ഐപിഎല്ലിന്റെ 17ാം സീസണിനു മുന്നോടിയായുള്ള താരലേലം അവസാനിച്ചു കഴിഞ്ഞു. ഇനിയുള്ള രണ്ടു മാസങ്ങള്‍ ഫ്രാഞ്ചൈസികള്‍ക്കു തയ്യാറെടുപ്പിന്റെ സമയമാണ്. ഏറ്റവും മികച്ച ടീം കോമ്പിനേഷനും പ്ലെയിങ് ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്ന കളിക്കാരെയുമെല്ലാം ടീമുകള്‍ക്കു ഇതിനിടെ തീരുമാനിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ലേലത്തില്‍ 332 കളിക്കാരെ വില്‍പ്പനയ്ക്കു വച്ചിരുന്നെങ്കിലും ഇവരില്‍ 72 പേര്‍ക്കു മാത്രമേ വിവിധ ഫ്രാഞ്ചൈസികളില്‍ അവസരം ലഭിച്ചുള്ളൂ. ബാക്കിയുള്ളവരെല്ലാം അണ്‍സോള്‍ഡാവുകയായിരുന്നു.
ലേലത്തില്‍ ചുരുക്കം ചില ടീമുകള്‍ മാത്രമാണ് വലിയ നേട്ടമുണ്ടാക്കിയത്. മികച്ച നീക്കങ്ങളിലൂടെ കഴിവുറ്റ ചില കളിക്കാരെ ടീമിലേക്കു കൊണ്ടുവരാന്‍ ഇവര്‍ക്കു കഴിഞ്ഞു. ബാക്കിയുള്ളവരാവട്ടെ യാതൊരു പ്ലാനിങുമില്ലാതെ പലരെയും വാങ്ങി കോടികള്‍ കളഞ്ഞു കുളിക്കുകയും ചെയ്തു. ഈ തരത്തില്‍ ലേലത്തില്‍ പല അബദ്ധങ്ങളും കാണിച്ച് ദുരന്തമായി മാറിയ മൂന്നു ടീമുകള്‍ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.

ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് ഈ ലിസ്റ്റിലെ ഒരു ടീം. 28.95 കോടി രൂപയുമായാണ് ഡിസി ഈ ലേലത്തിനെത്തിയത്. ഇതു മോശമല്ലാത്ത തുകയുമായിരുന്നു. പക്ഷെ ലേലത്തില്‍ ഇതിന്റെ മൂന്നില്‍ രണ്ടു ഭാഗമാണ് ഡിസി ചെലവഴിച്ചത്. 9.9 കോടി രൂപ അവരുടെ പഴ്‌സില്‍ ബാക്കിയാവുകയും ചെയ്തു. ഈ തുക ടീം മെച്ചപ്പെടുത്തുന്നതിനായി ഡിസിക്കു വിനിയോഗിക്കാമായിരുന്നു.
ഫിറ്റ്‌നസ് വീണ്ടെടുത്തു കൊണ്ടിരിക്കുന്ന റിഷഭ് പന്ത് അടുത്ത സീസണില്‍ വിക്കറ്റ് കാക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ലേലത്തില്‍ പ്രധാനമായും ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ ഡിസി ലക്ഷ്യമിട്ടിരുന്നു. കൂടാതെ മല്‍സരം ഫിനിഷ് ചെയ്യാന്‍ സാധിക്കുന്ന ഇന്ത്യന്‍ മധ്യനിര ബാറ്ററെയും ഒരു വിദേശ മധ്യനിര ബാറ്ററെയും ഡിസിക്കു വേണ്ടിയിരുന്നു. പക്ഷെ ഇതില്‍ രണ്ടു സ്ലോട്ടുകളിലേക്കു മാത്രമേ താരങ്ങളെ വാങ്ങാന്‍ അവര്‍ക്കായുള്ളൂ.
നാലു കോടി രൂപയ്ക്കു ഹാരി ബ്രൂക്ക് മോശമല്ലാത്ത താരം തന്നെയാണ്. പക്ഷെ ഇതു കാരണം റിഷഭിനു ബാറ്റിങില്‍ താഴേക്കു ഇറങ്ങേണ്ടി വരും. 7.2 കോടി രൂപയ്ക്കു വിക്കറ്റ് കീപ്പര്‍ കുമാര്‍ കുശാഗ്രയെയും ഡിസി വാങ്ങിയിട്ടുണ്ട്. പക്ഷെ അനുഭവസമ്പത്ത് തീരെ കുറഞ്ഞ താരമാണ് അദ്ദേഹം.
പഴ്‌സിലുള്ള പണം നോക്കുമ്പോള്‍ ഷാരൂഖ് ഖാനെ തീര്‍ച്ചയായും ഡിസിക്കു വാങ്ങാന്‍ ശ്രമിക്കാമായിരുന്നു. ആറാം നമ്പറിലെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. പക്ഷെ ഡിസി വേണ്ടെന്നു വച്ച ഷാരൂഖിനെ 7.4 കോടി രൂപയ്ക്കു ഗുജറാത്ത് ടൈറ്റന്‍സ് വാങ്ങിക്കുകയായിരുന്നു.
പഞ്ചാബ് കിങ്‌സാണ് ലേലത്തില്‍ അബദ്ധങ്ങള്‍ കാണിച്ച രണ്ടാമത്തെ ടീം. 30 കോടിക്കടുത്ത് പഞ്ചാബിന്റെ പഴ്‌സിലുണ്ടായിരുന്നു. ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍, ബാക്കപ്പായി വിദേശ ബാറ്റര്‍, ഇന്ത്യന്‍ മധ്യനിര താരം എന്നിവയാണ് പഞ്ചാബിനു പ്രധാനമായും വേണ്ടിയിരുന്നത്.
