ലോകോത്തര കളിക്കാരുടെ സാന്നിധ്യമുണ്ടായിട്ടും ഐപിഎല്ലില്‍ ഒരിക്കല്‍പ്പോലും കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഫൈനല്‍ വരെ ഒന്നിലേറെ തവണയെത്തിയെങ്കിലും കിരീടമെന്ന സ്വപ്‌നം വഴുതിപ്പോവുകയായിരുന്നു. വരാനിരിക്കുന്ന സീസണിലെങ്കിലും കിരീട വരള്‍ച്ചയ്ക്കു അറുതിയിടാനാണ് ഫഫ് ഡുപ്ലെസി നയിക്കുന്ന ആര്‍സിബിയുടെ ശ്രമം. ഈ മാസം 19നു ലേലം നടക്കാനിരിക്കെ ചില മികച്ച കളിക്കാരെ ടീമിലെത്തിക്കാനായാല്‍ മാത്രമേ ആര്‍സിബിക്കു ഇതിനു സാധിക്കുയുള്ളൂ.
ലേലത്തിനു മുന്നോടിയായി 11 കളിക്കാരെയാണ് ആര്‍സിബി ഒഴിവാക്കിയത്. ഇത്തവണ ഏറ്റവുമധികം താരങ്ങളെ കൈവിട്ട ഫ്രാഞ്ചൈസിയും അവര്‍ തന്നെയാണ്. ചില വമ്പന്‍ കളിക്കാരും ഇക്കൂട്ടത്തിലുണ്ട്. ശ്രീലങ്കയുടെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗ, ഓസ്‌ട്രേലിയയുടെ പ്രമുഖ പേസര്‍ ജോഷ് ഹേസല്‍വുഡ് തുടങ്ങിയവരെല്ലാം ഒഴിവാക്കിയവരുടെ ലിസ്റ്റിലുണ്ട്. അതുകൊണ്ടു തന്നെ ലേലത്തില്‍ ആര്‍സിബിക്കു ഈ വിടവുകള്‍ നികത്തേണ്ടതും ആവശ്യമാണ്.

ലേലത്തിനു മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ നിന്നും ഓസ്‌ട്രേലിയയുടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ വാങ്ങി ആര്‍സിബി എല്ലാവരെയും ഞെട്ടിച്ചിരുന്നു. 17.5 കോടി രൂപയാണ് ഇതിനായി ആര്‍സിബി മുടക്കിയത്. കഴിഞ്ഞ സീസണില്‍ മുംബൈയ്‌ക്കൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയ ഗ്രീന്‍ 453 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ഒരു സെഞ്ച്വറിയുള്‍പ്പെടെയായിരുന്നു ഇത്. മുംബൈ ഉപയോഗിച്ചതു പോലെ ആര്‍സിബിക്കു അടുത്ത സീസണില്‍ ഗ്രീനിനെ നന്നായി പ്രയോജനപ്പെടുത്താന്‍ കഴിയുമോയെന്നതാണ് ചോദ്യം.
2022ലെ ഐപിഎല്ലില്‍ ഫിനിഷറുടെ റോളില്‍ കസറിയെങ്കിലും ദിനേശ് കാര്‍ത്തിക് കഴിഞ്ഞ സീസണില്‍ ഫ്‌ളോപ്പായിരുന്നു. വെറും 140 റണ്‍സ് മാത്രമാണ് സീസണില്‍ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്. വരും സീസണില്‍ ഡിക്കെയ്ക്കു വീണ്ടും ഫിനിഷറുടെ റോള്‍ നല്‍കി റിസ്‌ക്കെടുക്കാന്‍ ആര്‍സിബി തയ്യാറാവില്ല.
മറ്റൊരു മികച്ച താരത്തെ ഫിനിഷറായി അവര്‍ക്കു ആവശ്യമാണ്. ആറ്, ഏഴ് നമ്പറുകളിലേക്കു ആര്‍സിബിക്കു ഏറ്റവും അനുയോജ്യനായ താരമാണ് വമ്പനടിക്കാരനായ ഷാരൂഖ് ഖാന്‍. ലേലത്തില്‍ അദ്ദേഹത്തെ തീര്‍ച്ചയായും ആര്‍സിബിക്കു നോട്ടമിടാം. ഫിനിഷറായി ഗ്രീനിനെ പരീക്ഷിക്കുകയെന്നതും മോശമല്ലാത്ത ഒരു ഓപ്ഷനാണ്.
പക്ഷെ കഴിഞ്ഞ സീസണില്‍ മുംബൈയ്‌ക്കൊപ്പമുള്ള പ്രകടനങ്ങള്‍ നോക്കുമ്പോള്‍ മുന്‍നിരയാണ് അദ്ദേഹത്തിനു കൂടുതല്‍ യോജിച്ചതെന്നു കാണാം. ഡുപ്ലെസി, വിരാട് കോലി, രജത് പാട്ടിധര്‍, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ക്കൊപ്പം ഗ്രീനും ചേരുന്നതോടെ ആര്‍സിബിയുടെ ടോപ്പ് ഫൈവിനെക്കുറിച്ച് ചിത്രം തെളിയും. റണ്ണൊഴുകുന്ന പിച്ചുകളില്‍ ഗ്രീനിനെ മൂന്നാം നമ്പറില്‍ പരീക്ഷിക്കുന്നതും ടീമിനു ഗുണം ചെയ്‌തേക്കും.

ബൗളിങിലേക്കു വന്നാല്‍ മുഹമ്മദ് സിറാജും ഡേവിഡ് വില്ലിയും മാത്രമാണ് പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ചവര്‍. മൂന്നു ബൗളിങ് ഓപ്ഷനുകള്‍ കൂടി ആര്‍സിബിക്കു ഇനി ആവശ്യമാണ്. പഴ്‌സില്‍ 23.50 കോടി ബാക്കിയുള്ളതിനാല്‍ മികച്ച ബൗളര്‍മാരെ ലേലത്തില്‍ അവര്‍ക്കു നോട്ടമിടാം. പ്രത്യേകിച്ചും ഡെത്ത് ഓവറിലെ ബൗളിങ് അവര്‍ക്കു എല്ലാ കാലത്തും ഒരു പ്രശ്‌നമാണ്.
മുന്‍ താരമായിരുന്ന ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനായി ലേലത്തില്‍ എത്ര വലിയ തുക മുടക്കാനും ആര്‍സിബി മടിച്ചേക്കില്ല. സ്റ്റാര്‍ക്കിനെ തിരികെ കൊണ്ടുവരാനായാല്‍ അതു അവര്‍ക്കു വലിയ ആത്മവിശ്വാസം നല്‍കും. 2014-15 സീസണുകളില്‍ ആര്‍സിബിക്കായി കളിച്ച അദ്ദേഹം 34 വിക്കറ്റുകളുമെടുത്തിരുന്നു. സൗത്താഫ്രിക്കയുടെ ജെറാള്‍ഡ് കോട്‌സിയായിരിക്കും ആര്‍സിബി നോട്ടമിടുന്ന മറ്റൊരു ഫാസ്റ്റ് ബൗളര്‍.