ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഫ്‌ളോപ്പായതിനു പിന്നാലെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ കോച്ച് രവി ശാസ്ത്രി. കളിക്കിടെ കമന്ററി പറയവെയാണ് ഇന്നിങ്‌സിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. ചെപ്പോക്കില്‍ നടന്ന കളിയില്‍ 15 റണ്‍സ് മാത്രമേ സഞ്ജുവിനു സകോര്‍ ചെയ്യാനായുള്ളൂ. 19 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഒരു ഫോറോ, സിക്‌സറോ പോലും ഇല്ലായിരുന്നു.
ബാറ്റിങ് ദുഷ്‌കരമായിരുന്ന പിച്ചില്‍ സഞ്ജുവടക്കം റോയല്‍സ് നിരയിലെ എല്ലാവരും റണ്‍സ് നേടാന്‍ പാടുപെടുന്നതാണ് കണ്ടത്. ബാറ്റിങ് കടുപ്പമായ പിച്ചുകളില്‍ സഞ്ജു ബാറ്റ് ചെയ്യാന്‍ നേരത്തേയും വിഷമിച്ചിട്ടുണ്ടെന്നാണ് ശാസ്ത്രി ചൂണ്ടിക്കാട്ടുന്നത്. എനിക്കു സഞ്ജു സാംസണിനെ ഇഷ്ടമാണ്. പക്ഷെ പിച്ച് ബാറ്റിങിനു അനുകൂലമല്ലാതിരിക്കുമ്പോള്‍ ഇതാണ് അദ്ദേഹത്തിനു സംഭവിക്കുന്നത്. ടി20 ലോകകപ്പില്‍ സഞ്ജുവിന്റെ സെലക്ഷനെക്കുറിച്ച് ഇതിനകം താന്‍ ഭയപ്പെട്ടു തുടങ്ങിയെന്നാണ് കമന്ററിക്കിടെ ശാസ്ത്രി പറഞ്ഞത്.

വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായിട്ടാണ് അടുത്ത മാസം ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. ഇവിടെയുള്ള പിച്ചുകള്‍ സ്ലോയാവുമെന്നും ബാറ്റിങ് അത്ര എളുപ്പമാവില്ലെന്നുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ കാരണത്താല്‍ തന്നെയാണ് സിഎസ്‌കെയ്‌ക്കെതിരേ സഞ്ജു ഫ്‌ളോപ്പായി മാറിയതില്‍ ശാസ്ത്രി ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.
സിഎസ്‌കെയ്‌ക്കെതിരേ പവര്‍പ്ലേയ്ക്കു പിന്നാലെ ഏഴാം ഓവറിലാണ് സഞ്ജു ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത്. ഓവറിലെ രണ്ടാമത്തെ ബോളില്‍ യശസ്വി ജയ്‌സ്വാളിനെ (24) സിമര്‍ജീത്ത് സിങ് മടക്കുകയായിരുന്നു. ഓഫ് സ്റ്റംപ് ഏരിയയില്‍ ഷോര്‍ട്ട് ബോളാണ് സിമര്‍ജീത്ത് എറിഞ്ഞത്. ജയ്‌സ്വാള്‍ ഒരു പുള്‍ ഷോട്ടിനു ശ്രമിക്കുകയായിരുന്നു. എന്നാല്‍ ടോപ് എഡ്ജായ ബോള്‍ നേരെ ആകാശത്തേക്കുയരുകയും ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് കവര്‍ ഏരിയയില്‍ നിന്നും മുന്നിലേക്കു ഓടിക്കയറി ക്യാച്ചെടുക്കുകയുമായിരുന്നു
റോയല്‍സ് സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ 43 റണ്‍സാണുണ്ടായിരുന്നത്. ക്രീസിലെത്തിയ സഞ്ജു ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ടീമിനെ മികച്ചൊരു ടോട്ടലിലെത്തിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോവാനാണ് അദ്ദേഹം ശ്രമിച്ചത്. വലിയ ഒരു ഷോട്ട് പോലും സഞ്ജു കളിച്ചില്ല. മുന്‍ മല്‍സരങ്ങളിലെല്ലാം മികച്ച ഗ്രൗണ്ട് ഷോട്ടുകളിലൂടെ ബൗണ്ടറികള്‍ നേടിയിട്ടുള്ള അദ്ദേഹത്തിനു ഇത്തവണ അതിനു കഴിഞ്ഞില്ല.

ജോസ് ബട്‌ലറിനൊപ്പം ഒരു കൂട്ടുകെട്ടുണ്ടാക്കാന്‍ സഞ്ജു ശ്രമിച്ചെങ്കിലും ഒമ്പതാം ഓവറില്‍ ബട്‌ലര്‍ പുറത്തായി. തുടര്‍ന്നു റിയാന്‍ പരാഗ് ക്രീസില്‍. പക്ഷെ സഞ്ജു അപ്പോഴും സിംഗിളും ഡബിളുമെടുത്ത് ബാറ്റിങ് തുടര്‍ന്നു. 15ാം ഓവര്‍ വരെ ഒരു റിസ്‌ക്കി ഷോട്ടിനും അദ്ദേഹം തുനിഞ്ഞില്ല. ഒടുവില്‍ സിമര്‍ജീത്ത് എറിഞ്ഞ 15ാം ഓവറില്‍ റിസ്‌ക്കെടുക്കാന് സഞ്ജു നിര്‍ബന്ധിതനായി തീര്‍ന്നു. അതു വിക്കറ്റിലും കലാശിച്ചു.
ഓഫ്സ്റ്റംപിന് പുറത്തേക്കു വന്ന ബോളില്‍ സഞ്ജു ആഞ്ഞുവീശിയെങ്കിലും പ്രതീക്ഷിച്ചതു പോലെ കണക്ടായില്ല. മിഡ് ഓഫില്‍ നേരെ ഗെയ്ക്വാദിന്റെ കൈകളിലേക്കാണ് ബോള്‍ വന്നത്. അദ്ദേഹം അതു കൈയ്ക്കുള്ളിലാക്കിയതോടെ സഞ്ജു നിരാശനായി ക്രീസ് വിടുകയും ചെയ്തു.
അതേസമയം, ഈ കളിയില്‍ നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവിനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മികച്ച സീസണുകളിലൊന്നായി ഇത് മാറിയിരിക്കുകയാണ്. 12 മല്‍സരങ്ങളില്‍ നിന്നും 60.75 ശരാശരിയില്‍ 158.30 സ്‌ട്രൈക്ക് റേറ്റില്‍ 486 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു കഴിഞ്ഞു. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്കു സഞ്ജുവിനു വഴി തുറന്നതും ഈ പ്രകടനം തന്നെയാണ്.