11.75 കോടി രൂപയ്ക്കു ഹര്‍ഷല്‍ പട്ടേലിനെ അവര്‍ വാങ്ങിയിരുന്നു. ഡെത്ത് ഓവറുകളില്‍ വിക്കറ്റെടുക്കാനും ബാറ്റിങിലും മോശമല്ലാത്ത സംഭാവനകള്‍ നല്‍കാനും കഴിയുന്ന താരമാണ് ഹര്‍ഷല്‍. എന്നാല്‍ ഇതിലും നല്ല ഓപ്ഷനായിരുന്നു ശര്‍ദ്ദുല്‍ ടാക്കൂര്‍. അദ്ദേഹത്തെ വെറും നാലു കോടി രൂപയ്ക്കാണ് ചെന്നെ സൂപ്പര്‍ കിങ്‌സ് വാങ്ങിയത്.
ലേലത്തില്‍ കുറഞ്ഞ തുകയ്ക്കു തിരികെ വാങ്ങാമെന്ന ലക്ഷ്യത്തോടെയാണ് ഷാരൂഖ് ഖാനെ പഞ്ചാബ് കൈവിട്ടത്. പക്ഷെ ലേലത്തില്‍ ജിടിയോടു പൊരുതി ഒടുവില്‍ ഷാരൂഖിനെ കൈവിടുകയും ചെയ്തു. ലോവര്‍ ഓര്‍ഡറില്‍ വലിയ വിടവാണ് ഇതു കാരണം സംഭവിച്ചിരിക്കുന്നത്.
ലേലത്തില്‍ ആദ്യം വില്‍ക്കപ്പെടാതെ പോവുകയും പിന്നീട് വീണ്ടുമെത്തുകയും ചെയ്ത സൗത്താഫ്രിക്കന്‍ താരം റൈലി റൂസ്സോയ്ക്കായി എട്ടു കോടി രൂപ പഞ്ചാബ് മുടക്കി. ബാക്കപ്പ് ഓപ്ഷനായി ക്രിസ് വോക്‌സിനെ 4.2 കോടി രൂപയ്ക്കും പഞ്ചാബ് വാങ്ങിയിരുന്നു. എന്നാല്‍ പകരം ഷാരൂഖിനു വേണ്ടി കുറേക്കൂടി അവര്‍ക്കു ശ്രമിച്ചു നോക്കാമായിരുന്നു. പക്ഷെ അതു ചെയ്യാതെ പഞ്ചാബ് മണ്ടത്തരം കാണിക്കുകയും
ചെയ്തു.

റോായല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് ലേലത്തില്‍ ഫ്‌ളോപ്പായ മൂന്നാമത്തെ ടീം. കാമറൂണ്‍ ഗ്രീനിനെ 17.5 കോടി മുടക്കി ട്രേഡ് വിന്‍ഡോയില്‍ ടീമിലെത്തിച്ചതു കാരണം ടീമിനെ ഉടച്ചുവാര്‍ക്കാനുള്ള നല്ലൊരു അവസരം ആര്‍സിബി നേരത്തേ തന്നെ നഷ്ടപ്പെടുത്തിയിരുന്നു. ഇതു കാരണം ലേലത്തില്‍ മിച്ചെല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവരിലൊരാളെ വാങ്ങാനുമായില്ല.
മുന്‍ സീസണുകളേക്കാള്‍ മോശം ബൗളിങ് നിരയെയാണ് ഇത്തവണ ആര്‍സിബിക്കു ലഭിച്ചിരിക്കുന്നത്. വനിന്ദു ഹസരംഗ, ജോഷ് ഹേസല്‍വുഡ്, ഹര്‍ഷല്‍ എന്നിവരെ ലേലത്തിനു മുമ്പ് ആര്‍സിബി ഒഴിവാക്കിയിരുന്നു. ലേലത്തില്‍ 11.5 കോടിയാണ് വിന്‍ഡീസ് പേസര്‍ അല്‍സാറി ജോസഫിനായി ആര്‍സിബി മുടക്കിയത്.ഇതു അവരുടെ ആകെ ബഡ്ജറ്റിന്റെ പകുതിയോളമായിരുന്നു.
ഈ കാരണത്താല്‍ ജെറാള്‍ഡ് കോട്‌സി, ദില്‍ഷന്‍ മധുഷങ്ക എന്നിവരെയൊന്നും ആര്‍സിബിക്കു വാങ്ങാനായില്ല. യഷ് ദയാലിനായി അഞ്ചു കോടി മുടക്കുകയും ചെയ്തു. ആര്‍സിബിയുടെ ഇപ്പോഴത്തേ പേസ് നിര തീര്‍ത്തും ദുര്‍ബലമാണ്.
മാത്രമല്ല മികച്ചൊരു സ്പിന്നറും ടീമിലില്ല. കരണ്‍ ശര്‍മയും മായങ്ക് ഡഗറുമാണ് ആര്‍സിബിയുടെ സ്പിന്‍ ബൗളിങ് ഓപ്ഷനുകള്‍. ഈ ബൗളിങ് നിരയെ നോക്കിയാല്‍ അടുത്ത സീസണില്‍ ആര്‍സിബി റണ്‍സ് വാരിക്കോരി നല്‍കാന്‍ തന്നെയാണ് സാധ്യത.