കന്നി ഐപിഎല്‍ ട്രോഫിക്കു വേണ്ടിയുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കാത്തിരിപ്പ് ഈ സീസണിലും അവസാനിക്കില്ലെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സുമായുള്ള കഴിഞ്ഞ ഹോം മാച്ചില്‍ ആര്‍സിബി ഏഴു വിക്കറ്റിന്റെ കനത്ത പരാജയമേറ്റു വാങ്ങിയതിനു പിന്നാലെയാണ് അദ്ദേഹം തുറന്നടിച്ചത്.
182 റണ്‍സെന്ന ജയിക്കാവുന്ന ടോട്ടല്‍ നേടിയിട്ടും അതു പ്രതിരോധിക്കാന്‍ സാധിക്കാതെയാണ് ഫാഫ് ഡുപ്ലെസിയുടെ ടീം ഏഴു വിക്കറ്റിന്റെ തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. വിജയലക്ഷ്യം 17 ഓവറിനുള്ളില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ കെകെആര്‍ മറികടക്കുകയും ചെയ്തിരുന്നു. ഈ സീസണില്‍ ഹോംഗ്രൗണ്ടില്‍ പരാജയമേറ്റു വാങ്ങിയ ആദ്യത്തെ ടീമായും ആര്‍സിബി മാറിയിരുന്നു.

എക്‌സിലൂടെയാണ് ആര്‍സിബിയെ വോന്‍ വിമര്‍ശിച്ചത്. ഈ ബൗളിങ് ആക്രമണം വച്ച് ആര്‍സിബിക്കു ഐപിഎല്ലില്‍ കിരീടം നേടുക അസാധ്യമാണെന്നായിരുന്നു അദ്ദേഹം ആഞ്ഞടിച്ചത്. ആറു ബൗളര്‍മാരെയാണ് കെകെആറിനെതിരേ ആര്‍സിബി പരീക്ഷിച്ചത്.
ഇവര്‍ക്കൊന്നും കെകെആര്‍ ബാറ്റിങ് നിരയില്‍ യാതൊരു ചലനവുമുണ്ടാക്കാന്‍ സാധിച്ചില്ല. അല്‍സാറി ജോസഫായിരുന്നു ആര്‍സിബി ബൗളിങ് നിരയിലെ ഏറ്റവും വലിയ ഫ്‌ളോപ്പ്. രണ്ടോവറില്‍ വിക്കറ്റില്ലാതെ 34 റണ്‍സ് അദ്ദേഹം വാരിക്കോരി നല്‍കി. 17 ആയിരുന്നു ഇക്കോണമി റേറ്റ്. മുഹമ്മദ് സിറാജും വന്‍ പരാജയമായിരുന്നു. വിക്കറ്റൊന്നുമില്ലാതെ 46 റണ്‍സാണ് മൂന്നോവറില്‍ അദ്ദേഹം വിട്ടുകൊടുത്തത്. ഇക്കോണമി റേറ്റ് 15.30 ആയിരുന്നു.
യഷ് ദയാല്‍ നാലോവറില്‍ 11.50 ഇക്കോണമി റേറ്റില്‍ 46 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. മായങ്ക് ഡാഗര്‍ 2.5 ഓവറില്‍ 23 റണ്‍സിനു ഒരു വിക്കറ്റും വിജയ്കുമാര്‍ വൈശാഖ് നാലോവറില്‍ 23 റണ്‍സിനു ഒരു വിക്കറ്റും വീഴ്ത്തി. കാമറൂണ്‍ ഗ്രീന്‍ ഒരോവറില്‍ വിക്കറ്റില്ലാതെ ഏഴു റണ്‍സും വഴങ്ങി. കെകെആറിന്റെ ബാറ്റിങ് നിരയെ അല്‍പ്പമെങ്കിലും പിടിച്ചുനിര്‍ത്താനായത് വൈശാഖിനു മാത്രമാണ്.
മല്‍സരശേഷം വൈശാഖിനെ ആര്‍സിബി ക്യാപ്റ്റന്‍ ഡുപ്ലെസി അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇംപാക്ട് പെയറായി ഇറങ്ങിയാണ് താരം മികച്ച രീതിയില്‍ ബൗള്‍ ചെയ്തത്. ഇംപാക്ട് പ്ലെയറായി ആദ്യം സ്പിന്നര്‍ കരണ്‍ ശര്‍മയെ ഇറക്കാനാണ് ടീം പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പിന്നീട് ഇതു മാറ്റുകയായിരുന്നുവെന്നുമാണ് ഡുപ്ലെസി പറഞ്ഞത്.

വളരെ മികച്ചതായിരുന്നു വൈശാഖിന്റെ ബൗളിങ് പ്രകടനം. അവനു വേണ്ടത്ര അവസരം കിട്ടിയിരുന്നില്ല. ആദ്യ ഇന്നിങ്‌സ് നോക്കിയപ്പോള്‍ കരണ്‍ ശര്‍മയെ ഇംപാക്ട് പ്ലെയറായി ഇറക്കാമെന്നായിരുന്നു ഞങ്ങള്‍ ആലോചിച്ചത്. പക്ഷെ ഈ പിച്ചില്‍ കൂടുതല്‍ നന്നായി സ്ലോ ബോളുകളെറിയാന്‍ സാധിക്കുന്ന ഒരു ഫാസ്റ്റ് ബൗളറായിരിക്കും കൂടുതല്‍ ഇംപാക്ടുണ്ടാക്കുകയെന്നു ഞങ്ങള്‍ക്കു ബോധ്യമായി.
ആന്ദ്രെ റസ്സല്‍ അദ്ദേഹത്തിന്റെ ഓവറിലെ 80 ശതമാനം ബോളുകളും കട്ടറുകളാണ് പരീക്ഷിച്ചത്. അതില്‍ നിന്നും പാഠമുള്‍ക്കൊണ്ടാണ് ഞങ്ങള്‍ വൈശാഖിനെ കളിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ കളിയില്‍ ഞങ്ങളുടെ ഏറ്റവും മികച്ച ബൗളറായി അവന്‍ മാറുകയും ചെയ്തതായു ഡുപ്ലെസി വിശദമാക്കി.
ഈ സീസണിലെ മൂന്നു റൗണ്ടുകള്‍ കളിച്ചുകഴിഞ്ഞപ്പോള്‍ ആര്‍സിബിക്കു ജയിക്കാനയത് ഒന്നില്‍ മാത്രമാണ്. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു തോറ്റ അവര്‍ രണ്ടാം റൗണ്ടില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചിരുന്നു. രണ്ടു പോയിന്റുമായി ലീഗില്‍ ആറാമതാണ് ആര്‍സിബി. ഏപ്രില്‍ രണ്ടിനു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായിട്ടാണ് ആര്‍സിബിയുടെ അടുത്ത മല്‍സരം.