ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നിര്‍ഭാഗ്യവാന്മാരുടെ നിരയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഫഫ് ഡുപ്ലെസിസ് തുടങ്ങി പല പ്രമുഖരും കളിച്ചിട്ടുള്ള ടീമാണ് ആര്‍സിബി. എന്നാല്‍ 16 സീസണ്‍ കളിച്ചിട്ടും കപ്പിലേക്കെത്താനുള്ള ഭാഗ്യം അവര്‍ക്കുണ്ടായിട്ടില്ല. ഇത്തവണയും ശക്തമായ താരനിര ആര്‍സിബിക്കുണ്ട്. എന്നാല്‍ കിരീടത്തിലേക്കെത്താനുള്ള ഭാഗ്യമുണ്ടാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
ഇപ്പോഴിതാ 17ാം സീസണിന് മുമ്പ് നിര്‍ണ്ണായകമായ പേരുമാറ്റത്തിന് തയ്യാറെടുക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ബംഗളൂരു ആസ്ഥാനമായുള്ള ടീമാണ് ആര്‍സിബി. എന്നാല്‍ ഇപ്പോഴും ബാംഗ്ലൂര്‍ എന്നാണ് ടീമിന്റെ പേരിനൊപ്പമുള്ളത്. പുതിയ സീസണിന് മുമ്പ് ഇത് ബംഗളൂരു എന്നാക്കാനാണ് ആര്‍സിബി പദ്ധതിയിടുന്നത്. ഈ മാറ്റം ഭാഗ്യം കൊണ്ടുവരുമോയെന്നാണ് ആര്‍സിബി ഉറ്റുനോക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനം വരേണ്ടിയിരിക്കുന്നു.
ഇത്തവണ കന്നിക്കിരീടത്തിലേക്കെത്താനുള്ള ടീം കരുത്ത് ആര്‍സിബിക്കുണ്ട്. ടീമിന്റെ ബാറ്റിങ് നിരയിലേക്ക് വരുമ്പോള്‍ ഫഫ് ഡുപ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരാണ് ശക്തി. മൂന്ന് പേരും മാച്ച് വിന്നര്‍മാരായാവരും വമ്പന്‍ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്നവരുമാണ്. എന്നാല്‍ നിര്‍ണ്ണായക മത്സരങ്ങളില്‍ ആര്‍സിബിയെ ദൗര്‍ഭാഗ്യം വേട്ടയാടാറുണ്ട്. ഇത്തവണ വിരാട് കോലി ഐപിഎല്‍ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
കോലി കളിക്കാതിരുന്നാല്‍ ആര്‍സിബിക്കത് നികത്താനാവാത്ത വിടവായിരിക്കും. മാക്‌സ് വെല്ലിന്റെ സ്ഥിരതയും പ്രശ്‌നമാണ്. ഫോമാകുന്ന മത്സരങ്ങളില്‍ കത്തിക്കയറുമെങ്കിലും എല്ലാ മത്സരത്തിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മാക്‌സ് വെല്ലെന്ന് പറയാനാവില്ല. രജത് പാട്ടീധാറിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. അനൂജ് റാവത്തില്‍ നിന്നും അത്ഭുതം പ്രതീക്ഷിക്കാനാവില്ല. ഫിനിഷര്‍ റോളില്‍ ദിനേഷ് കാര്‍ത്തികിന് പഴയ മികവ് അവകാശപ്പെടാനാവില്ല.

ഇത്തവണ ആര്‍സിബിക്ക് വലിയ പ്രതീക്ഷ നല്‍കുന്നത് കാമറൂണ്‍ ഗ്രീനിന്റെ വരവാണ്. മുംബൈ ഇന്ത്യന്‍സ് വിട്ട് എത്തുന്ന ഗ്രീനിന്റെ ഓള്‍റൗണ്ട് പ്രകടനത്തില്‍ ആര്‍സിബി വലിയ പ്രതീക്ഷവെക്കുന്നു. എന്നാല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഗ്രീന്‍ തല്ലുകൊള്ളി ബൗളറായി മാറാനാണ് സാധ്യത. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരം സമീപകാലത്തായി ഓസീസിനായി കസറുന്നുണ്ട്. ഇത് ആര്‍സിബിക്ക് പ്രതീക്ഷ നല്‍കുന്നു.
എന്നാല്‍ ഇത്തവണയും ആര്‍സിബിയുടെ ബൗളിങ് നിര വലിയ കരുത്തുള്ളവരുടേതാണെന്ന് പറയാനാവില്ല. മുഹമ്മദ് സിറാജാണ് പേസ് നിരയെ നയിക്കുന്നത്. ലോക്കി ഫെര്‍ഗൂസന്‍, അല്‍സാരി ജോസഫ്, യാഷ് ദയാല്‍ ആകാശ് ദീപ്, റീസ ടോപ്ലി, ടോം കറെന്‍ എന്നിവരെല്ലാമാണ് ആര്‍സിബിയുടെ പ്രധാന ബൗളര്‍മാര്‍. എന്നാല്‍ ഇവര്‍ക്കൊന്നും ടി20യില്‍ വലിയ റെക്കോഡ് അവകാശപ്പെടാനാവില്ല. ചിന്നി സ്വാമിയിലെ റണ്ണൊഴുകുന്ന മൈതാനത്ത് ഇവര്‍ തല്ലുകൊള്ളാനാണ് സാധ്യത.
സ്പിന്‍ നിരയില്‍ കരണ്‍ ശര്‍മയും ശരാശരി മാത്രം. മിക്ക സീസണിലും ആര്‍സിബിയെ പിന്നോട്ടടിക്കുന്നത് ടീമെന്ന നിലയില്‍ അവസരത്തിനൊത്ത് ഉയരാത്തതാണ്. വിരാട് കോലി, ഫഫ് ഡുപ്ലെസിസ് എന്നിവര്‍ മാത്രം സ്ഥിരതയോടെ മികവ് കാട്ടിയാല്‍ ആര്‍സിബിക്ക് കപ്പടിക്കാനാവില്ല. നിര്‍ണ്ണായക മത്സരങ്ങളില്‍ ആരും അവസരത്തിനൊത്ത് ഉയരാത്തതും ആര്‍സിബിയെ പിന്നോട്ടടിക്കുന്നു. ഇത്തവണ പേരുമാറ്റുമ്പോള്‍ ഭാഗ്യം ടീമിനെ തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബി ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് നേരിടുന്നത്. ചെന്നൈയുടെ തട്ടകത്തിലാണ് ഈ മത്സരം. ആര്‍സിബിയുടെ മറ്റ് എതിരാളികള്‍ പഞ്ചാബ് കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സുമാണ്. ആദ്യം പ്രഖ്യാപിച്ചിരിക്കുന്നത് ഈ ഷെഡ്യൂളാണ്. ഈ മത്സരങ്ങളിലെല്ലാം ജയിക്കാനായാല്‍ ആര്‍സിബിക്കത് വലിയ ഊര്‍മാവും. അല്ലാത്ത പക്ഷം വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും.