Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സിറാജ് മുംബൈയിലേക്ക്! പകരം രോഹിത് ആര്‍സിബിയിലേക്ക്- റിപ്പോര്‍ട്ട് വൈറല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. എന്നാല്‍ താരലേലം അവസാനിച്ചെങ്കിലും കൂടുമാറ്റ സാധ്യതകള്‍ ഇനിയും ശേഷിക്കുന്നു. രണ്ട് ഫ്രാഞ്ചൈസികള്‍ തമ്മില്‍ താരങ്ങളെ കൈമാറുന്നതിന് ഇപ്പോഴും തടസമില്ല. പല ടീമുകള്‍ക്കുള്ളിലും കലഹം രൂക്ഷമാണെന്നാണ് വിവരം. മുന്‍ ചാമ്പ്യന്മാരും കരുത്തരുടെ നിരയുമായ മുംബൈ ഇന്ത്യന്‍സിനുള്ളില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല.

ഹാര്‍ദിക് പാണ്ഡ്യയെ മുംബൈയിലേക്ക് തിരിച്ചെത്തിച്ചതും രോഹിത് ശര്‍മയെ അപ്രതീക്ഷിതമായി നായകസ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തത് ടീമിനുള്ളില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെ മറികടന്നാണ് ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ നായകനാക്കിയത്. അതുകൊണ്ടുതന്നെ ടീമിനുള്ളില്‍ കലഹം രൂക്ഷം. നായകസ്ഥാനത്ത് നിന്ന് മാറ്റിയതില്‍ രോഹിത് ശര്‍മക്കും അതൃപ്തിയുണ്ടെന്നാണ് സൂചന.

ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം മുഹമ്മദ് സിറാജിനെ കൈമാറി പകരം രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് വാങ്ങാന്‍ ആര്‍സിബി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ആര്‍സിബി പേസറായ സിറാജ് സമീപകാലത്തായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. തകര്‍ന്ന ഹൃദയത്തിന്റെ ചിത്രം സിറാജ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇത് അദ്ദേഹത്തെ ആര്‍സിബി ഒഴിവാക്കാന്‍ തീരുമാനിച്ചതിലുള്ള നിരാശയാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഈ റിപ്പോര്‍ട്ട് വൈറലായിക്കഴിഞ്ഞു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എത്രത്തോളമെന്നതാണ് കണ്ടറിയേണ്ടത്. ആര്‍സിബി സിറാജിനെ വിടാന്‍ യാതൊരു സാധ്യതയുമില്ല. ഇത്തവണയും ആര്‍സിബിയുടെ ബൗളിങ് നിര അല്‍പ്പം ദുര്‍ബലമായാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ സിറാജിനെ കൈവിട്ടാല്‍ ടീമിനത് വലിയ തിരിച്ചടിയായി മാറിയേക്കും. ഇക്കാരണത്താല്‍ത്തന്നെ സിറാജിനെ കൈവിടാന്‍ ആര്‍സിബി തയ്യാറായേക്കില്ലെന്ന് തന്നെ വിലയിരുത്താം.

rohit sharma, hardik pandya

മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റിയാലും രോഹിത്തിന് ടീമില്‍ നിര്‍ണ്ണായക സ്ഥാനം നല്‍കിയേക്കും. അതുകൊണ്ടുതന്നെ ഇപ്പോള്‍ രോഹിത്ത് മുംബൈ വിടാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ ഈ സീസണിന് ശേഷം രോഹിത് മുംബൈ വിടാന്‍ സാധ്യതയുണ്ട്. രോഹിത്തിനെ മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ കൂടുമാറ്റ റിപ്പോര്‍ട്ടുകള്‍ സജീവമാണ്. രോഹിത്തിനെയും ജസ്പ്രീത് ബുംറയേയും സിഎസ്‌കെ വാങ്ങുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍ സിഎസ്‌കെ ഇക്കാര്യം തള്ളിക്കളഞ്ഞിട്ടുണ്ട്. വരുന്ന സീസണില്‍ രോഹിത് മുംബൈയിലും സിറാജ് ആര്‍സിബിയിലും തുടരുമെന്നുറപ്പാണ്. മുംബൈ ഇത്തവണ മികച്ച ബൗളര്‍മാരെ ഒപ്പം കൂട്ടിയിട്ടുണ്ട്. ജോഫ്രാ ആര്‍ച്ചറെ ഒഴിവാക്കിയ മുംബൈ ദക്ഷിണാഫ്രിക്കയുടെ ജെറാള്‍ഡ് കോയിറ്റ്‌സിയെ അഞ്ച് കോടിക്ക് ടീമിലേക്കെത്തിച്ചു. ശ്രീലങ്കയുടെ ഇടം കൈയന്‍ പേസര്‍ ദില്‍ഷന്‍ മധുശന്‍കയും മുംബൈയിലേക്കെത്തിയിട്ടുണ്ട്. സ്പിന്‍ ഓള്‍റൗണ്ടറായി മുഹമ്മദ് നബിയെ ഒപ്പം കൂട്ടിയ മുംബൈ സ്പിന്‍ നിരയിലേക്ക് ശ്രേയസ് ഗോപാലിനെയും എത്തിച്ചു.

അതേ സമയം ആര്‍സിബിയുടെ ബൗളിങ് നിര ഇത്തവണയും നിര്‍ബലമാണ്. അല്‍സാരി ജോസഫിനെ 11.5 കോടിക്ക് വാങ്ങിയ ആര്‍സിബി യാഷ് ദയാലിന് അഞ്ച് കോടിയാണ് മുടക്കിയത്. ലോക്കി ഫെര്‍ഗൂസന്‍, ടോം കറെന്‍ എന്നിവരേയും ബൗളിങ് നിരയിലേക്ക് ആര്‍സിബി പരിഗണിച്ചിട്ടുണ്ട്. ഇവരെല്ലാം തല്ലുകൊള്ളി ബൗളര്‍മാരാണെന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ടുതന്നെ ഇത്തവണയും ആര്‍സിബി പ്രയാസപ്പെടാനാണ് സാധ്യത കൂടുതല്‍.

മുംബൈയെ സംബന്ധിച്ച് 2020ന് ശേഷം കപ്പില്ല. സിഎസ്‌കെ അഞ്ച് തവണ കിരീടം നേടി മുംബൈക്കൊപ്പമെത്തുകയും ചെയ്തു. ഇതാണ് രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ നായകനാക്കാന്‍ മുംബൈ തീരുമാനിക്കാനുള്ള കാരണം. ടീമിന്റെ ഭാവി വിലയിരുത്തുമ്പോള്‍ മികച്ച തീരുമാനമായി ഇതിനെ വിലയിരുത്താം. ഗുജറാത്തിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്യാന്‍ ഹാര്‍ദിക്കിനായി. ഈ മികവ് മുംബൈക്കൊപ്പം ആവര്‍ത്തിക്കാന്‍ ഹാര്‍ദിക്കിനാവുമോയെന്നത് കണ്ടറിയാം.

Story first published: Thursday, December 21, 2023, 19:04 [IST]
Other articles published on Dec 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+