധികം മെച്ചപ്പെടുത്താന്‍ ആര്‍സിബിയെ സഹായിച്ചു. അവരെ ഓവര്‍ടേക്ക് ചെയ്ത് ഇതു ആര്‍സിബിയെ ഏഴാംസ്ഥാനത്തേക്കും ഉയര്‍ത്തി. പഞ്ചാബ്, ജിടി എന്നിവര്‍ എട്ട്, ഒമ്പത് സ്ഥാനങ്ങളിലേക്കു വീഴുകയും ചെയ്തു.
നിലവില്‍ ഏഴാമതുണ്ടെങ്കിലും ആര്‍സിബിക്കു ഇപ്പോഴും പ്ലേഓഫ് ഉറപ്പില്ല. ശേഷിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ചാലും അവര്‍ക്കു പരമാവധി 14 പോയിന്റ് മാത്രമേ ലഭിക്കുകയുള്ളൂ. മുന്‍ സീസണുകള്‍ നോക്കിയാല്‍ ചുരുങ്ങിയത് 16 പോയിന്റെങ്കിലും ലഭിച്ചാല്‍ മാത്രമേ ഒരു ടീമിനു പ്ലേഓഫ് സാധ്യതയുള്ളൂ.
14 പോയിന്റാണ് നേടുന്നതെങ്കില്‍ മറ്റു ടീമുകളുടെ മല്‍സരഫലത്തിനായി ആര്‍സിബിക്കു കാത്തിരിക്കേണ്ടി വരും. ഒന്നിലേറെ ടീമുകള്‍ക്കു 14 പോയിന്റ് ലഭിക്കുകയാണെങ്കില്‍ അവിടെയാണ് നെറ്റ് റണ്‍റേറ്റ് നിര്‍ണായകമാവുക. ഈ കാരണത്താല്‍ തന്നെയാണ് ഓരോ കഴിയിലും പരമാവധി വേഗത്തില്‍ ജയിച്ച് നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തിക്കൊണ്ടിരിക്കാന്‍ ആര്‍സിബി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.